പൊളിച്ചെഴുതിക്കൊണ്ടുള്ള കോടതി വിധി; ഹത്രാസ് കേസിലെ യുഎപിഎ പിന്‍വലിക്കുക: കാംപസ് ഫ്രണ്ട്

ആരോപണങ്ങള്‍ സാധൂകരിക്കാനാകുന്ന വിധത്തില്‍ യാതൊരുവിധ തെളിവും ഇതുവരെ പൊലീസിന് ഹാജരാക്കാന്‍ സാധിച്ചിട്ടില്ല.

Update: 2021-06-17 01:23 GMT

കോഴിക്കോട്: ഹത്രാസ് സന്ദര്‍ശനത്തിനിടെ കള്ളക്കേസില്‍ ഉള്‍പ്പെടുത്തി അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട അതീഖുര്‍ റഹ്മാന്‍, മസൂദ് അഹ്മദ്, സിദ്ദീഖ് കാപ്പന്‍, ആലം എന്നിവര്‍ക്കെതിരേയുള്ള പ്രാഥമിക ആരോപണങ്ങള്‍ പോലും തെളിയിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഇവര്‍ക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മറ്റി. ഈ സാഹചര്യത്തില്‍, നിരപരാധികളായ ഇവര്‍ക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ള യുഎപിഎ ഉള്‍പ്പെടെയുള്ള ഭീകര നിയമങ്ങള്‍ പിന്‍വലിച്ച് കുറ്റാരോപിതരെ ഉടന്‍ മോചിപ്പിക്കണമെന്നും കാംപസ് ഫ്രണ്ട് ആവശ്യപ്പെട്ടു.

അതീഖുര്‍ റഹ്മാന്‍, മസൂദ് അഹ്മദ്, സിദ്ദീഖ് കാപ്പന്‍, ആലം എന്നിവരുടെ അറസ്റ്റിന് കാരണമായ കുറ്റം അസാധുവാക്കി മധുര സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിവിധി പ്രഖ്യാപിച്ചിട്ടുണ്ട്. ഹാഥ്രസില്‍ ദലിത് യുവതി സവര്‍ണ ജാതിക്കാരാല്‍ കൂട്ടബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സാഹചര്യത്തില്‍ ഇരയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ 2020 ഒക്ടോബര്‍ 5 നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. സമാധാനാന്തരീക്ഷം തകര്‍ത്ത് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു എന്നതാണ് പോലീസ് ആരോപിച്ച കുറ്റം. തുടര്‍ന്ന് നാലുപേര്‍ക്കുമെതിരെ യുഎപിഎ ഉള്‍പ്പെടെയുള്ള ഭീകര നിയമങ്ങളും ചുമത്തപ്പെട്ടു. എന്നാല്‍ ആരോപണങ്ങള്‍ സാധൂകരിക്കാനാകുന്ന വിധത്തില്‍ യാതൊരുവിധ തെളിവും ഇതുവരെ പൊലീസിന് ഹാജരാക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ എട്ടു മാസക്കാലമായി മൗലികാവകാശങ്ങള്‍ പോലും ലംഘിക്കപ്പെട്ട് അന്യായമായി തടവിലാക്കപ്പെട്ടിരിക്കുകയാണ് ഇവര്‍. കുറ്റാരോപിതരെ ഉടന്‍ മോചിപ്പിക്കണമെന്നും കാംപസ് ഫ്രണ്ട് ആവശ്യപ്പെട്ടു.

Tags:    

Similar News