2024 തിരഞ്ഞെടുപ്പില്‍ ബിജെപി വീഴുമോ? സാധ്യതകളെക്കുറിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍
ന്യൂഡല്‍ഹി: 2024 തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ ഒത്തുവരികയും തന്ത്രങ്ങള്‍ പുനരാവിഷ്‌കരിക്കുകയും ചെയ്താല്‍ ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കാമെന്ന് പ്രശാന്ത് കിഷോര്‍.
ബിജെപി നിലനില്‍ക്കുന്നത് ചില ആഖ്യാനങ്ങളിലാണ്. മൂന്ന് തലങ്ങളാണ് അതിനുള്ളത്. ഹിന്ദുത്വം, തീവ്രദേശീയത, വികസനവാദം. ഇക്കാര്യത്തില്‍ സ്വന്തമായ ബദല്‍ പദ്ധതികളില്ലാതെ ബിജെപിയെ തടയാനാവില്ല. ഹിന്ദുത്വയുടെ പേരില്‍ മാത്രമല്ല, ബിജെപി നിലനില്‍ക്കുന്നത്. തീര്‍ച്ചയായും അത് പ്രധാന ഘടകമാണ്. പക്ഷേ, മറ്റ് ഘടകങ്ങളുമുണ്ട്. തീവ്രദേശീയതയാണ് അവയില്‍ പ്രധാനം- ഒരു സ്വകാര്യ ചാനലുമായി നടന്ന അഭിമുഖത്തില്‍ പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി.
ദേശീയതയും ഹിന്ദുത്വയും വികസനവാദവും ബിജെപി പ്രത്യേക രീതിയില്‍ ഏകോപിപ്പിക്കുന്നു. ഏതെങ്കിലും പാര്‍ട്ടിക്ക് ഇതില്‍ ചുരുങ്ങിയത് ആദ്യ രണ്ടെണ്ണത്തിന് സ്വന്തം ആഖ്യാനങ്ങളുണ്ടായാല്‍ ബിജെപിക്ക് പിന്നെ സാധ്യതകുറവാണ്- കിഷോര്‍ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിലുണ്ടായ ബിജെപിയുടെ തോല്‍വിക്കുകാരണം ദേശീയതയെ വേണ്ടവിധം ഉയര്‍ത്താനാവാത്തതാണ്. ദേശീയതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രാദേശീയതകള്‍ കൊണ്ടാണ് മറ്റ് പാര്‍ട്ടികള്‍ മറികടന്നത്. എന്നാല്‍ ദേശീയ തിരഞ്ഞെടുപ്പില്‍ ഈ ഘടകം മറ്റൊരു രീതിയിലാണ് പ്രവര്‍ത്തിക്കുക. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി സഖ്യം വിജയിച്ചാലും 2024 തിരഞ്ഞെടുപ്പില്‍ അവരെ തോല്‍പ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
2015നുശേഷം വലിയ സഖ്യങ്ങള്‍ വിജയത്തിലെത്തിയിട്ടില്ല. നേതാക്കള്‍ വെറുതേ കൂട്ടുചേരുന്നതുകൊണ്ട് വിജയിക്കണമെന്നില്ല. നേരത്തെ പറഞ്ഞ മൂന്ന് ഘടകങ്ങളിലും ബിജെപിയുടെ ആഖ്യാനങ്ങളെ മറികടക്കണം. അതിന് 5-10 വര്‍ഷത്തേക്ക് ആസൂത്രണം ചെയ്യണം- അദ്ദേഹം പറഞ്ഞു.