കൽപ്പറ്റ: പരിശോധനാ ഉദ്യോഗസ്ഥരെ തള്ളിമാറ്റി മയക്കുമരുന്നുമായി വാഹനത്തിൽ കടന്നുകളയാൻ ശ്രമിച്ച യുവാവിനെ പിടികൂടി. മലപ്പുറം പെരിന്തൽമ്മണ്ണ അങ്ങാടിപുറം, പുത്തനങ്ങാടി ആലിക്കൽ അജ്നാസ്(26) നെയാണ് സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് പാർട്ടി, വയനാട് എക്സൈസ്സ് ഇന്റലിജൻസ് ആന്റ് ഐബി, മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് എന്നിവരുടെ സംയുക്ത നടപടിയിൽ പിടികൂടിയത്. കാറിൽ 5 കിലോ കഞ്ചാവ് ,390 മിഗ്രാം എംഡിഎംപി മയക്കുമരുന്ന് എന്നിവ യുവാവിൽ നിന്നും കണ്ടെടുത്തു. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ ബൈജു ചെക്ക് പോസ്റ്റിൽ വച്ച് വാഹനം പരിശോധന നടത്തുമ്പോഴാണ് ഉദ്യോഗസ്ഥനെ തട്ടിമാറ്റി വാഹനവുമായി പ്രതി കടന്നുകളയുകയായിരുന്നു. പുറകെ വന്ന മറ്റൊരു കാറിൽ വാഹനത്തെ പിൻതുടർന്നെങ്കിലും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. പിന്നീട് വിവരം മറ്റു ഓഫിസുകളെ അറിയിക്കുകയും സുൽത്താൻ ബത്തേരി എക്സൈസ് ഇന്റലിജൻസ് പാർട്ടി വാഹനം 15 കിലോമീറ്റർ അകലെ തമിഴ്നാട് ബോർഡറായ ചീരാലിൽ വച്ച് തടയുകയും ചെയ്തു. അജ്നാസിന്റെ മൊബൈൽ കവറിൽ നിന്നും 390 മില്ലി ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തു.
ഇതേസമയം സമയം അജനാസ് വാഹനം ഓടിച്ചു പോയ വഴികളിലൂടെ പരിശോധനയും അന്വേഷണവും നടത്തിയ ഉദ്യോഗസ്ഥർ നാട്ടുകാരുടെ സഹായത്തോടെ കാർ റോഡരുകിൽ നിറുത്തി ഡ്രൈവർ ബോണറ്റ് തുറന്ന് എന്തോ പൊതികൾ പുഴയിറമ്പിൽ തള്ളി എന്ന വിവരം ലഭ്യമാക്കുകയും ചെയ്തു. തുടർന്ന് പുഴയിറമ്പിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു. പ്രതിയെ പിടികൂടിയ സംഘത്തിൽ പാർട്ടിയിൽ എക്സൈസ് റെയിഞ്ച് ജസ്പെക്ടർ ജനാർദാനൻ, ഐബി ഇൻസ്പെക്ടർ സുനിൽ, ഐബി പ്രിവന്റീവ് ഓഫിസമാരായ വിനീഷ് ഷാജിമോൻ, വിആർ ബാബുരാജ് റെയിഞ്ച് പിഒ അനിൽകുമാർ, ജി ഗോപി സിഇഒ മാരായ ഹരിദാസ് എംപി, അനീഷ് എഎസ് എന്നിവരും ഉണ്ടായിരുന്നു.