'രാജ്യത്തിനായി പോപുലര്‍ ഫ്രണ്ടിനൊപ്പം': ജനുവരി 17 മുതല്‍ സംസ്ഥാന വ്യാപകമായി പ്രചാരണം

Update: 2021-01-14 08:50 GMT

തിരുവനന്തപുരം: 'രാജ്യത്തിനായി പോപുലര്‍ ഫ്രണ്ടിനൊപ്പം' എന്ന സന്ദേശമുയര്‍ത്തി ജനുവരി 17 മുതല്‍ ഫെബ്രുവരി 17 വരെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി ഒരുമാസം നീണ്ടുനില്‍ക്കുന്ന പ്രചാരണം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിച്ച് പൗരന്‍മാരെ വേട്ടയാടുന്ന കേന്ദ്രസര്‍ക്കാരിന്റെ ഫാഷിസ്റ്റ് നയങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടുകയെന്നതാണ് ക്യാംപയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, സെക്രട്ടറി സി എ റഊഫ് എന്നിവര്‍ പറഞ്ഞു.

ആര്‍എസ്എസിന്റെ താല്‍പര്യപ്രകാരം ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം നടത്തുകയാണ്. ഇ.ഡി, എന്‍ഐഎ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിച്ച് പൗരാവകാശങ്ങള്‍ ഹനിക്കുകയും എതിര്‍ശബ്ദങ്ങളെ വേട്ടയാടുകയും ചെയ്യുന്നു. രാജ്യത്തിന്റെ പുരോഗതിക്കും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹിക സംഘടനകളെ പോലും മുമ്പെങ്ങുമില്ലാത്ത വിധം നിരന്തരമായി വേട്ടയാടുന്നു. ഇത്തരം നീക്കങ്ങളിലൂടെ ജനാധിപത്യ സംവിധാനത്തെ ദുര്‍ബലപ്പെടുത്താനാണ് മോഡി ഭരണകൂടം ശ്രമിക്കുന്നത്.

ഇതിനായി രാജ്യത്തുടനീളം വര്‍ഗീയ കലാപങ്ങള്‍ അഴിച്ചുവിട്ട് നുണപ്രചാരണങ്ങള്‍ നടത്തി ന്യൂനപക്ഷങ്ങള്‍ക്ക് മേല്‍ കള്ളക്കേസുകള്‍ കെട്ടിച്ചമയ്ക്കുകയുമാണ്. പൗരന്‍മാരെ അന്യായമായി വേട്ടക്കെതിരേയും ആര്‍എസ്എസിന്റെ ചട്ടുകമായി അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന ഭരണഘടനാവിരുദ്ധ നീക്കങ്ങള്‍ക്കെതിരെയും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനാണ് കാംപയിന്‍ സംഘടിപ്പിക്കുന്നത്. പൗരസദസ്സ്, സെമിനാര്‍, വാഹന ജാഥകള്‍, പൊതുയോഗങ്ങള്‍, ഗൃഹസന്ദര്‍ശനം, ലഘുലേഖ വിതരണം തുടങ്ങിയ വിവിധ പ്രചരണ പരിപാടികള്‍ നടക്കും.

Tags:    

Similar News