രാജസ്ഥാനില്‍ കോണ്‍ഗ്രസ് വീഴുമോ? പ്രതിസന്ധിയില്ലെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്; താന്‍ അപമാനിതനായെന്ന് ഉപമുഖ്യ മന്ത്രി സച്ചിന്‍ പൈലറ്റ്

Update: 2020-07-12 18:04 GMT

ജയ്പൂര്‍: തങ്ങള്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പിന്നില്‍ ഉറച്ചുനില്‍ക്കുമെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാക്കള്‍. ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് പാര്‍ട്ടിയില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചുവെന്ന വാര്‍ത്ത നേതാക്കള്‍ നിഷേധിച്ചു. സച്ചിന്‍ മൂന്ന് എംഎല്‍എമാരുമായി ഡല്‍ഹിയിലെത്തിയെന്ന വാര്‍ത്ത ദേശീയ തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

തങ്ങള്‍ കോണ്‍ഗ്രസില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഇന്ന് വൈകീട്ട് ജയ്പൂരില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ സച്ചിന്‍ പൈലറ്റിനൊപ്പം ഡല്‍ഹിയിലേക്ക് പോയ മൂന്ന് എംഎല്‍എമാരും പങ്കെടുത്തിരുന്നു. രോഹിത് ബോറ, ഡാനിഷ് അബ്‌റാര്‍, ചേതന്‍ ദൂഡി എന്നിവരാണ് പൈലറ്റിനൊപ്പം ഡല്‍ഹി സന്ദര്‍ശിച്ച എംഎല്‍എമാര്‍. മൂവരും മുഖ്യമന്ത്രിക്ക് നിരുപാധികമായ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്ച കോണ്‍ഗ്രസ് ലെജിസ്ലേറ്റീസ് പാര്‍ട്ടി യോഗം ജയ്പൂരില്‍ ചേരും. ഈ യോഗത്തില്‍ സച്ചിന്‍ പങ്കെടുക്കാനുള്ള സാധ്യത വിരളമാണ്. കേന്ദ്ര നേതൃത്വം അജയ് മക്കാനെയും രണ്‍ദീപ് സര്‍ജേവാലയെയും നരീക്ഷകരായി ജയ്പൂരിലേക്കയച്ചിട്ടുണ്ട്.

അതേസമയം, തനിക്ക് രാജസ്ഥാന്‍ നിയമസഭയിലെ 30 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് സച്ചിന്‍ പൈലറ്റ് അവകാശപ്പെട്ടു.

മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ സൃഷ്ടിച്ച പ്രതിസന്ധിയ്ക്കു ശേഷം മൂന്നു മാസത്തിനുള്ളിലാണ് രാജസ്ഥാനില്‍ രാഷ്ട്രീയ ഉരുള്‍പ്പൊട്ടലുകള്‍ രൂപം കൊള്ളുന്നതെന്നത് ശ്രദ്ധേയമാണ്. മധ്യപ്രദേശില്‍ പയറ്റിയ അതേ തന്ത്രമാണ് ബിജെപി രാജസ്ഥാനിലും പുറത്തെടുത്തിരിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യ സച്ചിന്‍ പൈലറ്റിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നു.

ബിജെപി രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അധികാരം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണെന്നും മുഖ്യമന്ത്രി ഗലോട്ട് ആരോപിച്ചു.

കോണ്‍ഗ്രസ് ദേശീയ നേതാക്കളായ സോണിയയും രാഹുലും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഏത് പ്രതിസന്ധിയിലും കോണ്‍ഗ്രസ് നേതാക്കള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഇരു നേതാക്കളും ആഹ്വനം ചെയ്തു.

2018 ല്‍ സര്‍ക്കാര്‍ രൂപീകരണ സമയത്തുതന്നെ സച്ചിന്‍ പൈലറ്റ്, അശോക് ഗലോട്ടിന്റെ മുഖ്യമന്ത്രി പദത്തിനെതിരേ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. തന്നെ തഴയുകയാണെന്നാണ് സച്ചിന്‍ പൈലറ്റ് നേരത്തെ തന്നെ ഉയര്‍ത്തിയവാദം. അപമാനം സഹിച്ച്് പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ലെന്നും അദ്ദേഹം വാര്‍ത്താമാധ്യമങ്ങളോട് പ്രതികരിച്ചു. ഇതേ വാദമാണ് മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയും ഉയര്‍ത്തിയതെന്നത് ശ്രദ്ധേയമാണ്.  

Tags:    

Similar News