രാഹുല്‍ മിടുക്കനായ സ്ഥാനാര്‍ഥി;സരിനോട് വൈകാരികമായി പ്രതികരിക്കരുതെന്ന് അപേക്ഷിച്ചതാണ്: വിഡി സതീശന്‍

തിരുവല്ലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിഡി സതീശന്‍

Update: 2024-10-16 10:23 GMT

പത്തനംതിട്ട: രാഹുല്‍ മിടുക്കനായ സ്ഥാനാര്‍ഥിയാണെന്നും കോണ്‍ഗ്രസിന്റെ സമരനായകനാണെന്നും വിഡി സതീശന്‍. പാര്‍ട്ടിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പി സരിന്‍ എന്തിനാണ് ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് അറിയില്ലെന്നും വൈകാരികമായി പ്രതികരിക്കരുതെന്ന് അപേക്ഷിച്ചതാണെന്നും പ്രത്യാഘാതം എന്തായാലും നേരിടുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ഥി പട്ടികയ്ക്കെതിരെ കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ പി.സരിന്‍ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെ തിരുവല്ലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിഡി സതീശന്‍.

തങ്ങള്‍ക്കൊരു നടപടിക്രമമുണ്ടെന്നും. അത് അനുസരിച്ചുള്ള എല്ലാ കൂടിയാലോചനകളും പൂര്‍ത്തിയാക്കിയാണ് സ്ഥാനാര്‍ഥികളെ തിരഞ്ഞെടുത്തതെന്നും വിഡി സതീശന്‍ പറഞ്ഞു. ''ഇതിന്റെ പൂര്‍ണ ഉത്തരാവദിത്തം എനിക്കും കെപിസിസി പ്രസിഡന്റിനുമാണ്. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് ഞങ്ങള്‍ എഐസിസിക്ക് അയച്ചുകൊടുത്തത്. അതില്‍ തെറ്റ് വരുത്തിയിട്ടില്ല. അദ്ദേഹം എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് മനസിലാകുന്നില്ല. ഞാന്‍ അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തതാണ്. സ്ഥാനാര്‍ഥികള്‍ ഏറ്റവും മികച്ചവരാണ്'' സതീശന്‍ പറഞ്ഞു.

Tags:    

Similar News