അരീക്കോട്: ഊര്‍ങ്ങാട്ടിരി കോനൂര്‍ കണ്ടിയില്‍ മധ്യവയസ്‌കന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. വടക്കേ തടത്തില്‍ വി.ജെ സെബാസ്റ്റ്യനാണ് (54) മരിച്ചത്. രാവിലെ സഹോദരനാണ് മൃതദേഹം കണ്ടത്. ഒറ്റക്കാണ് സെബാസ്റ്റ്യന്‍ താമസിച്ചിരുന്നത്. കാട്ടാനശല്യം രൂക്ഷമായിട്ടും വനംവകുപ്പ് നടപ്പടി സ്വീകരിക്കാത്തത് പ്രതിഷേധത്തിന് കാരണമായി.
പോലിസുകാരെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും സംഭവസ്ഥലത്തേക്ക് പ്രവേശിക്കുന്നത് നാട്ടുകാര്‍ ഏറെ നേരം തടഞ്ഞു. ജില്ല കലക്ടര്‍ എത്തിയ ശേഷമേ ഉദ്യോഗസ്ഥരെ സംഭവസ്ഥലത്തേക്ക് അടുപ്പിക്കുകയുള്ളൂവെന്ന് നാട്ടുകാര്‍ ഉറച്ചുനിന്നു. എന്നാല്‍ കലക്ടര്‍ തിരഞ്ഞെടുപ്പ് തിരക്കിലായതിനാല്‍ എത്താന്‍ പ്രയാസമാണെന്നും ആറാം തിയ്യതിക്കകം പ്രശ്‌നത്തിന് പരിഹാരം കാണാമെന്നും വനംവകുപ്പിന്റെയും പോലിസിന്റെയും ഉറപ്പിനെ തുടര്‍ന്ന് നാട്ടുകാര്‍ പിന്മാറി.
ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ ഏതാനും ദിവസം മുന്‍പ് ആദിവാസി വയോധികന്‍ കടുങ്ങി (64 )കാട്ടാനായുടെ ആക്രമത്തില്‍ മരണപ്പെട്ടിരുന്നു. കൃഷിയിടത്തിലേക്ക് ഇറങ്ങിയ ആനയെ ഓടിക്കുന്നതിനിടയില്‍ കടുങ്ങിയെ ചവിട്ടി കൊല്ലുകയായിരുന്നു. വനമേഖലയോട് ബന്ധപ്പെട്ട പ്രദേശങ്ങളിലേക്ക് ആറ് വര്‍ഷത്തോളമായി ആനയിറങ്ങുന്നത് പതിവായിട്ടുണ്ടെന്ന് നാട്ടുകാര്‍ പരാതിപെട്ടു.