'മുതലകളോ താടിയുള്ള സ്ത്രീകളോ' ആകും: കൊവിഡ് വാക്‌സിനെതിരേ വീണ്ടും ബ്രസീലിയന്‍ പ്രസിഡന്റ്

'വാക്‌സിന്‍ റഗുലേറ്ററി അഥോറിറ്റിയുടെ അനുമതി ലഭിച്ചാല്‍ ബ്രസീലില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാകും, പക്ഷേ ഞാന്‍ ഉപയോഗിക്കില്ല' എന്നാണ് ജെയര്‍ ബോള്‍സോനാരോ നിലപാട് വ്യക്തമാക്കിയത്.

Update: 2020-12-19 03:21 GMT

ബ്രസീലിയ: കൊറോണ വൈറസ് വാക്‌സിനുകള്‍ക്കെതിരെ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോവിന്റെ ശക്തമായ വിമര്‍ശനം. ഫൈസര്‍ബയോടെക് വാക്‌സിന്‍ ഉപയോഗിക്കുന്നത് ആളുകളെ 'മുതലകളോ താടിയുള്ള സ്ത്രീകളോ' ആക്കാമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് കൊറോണ വൈറസ് കഴിഞ്ഞ വര്‍ഷം അവസാനം പ്രത്യക്ഷപ്പെട്ടതുമുതല്‍ തീവ്ര വലതുപക്ഷ നേതാവായ ജെയര്‍ ബോള്‍സോനാരോ വൈദ്യ ശാസ്ത്രത്തിന്റെ നിഗമനങ്ങള്‍ക്ക് എതിരാണ്. കൊവിഡിനെ 'ഒരു ചെറിയ പനി' എന്നാണ് ബ്രസീലിയന്‍ പ്രസിഡന്റ് വിശേഷിപ്പിച്ചത്.


'ഫൈസറുമായുള്ള കരാറില്‍ കാര്യങ്ങള്‍ വളരെ വ്യക്തമാണ്, ഏതെങ്കിലും പാര്‍ശ്വഫലങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരവാദികളല്ല. നിങ്ങള്‍ ഒരു മുതലയായി മാറുകയാണെങ്കില്‍, ഇത് നിങ്ങളുടെ പ്രശ്‌നമാണ്. നിങ്ങള്‍ അതിമാനുഷനായിത്തീരുകയാണെങ്കില്‍, ഒരു സ്ത്രീ താടി വളര്‍ത്താന്‍ തുടങ്ങിയാല്‍ അല്ലെങ്കില്‍ ഒരു പുരുഷന്‍ കടുത്ത ശബ്ദത്തോടെ സംസാരിക്കാന്‍ തുടങ്ങിയാല്‍ നിര്‍മാതാക്കള്‍ ഒന്നും ഏറ്റെടുക്കില്ല .' ബോള്‍സോനാരോ പറഞ്ഞു.


ബ്രസീലില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വാക്‌സിന്‍ സൗജന്യമാണെങ്കിലും ഇത് ഉപയോഗിക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്ന് ബ്രസീല്‍ പ്രസിഡന്റ് പറഞ്ഞിരുന്നു.എന്നാല്‍, ജനങ്ങളെ നിര്‍ബന്ധിതരാക്കാന്‍ കഴിയില്ലെങ്കിലും വാക്‌സിന്‍ നിര്‍ബന്ധമാണെന്ന് സുപ്രീം കോടതി വ്യാഴാഴ്ച വിധിച്ചു. 'വാക്‌സിന്‍ റഗുലേറ്ററി അഥോറിറ്റിയുടെ അനുമതി ലഭിച്ചാല്‍ ബ്രസീലില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാകും, പക്ഷേ ഞാന്‍ ഉപയോഗിക്കില്ല' എന്നാണ് ജെയര്‍ ബോള്‍സോനാരോ നിലപാട് വ്യക്തമാക്കിയത്. 212 ദശലക്ഷം ജനസംഖ്യയില്‍ ബ്രസീലില്‍ 7.1 ദശലക്ഷത്തിലധികം കേസുകളും കോവിഡ് 19 ല്‍ നിന്ന് 185,000 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.




Tags:    

Similar News