ലക്ഷദ്വീപില്‍ നിന്നും ആര്‍എസ്എസ് ഏജന്റ് പ്രഫുല്‍ പട്ടേലിനെ പിന്‍വലിക്കുക: പ്രതിഷേധ സംഗമവുമായി വെല്‍ഫെയര്‍ പാര്‍ട്ടി
പ്രഫുല്‍ പട്ടേലിനെ ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ ആയിരത്തില്‍പ്പരം കേന്ദ്രങ്ങളില്‍ നാളെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.
തിരുവനന്തപുരം: ലക്ഷദ്വീപിലെ ജനങ്ങളെ വംശീയമായി ഉന്മൂലനം ചെയ്യുന്നതിനു വേണ്ടി സംഘ്പരിവാര്‍ സര്‍ക്കാര്‍ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ച പ്രഫുല്‍ പട്ടേലിനെ ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ ആയിരത്തില്‍പ്പരം കേന്ദ്രങ്ങളില്‍ നാളെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.
ഹിന്ദുത്വ ഭരണകൂടം ലക്ഷ്യം വെക്കുന്ന കാവിവല്‍ക്കരണത്തിന്റെ നടത്തിപ്പുകാരനാണ് പ്രഫുല്‍ പട്ടേല്‍. സ്വസ്ഥമായ ജീവിതം നയിച്ചുവരുന്ന ദ്വീപിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്യുന്നത്. ദ്വീപ് ജനത കാത്തുസൂക്ഷിച്ച കൊവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് പ്രഫുല്‍പട്ടേലും ടീമും ലക്ഷദ്വീപില്‍ കാലുകുത്തിയത്. തീരസംരക്ഷണ നിയമത്തിന്റെ മറവില്‍ മല്‍സ്യ തൊഴിലാളികളുടെ ജീവനോപാധികളും ഷെഡുകളും പൊളിച്ചുമാറ്റി. സ്‌കൂളുകളിലെ ഉച്ചഭക്ഷണ സംവിധാനം നിര്‍ത്തലാക്കിയും അംഗന്‍വാടികള്‍ അടച്ചുപൂട്ടിയും ടൂറിസത്തിന്റെ മറവില്‍ മദ്യശാലകള്‍ സുലഭമായി തുറന്നും ജനങ്ങളെ വെല്ലുവിളിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്.
മാംസാഹാരം നിരോധിച്ചും ജില്ലാ പഞ്ചായത്ത് അധികാരം റദ്ദ് ചെയ്തും ഹിന്ദുത്വ ഫാസിസ്റ്റ് നയങ്ങള്‍ ദ്വീപില്‍ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ലക്ഷദ്വീപിലെ മാധ്യമ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഉദാഹരണമാണ് ദ്വീപിലെ ആദ്യത്തെ ന്യൂസ് പോര്‍ട്ടലായ ദ്വീപ് ഡയറിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതിലൂടെ സംഭവിച്ചിരിക്കുന്നത്. സംഘ്പരിവാര്‍ ഭീകരതക്കെതിരേ പോരാടുന്ന ദ്വീപിലെ ജനാധിപത്യ സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് പ്രതിഷേധ സംഗമം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.