ഗൾഫിൽ അവധിക്കാലം തുടങ്ങി; വിമാന കമ്പനികളുടെ കൊള്ളയും

Update: 2024-07-10 07:29 GMT

മലപ്പുറം: ഗള്‍ഫില്‍ അവധിക്കാലമായതോടെ വിമാന കമ്പനികളുടെ കൊള്ളയും ആരംഭിച്ചു. വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമാണ് വര്‍ധിപ്പിച്ചത്. കുടുംബമായി വരുന്നവര്‍ക്ക് ടിക്കറ്റ് ഇനത്തില്‍ ലക്ഷങ്ങളാണ് ചെലവഴിക്കേണ്ടി വരുന്നത്.മിക്ക ഗള്‍ഫ് രാജ്യങ്ങളിലും സ്‌കൂളുകള്‍ അടച്ചിട്ടുണ്ട്. അവധിക്കാലത്ത് മതാപിതാക്കളും കുട്ടികളും എത്തുന്നത് മനസ്സിലാക്കിയ വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഒറ്റയടിക്ക് കുത്തനെ കൂട്ടി.

സൗദി അറേബ്യയിലെ ജിദ്ദയില്‍നിന്നും കേരളത്തിലേക്ക് ശരാശരി 12,000 രൂപയായിരുന്നു ടിക്കറ്റ് . എന്നാല്‍, ഇപ്പോള്‍ 30,000 രൂപ നല്‍കിയാലെ യാത്ര ചെയ്യാന്‍ കഴിയു. അബൂദബി, ദുബൈ, ഷാര്‍ജ, ദോഹ, കുവൈത്ത് സിറ്റി തുടങ്ങി ഗള്‍ഫില്‍ നിന്നുള്ള എല്ലാ സ്ഥലത്തുനിന്നും നേരത്തയുള്ളതിനെക്കാള്‍ ഇരട്ടി പണം നല്‍കിയാലെ നാട്ടില്‍ എത്താന്‍ കഴിയൂ. പ്രവാസികളെ പിഴിയുന്ന വിമാന കമ്പനികളെ നിയന്ത്രിക്കണമെന്നാണ് പ്രവാസി സംഘടനകള്‍ ആവശ്യപ്പെടുന്നത്. കേരളത്തില്‍നിന്നും ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. അവധിക്കാലം അവസാനിച്ച് പ്രവാസി കുടുംബങ്ങള്‍ തിരിച്ചുപോകുന്ന സെപ്റ്റംബര്‍, ഒക്ടോര്‍ മാസങ്ങളിലും ഭീമമായ ടിക്കറ്റ് നിരക്ക് നല്‍കിവേണം യാത്ര ചെയ്യാന്‍.

Tags:    

Similar News