ഹൈക്കോടതി വിമര്‍ശനത്തിന് പുല്ലുവില: ഗോവധക്കാരെ ജയിലിലാക്കുമെന്ന് യോഗി ആദിത്യനാഥ്

Update: 2020-10-28 06:32 GMT

അലഹബാദ്: ഗോവധക്കാരെ വേണ്ട വിധം കൈകാര്യം ചെയ്യാനുള്ള തന്റെ തീരുമാനത്തില്‍ ഉറച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നവംബര്‍ 3ന് ബീഹാറില്‍ നടക്കുന്ന രണ്ടാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ ഭാഗമായി നടന്ന റാലിയില്‍ സംസാരിക്കുന്നതിനിടയിലാണ് യോഗിയുടെ പ്രതികരണം. ഗോവധം ക്ഷമിക്കാവുന്ന കുറ്റമല്ലെന്നും അസ്വീകാര്യമാണെന്നും ആദിത്യനാഥ് ഊന്നിപ്പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ഗോവധ നിരോധന നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന അലഹബാദ് ഹൈക്കോടതിയുടെ പരാമര്‍ശം വന്ന് അടുത്ത ദിവസമാണ് യോഗി ആദിത്യനാഥിന്റെ പ്രതികരണം പുറത്തുവന്നിട്ടുള്ളത്. ഈ നിയമത്തിലെ 3,5,8 വകുപ്പുകള്‍ പ്രകാരം, ഗോവധം, ഗോമാംസ വില്‍പ്പന എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത റഹീമുദ്ദീന്റെ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

പശുക്കളെ സംരക്ഷിക്കുന്നതില്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും പശുക്കളെ കൊല്ലുന്നവരെ ജയിലിലേക്കയക്കുമെന്നും യോഗിപറഞ്ഞു. പശുക്കളെ സംരക്ഷിക്കാന്‍ ഗോശാലകള്‍ എല്ലാ ജില്ലകളിലും നിര്‍മിക്കുമെന്നും ഗോസംരക്ഷണം എല്ലാവുടെയും ഉത്തരവാദിത്തമാണെന്നും ആദിത്യനാഥ് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ഗോവധ നിരോധന നിയമം നിരപരാധികളെ കുടുക്കാന്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ്. ഏത് മാംസം കണ്ടെത്തായാലും അത് ബീഫ് ആണെന്ന് പ്രഖ്യാപിക്കുകയാണ്. ഫോറന്‍സിക് പരിശോധനയ്ക്കു മുമ്പാണ് ഈ തീര്‍പ്പു കല്‍പ്പിക്കല്‍. പലപ്പോഴും പിടിച്ചെടുക്കുന്ന മാംസം പരിശോധനയ്ക്കു പോലും അയക്കുന്നില്ല. ഒരു തെറ്റും ചെയ്യാത്തവര്‍ ജയിലില്‍ അടയ്ക്കപ്പെടുന്നു- അലഹബാദ് ഹൈക്കോടതി ജാമ്യം നല്‍കിക്കൊണ്ടുളള വിധിയില്‍ ചൂണ്ടിക്കാട്ടി.

പശുവിനെ കൊന്നതിനും ബീഫ് കൈവശം വച്ചതിനും അറസ്റ്റ് ചെയ്യപ്പെട്ട റഹീമുദ്ദീനെ മാംസം കണ്ടെടുത്ത സ്ഥലത്തുനിന്നല്ല അറസ്റ്റ് ചെയ്തതെന്നും എഫ്ഐആറില്‍ അത്തരം പരാമര്‍ശമില്ലെന്നും ഒരു മാസത്തില്‍ അധികമായി ജയിലില്‍ കഴിയുകയാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. റഹീമുദ്ദീന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. കൂടാതെ, സംസ്ഥാനത്ത് ഉപേക്ഷിക്കപ്പെട്ട കന്നുകാലികളുടെയും വഴിതെറ്റിയ പശുക്കളുടെയും ഭീഷണിയെക്കുറിച്ചും ഹൈക്കോടതി സുപ്രധാന പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

Tags:    

Similar News