പ്രയാസം നേരിടുന്ന മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കും; റമദാന്‍ ആശംസയുമായി ജോ ബൈഡന്‍
അമേരിക്കയുടെ തുടക്കം മുതലേ രാജ്യത്തിന് വേണ്ടി ഒട്ടേറെ സംഭാവനകള്‍ ചെയ്തവാണ് മുസ്‌ലിംകള്‍. രാഷ്ട്ര രൂപീകരണത്തില്‍ അവര്‍ മുഖ്യ പങ്ക് വഹിച്ചു. ഇന്ന് കൊറോണ പ്രതിരോധ രംഗത്ത് മുന്‍പന്തിയില്‍ മുസ്്‌ലിംകളുണ്ട്.
വാഷിംങ്ടണ്‍: ലോകത്തിന്റെ പല ഭാഗത്തും പ്രയാസം നേരിടുന്ന മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കുമെന്നും വംശീയ വിദ്വേഷത്തിനെതിരെ നില കൊള്ളുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. എല്ലാ മുസ്‌ലിംകള്‍ക്കും റമദാന്‍ ആശംസ നേര്‍ന്നതിനൊപ്പമാണ് യുഎസ് പ്രസിഡന്റ് പ്രയാസം അനുഭവിക്കുന്ന ലോക മുസ്‌ലിംകള്‍ക്കൊപ്പം നിലകൊള്ളുമെന്നും പ്രഖ്യാപിച്ചത്. താനും കുടുംബവും എല്ലാ കാലത്തും നീതിക്കും മനുഷ്യാവകാശത്തിനും വേണ്ടി നില കൊള്ളുമെന്നും ബൈഡന്‍ ഊന്നിപ്പറഞ്ഞു.
ഇത്തവണ വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്ന് ഓണ്‍ലൈന്‍ വഴി നടത്തും. അടുത്ത തവണ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ സാധിക്കുന്ന ഇഫ്താര്‍ പെരുന്നാള്‍ വിരുന്നായിരിക്കും നടത്തുക എന്നും അമേരിക്കന്‍ പ്രസിഡന്റ് സൂചിപ്പിച്ചു. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസഡിന്റായ കഴിഞ്ഞ വര്‍ഷങ്ങളില്‍ റമദാന്‍ ആശംസയോ വൈറ്റ് ഹൗസിലെ ഇഫ്താര്‍ ആഘോഷമോ ഇല്ലായിരുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് ജോ ബൈഡന്‍ സ്വീകരിക്കുന്നത്. രാജ്യം നേരിടുന്ന കൊറോണ പ്രതിസന്ധിയില്‍ നിയന്ത്രണത്തോടെയാണ് ആഘോഷങ്ങളെന്നും അദ്ദേഹം സൂചിപ്പിച്ചു.
'കൊറോണ പ്രതിസന്ധി കാരണം ഈ റമദാനിലും കൂട്ടം ചേരാനോ ഒരുമിച്ചിരുന്ന് ആഘോഷങ്ങളില്‍ പങ്കാളികളാകാനോ സാധിക്കുന്നില്ല. മുസ്‌ലിംകള്‍ ആത്മീയമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന മാസമാണിത്. കൂടുതല്‍ പരസഹായം ചെയ്യുന്ന മാസം. അമേരിക്കയുടെ തുടക്കം മുതലേ രാജ്യത്തിന് വേണ്ടി ഒട്ടേറെ സംഭാവനകള്‍ ചെയ്തവാണ് മുസ്‌ലിംകള്‍. രാഷ്ട്ര രൂപീകരണത്തില്‍ അവര്‍ മുഖ്യ പങ്ക് വഹിച്ചു. ഇന്ന് കൊറോണ പ്രതിരോധ രംഗത്ത് മുന്‍പന്തിയില്‍ മുസ്‌ലിംകളുണ്ട്. വാക്‌സിന്‍ നിര്‍മാണത്തിലും ആരോഗ്യ സേവനത്തിലും, ജോലി അവസരങ്ങള്‍ ഒരുക്കുന്ന വ്യവസായ രംഗത്തും അധ്യാപകരായും സര്‍ക്കാര്‍ ജീവനക്കാരായുമെല്ലാം അമേരിക്കയില്‍ മുസ്‌ലിംകള്‍ പ്രവര്‍ത്തിക്കുന്നു'. ബൈഡന്‍ പറഞ്ഞു.
'സാമൂഹിക നീതിക്കും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടത്തിലും മുസ്‌ലിംകളുടെ പങ്ക് തുല്യതയില്ലാത്തതാണ്. എന്നാല്‍ ഇപ്പോഴും അമേരിക്കയിലെ മുസ്‌ലിംകള്‍ മതവിദ്വേഷത്തിന് ഇരകളാകുന്നു. വിദ്വേഷ ആക്രമണത്തിന് ഇരകളാകുന്നു. ഇത്തരം മുന്‍ധാരണ വച്ചുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. വിശ്വാസം പ്രകടിപ്പിക്കുന്നതില്‍ ഭയന്ന് ജീവിക്കുന്ന സാഹചര്യം അമേരിക്കയില്‍ ആര്‍ക്കുമുണ്ടാകരുത്. ജനങ്ങളുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുന്നതില്‍ എന്റെ ഭരണകൂടം പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി.
താന്‍ അധികാരത്തിലെത്തിയ വേളയില്‍ മുസ്‌ലിംകള്‍ക്കു വേണ്ടി ചെയ്ത കാര്യങ്ങളും ബൈഡന്‍ അനുസ്മരിച്ചു. ആദ്യം ചെയ്ത കാര്യങ്ങളില്‍ ഒന്ന് മുസ്്‌ലിംകള്‍ക്കുള്ള യാത്രാ നിരോധനം നീക്കുകയായിരുന്നു. മനുഷ്യാവകാശത്തിന് വേണ്ടിയാണ് നില കൊള്ളുന്നത്. ചൈനയിലെ വൈയ്ഗൂറുകളുടെയും മ്യാന്‍മറിലെ റോഹിങ്ക്യരുടെയും ലോകത്തെ എല്ലാ മുസ്‌ലിംകളുടെയും അവകാശത്തിന് വേണ്ടി ശബ്ദിക്കും. ഈ മാസം ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കുള്ളതാണ് - ജോ ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു.