പൗരത്വ നിയമം: അക്രമം നടത്തുന്നവര്‍ക്കെതിരേ പ്രതികാരം ചെയ്യും; യോഗി ആദിത്വനാഥ്
അക്രമസംഭവങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവരുടെ സ്വത്തു കണ്ടുകെട്ടുമെന്നും പൊതുമുതല്‍ നശിപ്പിച്ചതിന്റെ നഷ്ടം ഈടാക്കുമെന്നും യോഗി ആദിത്വനാഥ്
ലഖ്‌നോ: പൗരത്വ നിയമത്തൈച്ചൊല്ലി പ്രതിഷേധിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്വനാഥ്. അക്രമം നടത്തുന്നവര്‍ക്കെതിരേ പ്രതികാരം ചെയ്യുമെന്നും അദ്ദേഹം മുനറിപ്പ് നല്‍കി. പൗരത്വ ഭേദഗതി നിയമം ഒരു മതത്തിനും സമൂഹത്തിലെ ഒരു വിഭാഗത്തിനും എതിരല്ല. സുരക്ഷ ഉറപ്പാക്കുകയും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ സഹായിക്കുന്നതിനാണന്നും അദ്ദേഹം വാദിച്ചു.
അക്രമസംഭവങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവരുടെ സ്വത്തു കണ്ടുകെട്ടുമെന്നും പൊതുമുതല്‍ നശിപ്പിച്ചതിന്റെ നഷ്ടം ഈടാക്കുമെന്നും യോഗി ആദിത്വനാഥ് വ്യക്തമാക്കി. പൗരത്വ നിയമത്തിന് എതിരെ രാജ്യ വ്യാപകമായി വന്‍ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഉത്തര്‍പ്രദേശ് അടക്കമുള്ള പ്രദേശങ്ങളില്‍ പ്രതിഷേധം സംഘര്‍ഷത്തില്‍ ചെന്നെത്തുകയായിരുന്നു.
അതിനിടെ പ്രതിഷേധക്കാര്‍ക്ക് നേരയുണ്ടായ പോലിസ് വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. മൂന്നുപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വെടിവെയ്പ്പുണ്ടായെന്ന സമരക്കാരുടെ ആരോപണം ഉത്തര്‍ പ്രദേശ് പോലിസ് നിഷേധിച്ചിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ ആളാണ് മരിച്ചതെന്നും ലഖ്‌നോവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പോലിസ് വ്യക്തമാക്കി.