പ്രവര്‍ത്തകര്‍ പരിക്കേറ്റു കിടക്കുമ്പോള്‍ ലോകകേരള സഭയില്‍ ഇരിക്കാനാവില്ല;കോടികള്‍ മുടക്കിയതിന്റെ റിസല്‍ട്ട് പറയാമോ എന്നും വിഡി സതീശന്‍

പ്രവാസികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനെയല്ല 16 കോടി ചെലവാക്കി പരിപാടി നടത്തുന്നതിനെയാണ് ധൂര്‍ത്ത് എന്ന് വിശേഷിപ്പിച്ചത്

Update: 2022-06-17 13:08 GMT

തിരുവനന്തപുരം: തങ്ങളുടെ പ്രവര്‍ത്തകര്‍ പരിക്കേറ്റു കിടക്കുമ്പോള്‍ ലോക കേരള സഭയില്‍ ഇരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ലോക കേരള സഭയില്‍ പങ്കെടുക്കാത്തതിന് പ്രതിപക്ഷത്തെ വിമര്‍ശിച്ച എംഎ യൂസഫലിക്ക് മറുപടി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ്. പ്രവാസികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനെയല്ല 16 കോടി ചെലവാക്കി പരിപാടി നടത്തുന്നതിനെയാണ് ധൂര്‍ത്ത് എന്ന് വിശേഷിപ്പിച്ചത്. പരിപാടിയില്‍ പങ്കെടുക്കേണ്ട എന്നത് യുഡിഎഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

ലോക കേരള സഭ പ്രവാസികളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയൊന്നുമല്ല. കഴിഞ്ഞ രണ്ടു തവണയും കോടികള്‍ മുടക്കി പരിപാടി നടത്തിയിട്ടും അതിന്റെ റിസള്‍ട്ട് എന്താണെന്ന് താന്‍ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ മുഖ്യമന്ത്രിയോട് ചോദിച്ചതാണ്. എല്ലാ കാര്യത്തിനും പ്രോഗ്രസ് കാര്‍ഡുമായി നടക്കുന്ന മുഖ്യമന്ത്രി ഇതുവരെ അത് പറയാന്‍ തയ്യാറായിട്ടില്ല. ഇപ്പോള്‍ തങ്ങളുടെ മനസ്സിന് വിശാലത കുറവാണ്. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ആ വേദിയില്‍ പോയി മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News