സ്ത്രീ സമൂഹത്തെ അപമാനിച്ച ദുര്‍ഗാദാസിനെതിരേ കേസെടുക്കണം: വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

ഒരു മതസമൂഹത്തോടുള്ള വംശീയവിദ്വേഷം ഭൂമിയിലെ മാലാഖമാരെന്നറിയപ്പെടുന്ന നഴ്‌സിങ് സമൂഹത്തെ പോലും ആക്ഷേപിക്കാന്‍ തയ്യാറായ ആര്‍എസ്എസ് നേതാവിനെ ഉത്തരവാദിത്വത്തില്‍ നിന്നു പുറത്താക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല

Update: 2022-05-05 08:56 GMT

തിരുവനന്തപുരം: സ്ത്രീ സമൂഹത്തെ പ്രത്യേകിച്ച് നഴ്‌സിങ് മേഖലയില്‍ ജോലി ചെയ്യുന്നവരെ അപമാനിച്ച മലയാളം മിഷന്‍ ഖത്തര്‍ കോഡിനേറ്റര്‍ ദുര്‍ഗ ദാസിനെതിരേ കെസെടുക്കണമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന ഖജാന്‍ജി മഞ്ജുഷ മാവിലാടം.

കുടംബത്തെ ദാരിദ്ര്യത്തില്‍ നിന്നു കരകയറ്റാന്‍ നാടും വീടും ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന നഴ്‌സിങ് സമൂഹത്തെ അങ്ങേയറ്റം മോശക്കാരാക്കി ചിത്രീകരിച്ച പ്രതിയെ ഇടതുസര്‍ക്കാരും പോലിസും സംരക്ഷിക്കുകയാണ്. സര്‍ക്കാര്‍ പദവി ദുരുപയോഗം ചെയ്ത് ഒരു മതസമൂഹത്തോടുള്ള വംശീയവിദ്വേഷം ഭൂമിയിലെ മാലാഖമാരെന്നറിയപ്പെടുന്ന നഴ്‌സിങ് സമൂഹത്തെ പോലും ആക്ഷേപിക്കാന്‍ തയ്യാറായ ആര്‍എസ്എസ് നേതാവിനെ ഉത്തരവാദിത്വത്തില്‍ നിന്നു പുറത്താക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

സര്‍ക്കാര്‍ പദവികളില്‍ നുഴഞ്ഞുകയറി ആര്‍എസ്എസിന്റെ വംശീയ അക്രമങ്ങള്‍ക്ക് മണ്ണൊരുക്കുന്ന ഇത്തരം വംശവെറിയന്മാരെയും സ്ത്രീ വിരുദ്ധരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു മാതൃകാപരമായി ശിക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. മാധ്യമ വാര്‍ത്തകള്‍ പോലും മുഖവിലയ്‌ക്കെടുത്ത് സ്വമേധയാ കേസെടുക്കുന്ന വനിതാ കമ്മീഷന്‍ പുലര്‍ത്തുന്ന നിസ്സംഗത പ്രതിഷേധാര്‍ഹമാണ്. രാജ്യത്തിന്റെ നട്ടെല്ലായ പ്രവാസി സമൂഹം ഒന്നടങ്കം ആര്‍എസ്എസ് നേതാവിന്റെ മതവെറിയിലധിഷ്ടിതമായ പ്രസ്താവനയ്‌ക്കെതിരേ രംഗത്തുവരണം.

നഴ്‌സിങ് സമൂഹത്തെ അപമാനിച്ചതിനും വര്‍ഗീയ ധ്രുവീകരണം നടത്തിയതിനും നാട്ടില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും 153 എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം ദുര്‍ഗാ ദാസിനെതിരേ നിയമനടപടി സ്വീകരിക്കണമെന്നും മഞ്ജുഷ മാവിലാടം വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News