ഷാഹി ജുമാ മസ്ജിദിലെ വെടിവയ്പ്: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുസ്‌ലിം സംഘടനകള്‍
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലെ ഷാഹി ജുമാ മസ്ജിദിലുണ്ടായ സംഘര്‍ഷത്തിലും വെടിവയ്പിലും കൊലപാതകത്തിലും ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുസ്‌ലിം സംഘടനകള്‍. മസ്ജിദ് കമ്മിറ്റിയുടെ വാദം കേള്‍ക്കാതെ സര്‍വേക്ക് ഉത്തരവിട്ട നടപടി ഗൗരവമേറിയ വിഷയമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ദേശീയ വൈസ് പ്രസിഡന്റ് മാലിക്ക് മുഅ്തസിം ഖാന്‍ പറഞ്ഞു. സര്‍വെക്കെത്തിയ സംഘത്തിനൊപ്പം സാമൂഹികവിരുദ്ധരും ഉണ്ടായിരുന്നു. അവരാണ് സംഘര്‍ഷത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. മസ്ജിദിലെ സര്‍വെയോട് പ്രദേശവാസികള്‍ ആദ്യദിനം സഹകരിച്ചിരുന്നുവെന്ന് ജാമിയത്ത് ഉലമായെ ഹിന്ദ് പ്രസിഡന്റ് മഹ്മൂദ് മദനി പറഞ്ഞു. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചാണ് രണ്ടാം സര്‍വെക്ക് സംഘം എത്തിയത്. എന്തുകൊണ്ടാണ് ഇത്തരം പ്രകോപനപരമായ നടപടിക്ക് പോലിസ് അനുമതി നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്റി ഗ്രൂപ്പ് സംഭല്‍ വിഷയം ചര്‍ച്ച ചെയ്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ വിഷയം ഉയര്‍ത്തുന്ന കാര്യമാണ് ഗ്രൂപ്പ് ചര്‍ച്ച ചെയ്തത്. രാഹുല്‍ഗാന്ധി, കെ സി വേണുഗോപാല്‍, കുമാരി സെല്‍ജ, ശശി തരൂര്‍, പ്രമോദ് തിവാരി, പി ചിദംബരം, ഗൗരവ് ഗൊഗോയ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.