
ഇസ്താംബൂള്‍: തുര്‍ക്കിയിലെ കര്‍ത്താല്‍കായ സ്‌കീ റിസോര്‍ട്ടിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 76 ആയി. 51 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട 76 പേരില്‍ 45 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മറ്റ് ഇരകളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ആഭ്യന്തര മന്ത്രി അലി യെര്‍ലികായ പറഞ്ഞു. തീപിടിത്തത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഒമ്പത് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ റിസോര്‍ട്ടിലെ ഗ്രാന്‍ഡ് കാര്‍ട്ടാല്‍ എന്ന ഹോട്ടലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. കുട്ടികളടക്കം നിരവധിപേര്‍ അമിതമായ പുക മൂലം ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട് മരിച്ചു.
തീപിടിത്തം നടക്കുമ്പോള്‍ 12 നിലകളുള്ള ഹോട്ടലില്‍ 238ഓളം ആളുകള്‍ ഉണ്ടായിരുന്നെന്നാണ് റിപോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. ഉത്തരവാദികളെ പ്രതിക്കൂട്ടിലാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ദേശീയ ദുഃഖാചരണം ആചരിക്കുമെന്നും എര്‍ദോഗാന്‍ പറഞ്ഞു.