ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ആംആദ്മി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. ഡല്‍ഹിയില്‍ വച്ച് നടന്ന ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരവിന്ദ് കെജ്‌രിവാളും പ്രധാനമന്ത്രിയും ആളുകളെ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി പറ്റിക്കുകയാണെന്നും ഒന്നും നടക്കാന്‍ പോകുന്നില്ലെന്നും അത് ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഡല്‍ഹിയില്‍ കെജ്‌രിവാൾ അധികാരത്തിലെത്തുമ്പോള്‍ എന്തായിരുന്നു പറഞ്ഞിരുന്നത്, മലിനീകരണത്തെ കുറിച്ചും പണപ്പെരുപ്പത്തെകുറിച്ചും വാതോരാതെ സംസാരിച്ചിരുന്നല്ലോ, എന്നിട്ട് എന്തുണ്ടായി, മലിനീകരണവും പണപ്പരുപ്പവും കൂടിയില്ലെ? രാഹുല്‍ഗാന്ധി പറഞ്ഞു. ഒരു വാഗ്ദാനം കഴിയുമ്പേള്‍ മറ്റൊന്ന് എന്ന രീതിയിലാണ് മോദിയും കെജ്‌രിവാളും കാര്യങ്ങളെ സമീപിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് ജയിച്ചാല്‍ ജാതി സെന്‍സസ് നടപ്പിലാക്കുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു
അതേ സമയം, രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും രാഹുലിന് രക്ഷിക്കേണ്ടത് കോണ്‍ഗ്രസിനേയാണെന്നും തനിക്ക് സംരക്ഷിക്കേണ്ടത് രാജ്യ താല്‍പര്യങ്ങളാണെന്നും കെജ്‌രിവാൾഎക്‌സില്‍ കുറിച്ചു. ഫെബ്രുവരി 5 നാണ് ഡല്‍ഹി തിരഞ്ഞടുപ്പ്.