മല്‍സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിച്ച് അദാനി പോര്‍ട്ട് പദ്ധതി നടപ്പാക്കരുത്: പികെ ഉസ്മാന്‍

റിലേ സത്യഗ്രഹത്തിന് എസ്ഡിപിഐയുടെ ഐക്യദാര്‍ഢ്യം

Update: 2022-08-09 10:16 GMT

തിരുവനന്തപുരം: പരമ്പരാഗത മല്‍സ്യത്തൊഴിലാളികളെയും കുടംബങ്ങളെയും കുടിയൊഴിപ്പിച്ച് അദാനി പോര്‍ട്ട് പദ്ധതി നടപ്പാക്കരുതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഉസ്മാന്‍. മല്‍സ്യത്തൊഴിലാളികളെ മാത്രമല്ല തിരുവനന്തപുരത്തെ കടലോര മേഖലയാകെ തകര്‍ത്തെറിഞ്ഞിരിക്കുകയാണ് പദ്ധതി. നിര്‍മാണം ആരംഭിച്ചതു മുതല്‍ കടല്‍ കരയെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. ശംഖുമുഖം ബീച്ച് തകര്‍ന്നടിഞ്ഞത് ഈ നിര്‍മാണത്തിന്റെ പരിണിത ഫലമാണ്. മല്‍സ്യത്തൊഴിലാളികള്‍ ജീവന്‍ പണയം വെച്ചാണ് കടലില്‍ പോകുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ മല്‍സ്യത്തൊഴിലാളികളുടെ ശവപ്പറമ്പായി തീരദേശ മേഖയാകെ മാറും. അതുവേണോ എന്നു കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പുനപ്പരിശോധിക്കണമെന്നും പി കെ ഉസ്മാന്‍ ആവശ്യപ്പെട്ടു.

മല്‍സ്യത്തൊഴിലാളി കര്‍ഷക ബഹുജന ഐക്യസമിതി നടത്തിവരുന്ന റിലേ സത്യഗ്രഹസമര പന്തലിലെത്തി ഐക്യദാര്‍ഢ്യമറിയിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അദാനി വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണം നിര്‍ത്തിവെക്കുക, കടലേറ്റത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ആനുപാതികമായ നഷ്ടപരിഹാരം നല്‍കുകയും പുനരധിവാസം ഉറപ്പാക്കുകയും ചെയ്യുക, പരമ്പരാഗത മീന്‍പിടുത്തക്കാരുടെ തൊഴിലിടമായ കടപ്പുറങ്ങള്‍ വീണ്ടെടുക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ അടിയന്തരാവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യഗ്രഹ സമരം നടത്തുന്നത്. ശംഖുമുഖം എയര്‍പോര്‍ട്ട് ഗെയിറ്റിനു മുമ്പില്‍ കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് സത്യഗ്രഹ സമരം ആരംഭിച്ചത്. എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സിയാദ് കണ്ടല, ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ്, ജില്ലാ വൈസ് പ്രസിഡന്റ് ജലീല്‍ കരമന, ജില്ലാ സെക്രട്ടറി സബീന ലുഖ്മാന്‍, മണ്ഡലം പ്രസിഡന്റ് ജെ കെ അനസ്, നവാസ് വള്ളക്കടവ്, ശ്യാം എയര്‍പോര്‍ട്ട്, ഷൈനി വലിയതുറ, സുരേഷ് വലിയതുറ, അബൂബക്കര്‍ പി ടി നഗര്‍, ഷംനാദ് എയര്‍പോര്‍ട്ട്, പീരു മുഹമ്മദ് തുടങ്ങിയ നേതാക്കളും സമര പന്തല്‍ സന്ദര്‍ശിച്ചു. 

Similar News