ടി പി കേസിലെ പ്രതികള്‍ക്ക് 'വര്‍ഷം മുഴുവന്‍' പരോള്‍; ഇടത് സര്‍ക്കാര്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് കെ കെ രമ എംഎല്‍എ

Update: 2021-09-01 05:13 GMT

തിരുവനന്തപുരം: ടി.പി കേസിലെ 11 പ്രതികള്‍ക്കായി കേരളസര്‍ക്കാര്‍ അനുവദിച്ചത് 4,614 ദിവസത്തെ പരോള്‍. 290 ദിവസത്തെ കൊവിഡ് പ്രത്യേക അവധി കൂടാതെയാണ് 291 ദിവസത്തെ അധിക അവധി ജയില്‍ വകുപ്പ് നല്‍കിയത്. കൊടി സുനി ഒഴികെ എല്ലാ പ്രതികളും പ്രത്യേക കൊറോണ അവധിയില്‍ ജയിലിന് പുറത്താണ്. ഹൈക്കോടതി നിര്‍ദേശ പ്രകാരം 327 ദിവസം അവധി ലഭിച്ച പി.കെ കുഞ്ഞനന്തന്‍ പ്രത്യേക ജാമ്യത്തിലിരിക്കെയാണ് മരിച്ചത്.

ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണയെന്ന വാക്യത്തെ അന്വര്‍ത്ഥമാക്കും വിധം ഒരു സംസ്ഥാന ഭരണകൂടം ഒരു കൂട്ടം ക്രിമിനല്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ ഇംഗിതത്തിന് വഴങ്ങി ജനാധിപത്യ നൈതികതയെത്തന്നെ ചോദ്യം ചെയ്യുന്ന കാഴ്ചയ്ക്ക് കേരളം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നതെന്ന് വടകര എംഎല്‍എ കെ കെ രമ വിമര്‍ശിച്ചു. ക്രൂരകൊലപാതകത്തിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഇടതടവില്ലാതെ പരോള്‍ നല്‍കി നീതിന്യായ വ്യവസ്ഥയേയും ജനങ്ങളേയും വെല്ലുവിളിക്കുകയാണ് കേരള ഭരണം കയ്യാളുന്ന ഇടത് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പില്‍ അവര്‍ വ്യക്തമാക്കി.

2017 മുതല്‍ കിര്‍മാണി മനോജിന് 180 ദിവസവും അനൂപിന് 175 ദിവസവും അണ്ണന്‍ സിജിത്തിന് 255 ദിവസവും വാഴപടച്ചി റഫീഖിന് 170 ദിവസവും ട്രൗസര്‍ മനോജിന് 257 ദിവസവും മുഹമ്മദ് ഷാഫിക്ക് 180 ദിവസവും ഷിനോജിന് 150 ദിവസവും രജീഷിന് 160 ദിവസവുമാണ് അവധി നല്‍കിയത്. 2020ല്‍ അനുവദിച്ച 290 ദിവസത്തെ പ്രത്യേക കൊറോണ അവധി കൂടാതെയാണിത്.

''രണ്ടു ജില്ലാ കമ്മിറ്റികള്‍ക്ക് കീഴിലെ രണ്ട് ഏരിയാ നേതൃത്വങ്ങളില്‍പ്പെട്ടവര്‍ ഈ കേസില്‍ ശിക്ഷിക്കപ്പെട്ടു. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ നടന്ന ഗൂഢാലോചനകളാണ് ടി.പി.യുടെ വധത്തിലേക്ക് നയിച്ചതെന്ന് പകല്‍ പോലെ വ്യക്തമാണ്. ടി.പി കേസ് പ്രതികള്‍ക്ക് നിരന്തരം ജാമ്യം ലഭിക്കുന്നതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക താല്പര്യമാണെന്ന് ആര്‍ക്കും ബോധ്യമാവും''- തീവെട്ടിക്കൊള്ളക്കും സ്വജനപക്ഷ താല്പര്യങ്ങള്‍ക്കും തുടര്‍ഭരണം ഒരവസരമാക്കുകയാണ് സി.പി.ഐ.എം ചെയ്യുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

''ജയിലില്‍ കിടന്നു തന്നെ മൊബൈല്‍ ഉപയോഗിച്ചും മറ്റും ക്വട്ടേഷനുകള്‍ ആസൂത്രണം ചെയ്യാന്‍ ടി.പി കൊലക്കേസ് പ്രതികള്‍ക്ക് സാധിച്ചിരുന്നു. ഒരാഴ്ച മുമ്പാണ് വിയ്യൂര്‍ ജയിലില്‍വെച്ച് കൊടി സുനിയുടെ കൈയില്‍നിന്ന് ബ്ലൂടൂത്ത് ഹെഡ് സെറ്റ് ഉള്‍പ്പെടെ പിടികൂടിയത്.

ആഭ്യന്തര വകുപ്പിന്റെ ഒത്താശയോടെയാണ് ടി.പി കൊലക്കേസ് പ്രതികള്‍ ജയിലിലും പുറത്തും വിലസുന്നത്. ടി.പി കൊലക്കേസ് പ്രതികളോട് മാത്രം മുഖ്യമന്ത്രിക്ക് എന്താണിത്ര താല്പര്യമെന്ന് കേരള ജനതക്ക് കൃത്യമായറിയാം. ഭരണത്തുടര്‍ച്ചയേയും പല പ്രമുഖരുടേയും രാഷ്ട്രീയ ഭാവിയേയും ബാധിക്കാവുന്ന സത്യങ്ങള്‍ താഴിട്ടു വച്ച മൗനങ്ങളാണ് ടി.പി.കേസ് പ്രതികളുടേത്. രണ്ടു ജില്ലാ കമ്മിറ്റികള്‍ക്ക് കീഴിലെ രണ്ട് ഏരിയാ നേതൃത്വങ്ങളില്‍ പെട്ടവര്‍ ഒത്തുചേര്‍ന്നു നടത്തിയ ഗൂഢാലോചനകളാണ് ടി.പി.യുടെ വധത്തിലേക്ക് നയിച്ചതെന്ന് പകല്‍ പോലെ വ്യക്തമാണ്. അതുകൊണ്ട് തന്നെ ആ പ്രതികള്‍ക്ക് ഒരു അനിഷ്ടവും വരാതെ നോക്കേണ്ടതും അവര്‍ മിണ്ടാതിരിക്കേണ്ടതും സി.പി.എമ്മിന് മറ്റെന്തിനേക്കാളും പ്രധാനമാണ''- ടി.പി കേസ് പ്രതികള്‍ക്ക് വഴിവിട്ട പരോളനുവദിക്കാന്‍ ആഭ്യന്തര വകുപ്പിനേയും ആരോഗ്യ വകുപ്പിനേയും ദുരുപയോഗിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും അവര്‍ ആരോപിച്ചു.

Tags:    

Similar News