വാഷിങ്ടണ്‍: ലോസ് ആന്‍ജെലസിലെ കാട്ടുതീയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 16 ആയി. മരിച്ചവരില്‍ അഞ്ചുപേരെ പാലിസേഡ്‌സ് ഫയര്‍ സോണില്‍ നിന്നും 11 പേരെ ഈറ്റണ്‍ ഫയര്‍ സോണില്‍ നിന്നുമാണ് കണ്ടെത്തിയത്.
ലോസ് ആന്‍ജെലസില്‍ പ്രദേശത്തുടനീളമുള്ള വീടുകള്‍ നശിപ്പിച്ച കാട്ടുതീ നിയന്ത്രിക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ ശ്രമം തുടരുകയാണെങ്കിലും തീ നിയന്ത്രണ വിധേയമായിട്ടില്ല. കാട്ടുതീക്കൊപ്പമുള്ള തീ ചുഴലിക്കാറ്റും ഇവിടെ വ്യാപക നാശം വിതച്ചുകൊണ്ടിരിക്കുകയാണ്.
ലോസ് ഏഞ്ചല്‍സ് മെഡിക്കല്‍ എക്‌സാമിനര്‍ പറയുന്നതനുസരിച്ച് മരിച്ചവരില്‍ വീടുകള്‍ വിട്ടുപോകാന്‍ വിസമ്മതിച്ചവരും വൈകല്യമുള്ളവരോ ഹോം ഹെല്‍ത്ത് കെയര്‍ സ്വീകരിക്കുന്നവരോ ആയ നിരവധി ആളുകള്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ്.13 പേരെ കാണാതായതായും അദ്ദേഹം പറഞ്ഞു
സാന്താ അന കാറ്റ് അടുത്ത കുറച്ച് ദിവസങ്ങളില്‍ കൂടി ഉണ്ടാകുമെന്നാണ് പ്രവചനം. തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച വരെയും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും പ്രവചിക്കപ്പെടുന്നു. 100 മൈല്‍ വേഗതയിലാണ് തീക്കാറ്റ് വീശുന്നത്. എന്നാല്‍ ഇനി വീശുന്നവയ്ക്ക് അത്രത്തോളം വേഗതയുണ്ടാവാനുള്ള സാധ്യത കുറവായിരിക്കുമെന്നും റിപോര്‍ട്ടുകളുണ്ട്.