വനംവകുപ്പ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം നടപടി എടുക്കാനാകില്ല; എകെ ശശീന്ദ്രന്‍

Update: 2021-08-25 11:44 GMT

തിരുവനന്തപുരം: മുട്ടില്‍ മരം കൊള്ള കേസില്‍ വനംവകുപ്പ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം നടപടി എടുക്കാനാകില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. സിസിഎഫ് എടി സാജനെതിരേ ഒന്നിലധികം റിപോര്‍ട്ട് പുറത്ത് വന്നിട്ടും എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വനംവകുപ്പ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം നടപടി എടുക്കാനാകില്ലെന്നാണ് വനംമന്ത്രിയുടെ നിലപാട്.

ധര്‍മടത്തെ രണ്ട് പേര്‍ക്ക് ഇതില്‍ ബന്ധമുണ്ടെന്ന് വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രി എന്തിനാണ് ഇവരെ സംരക്ഷിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചിരുന്നു. ഫോണ്‍ രേഖ പുറത്ത് വന്നതോടെ മരംമുറിയിലെ ധര്‍മ്മടം ബന്ധം വ്യക്തമായെന്നും വിഡി സതീശന്‍ പറഞ്ഞു.

മരംമുറി അട്ടിമറിയിലെ ധര്‍മ്മടം ബന്ധം തെളിയിക്കുന്ന ഫോണ്‍രേഖകള്‍ പുറത്തായിട്ടും നടപടി എടുക്കേണ്ട വനംവകുപ്പ് ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ എന്‍ ടി സാജനെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് വനം വിജിലന്‍സ് മേധാവിയും എപിസിസിഫും എന്‍ടി സാജനും മരംമുറികേസിലെ പ്രതികളും തമ്മിലെ ബന്ധം വ്യക്തമാക്കി റിപോര്‍ട്ട് നല്‍കിയത്. പ്രതികളും സാജനും മാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടവും തമ്മില്‍ ഗൂഢസംഘമായി പ്രവര്‍ത്തിച്ചെന്ന് കാണിക്കുന്ന ഫോണ്‍രേഖകള്‍ പുറത്ത് വന്നിട്ടും വനംവകുപ്പിന് അനക്കമില്ല.



Tags:    

Similar News