ഐപിഎല്‍ താരലേലം; സച്ചിന്‍ ബേബി സണ്‍റൈസേഴ്‌സില്‍; സന്ദീപ് വാര്യരും അബ്ദുല്‍ ബാസിതും അണ്‍സോള്‍ഡ്; രഹാനെയ്ക്കും ഇടം നല്‍കി കെകെആര്‍

മറ്റൊരു മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ 30 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സില്‍ ഇടം നേടി.

Update: 2024-11-25 17:36 GMT

ജിദ്ദ: 2025-ലെ ഐ.പി.എല്‍. സീസണിന് മുന്നോടിയായുള്ള മെഗാതാരലേലം ജിദ്ദയില്‍ അവസാനിച്ചു. 10 ടീമുകള്‍ 182 താരങ്ങള്‍ക്കുവേണ്ടി 639.15 കോടി രൂപ മുടക്കി. 62 വിദേശ താരങ്ങളെയാണ് വിവിധ ടീമുകള്‍ സ്വന്തമാക്കിയത്. എട്ടുതാരങ്ങളെ ടീമുകള്‍ റൈറ്റ് റ്റു മാച്ച് കാര്‍ഡ് ഉപയോഗിച്ച് ടീമില്‍ നിലനിര്‍ത്തി. മലയാളി താരങ്ങളായ വിഷ്ണു വിനോദ് 95 ലക്ഷത്തിന് പഞ്ചാബ് കിങ്സിലും സച്ചിന്‍ ബേബി 30 ലക്ഷത്തിന് സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലും ഇടംനേടി.മറ്റൊരു മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ 30 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സില്‍ ഇടം നേടി.

മലയാളി താരങ്ങളായ സന്ദീപ് വാര്യര്‍, അബ്ദുള്‍ ബാസിത് എന്നിവരെ ഏറ്റെടുക്കാന്‍ ആരുമുണ്ടായില്ല.ഐ.പി.എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ ബിഹാറുകാരന്‍ വൈഭവ് സൂര്യവംശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ 1.1 കോടി രൂപയ്ക്കാണ് സഞ്ജുവിന്റെ ടീം സ്വന്തമാക്കിയത്. വൈഭവിനായി രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ വാശിയേറിയ ലേലംവിളിയാണ് നടന്നത്.

ആദ്യ ഘട്ടത്തില്‍ ആരും ടീമിലെടുക്കാതിരുന്ന മറ്റൊരു മലയാളി താരം ദേവ്ദത്ത് പടിക്കലിനെ അടിസ്ഥാന വിലയായ രണ്ട് കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമില്‍ തിരികെയെത്തിച്ചു. ഇന്ത്യന്‍ താരം അജിങ്ക്യാ രഹാനെയാണ് അവസാന നിമിഷ ലേലത്തില്‍ നേട്ടം സ്വന്തമാക്കിയ മറ്റൊരു താരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് രഹാനെയെ 1.50 കോടിക്ക് രഹാനെയെ ടീമിലെത്തിച്ചത്. ആദ്യ ഘട്ടത്തില്‍ ആരും പരിഗണിക്കാതിരുന്ന പേസര്‍ ഉമ്രാന്‍ മാലിക്കിനെ അടിസ്ഥാന വിലയായ 75 ലക്ഷം രൂപക്ക് കൊല്‍ക്കത്ത ടീമിലെടുത്തു. ഇംഗ്ലണ്ട് താരം മൊയിന്‍ അലിയെയും അടിസ്ഥാന വിലയായ രണ്ട് കോടിക്ക് അവസാന റൗണ്ട് ലേലത്തില്‍ കൊല്‍ക്ക ടീമിലെത്തിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്കായി മിന്നിയ തനുഷ് കൊടിയനും ലേലത്തില്‍ ആവശ്യക്കാരുണ്ടായില്ല.

പഞ്ചാബ് കിംഗ്‌സ് താരമായിരുന്ന മായങ്ക് അഗര്‍വാളിനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായിരുന്ന ഷാര്‍ദ്ദുല്‍ താക്കൂറിനും വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്തിനും ലേലത്തില്‍ ആവശ്യക്കാരുണ്ടായില്ല. വിദേശ താരങ്ങളില്‍ ന്യൂസിലന്‍ഡ് താരങ്ങളായ കെയ്ന്‍ വില്യംസണെയും ഗ്രെന്‍ ഫിലിപ്‌സിനെയും ഡാരില്‍ മിച്ചലിനെയും ആരും ടീമിലെടുത്തില്ല. അതേസമയം, കഴിഞ്ഞ സീസണില്‍ ആര്‍സിബി നായകനായിരുന്ന ഫാഫ് ഡൂപ്ലെസിയെ ഡല്‍ഹി ക്യാപിറ്റല്‍സ് രണ്ട് കോടിക്ക് സ്വന്തമാക്കി.

കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന റൊവ്മാന്‍ പവലിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടു കോടിക്ക് ടീമിലെത്തിച്ചു. ഇന്ത്യന്‍ താരങ്ങളില്‍ വാഷിംഗ്ടണ്‍ സുന്ദറിനെ 3.2 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. മുന്‍ ലേലത്തില്‍ 18.50 കോടിക്ക് പഞ്ചാബ് സ്വന്തമാക്കിയ ഇംഗ്ലണ്ട് താരം സാം കറനെ 2.40 കോടിക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തിരികെയെത്തിച്ചു. ഏഴ് കോടിക്ക് ദക്ഷിണാഫ്രിക്കന്‍ പേസര്‍ മാര്‍ക്കോ യാന്‍സനെ സ്വന്തമാക്കി പഞ്ചാബ് ഇന്നും ഞെട്ടിച്ചു. 4.20 കോടിക്ക് കൊല്‍ക്കത്ത താരമായിരുന്ന നിതീഷ് റാണയെ രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചപ്പോള്‍ ലഖ്‌നൗ താരമായിരുന്ന ക്രുനാല്‍ പാണ്ഡ്യയെ 5.75 കോടിക്ക് ആര്‍സിബി ടീമിലെത്തിച്ചു.






Tags:    

Similar News