യുപിയില്‍ നടക്കുന്നത് കാട്ടുനീതി; കേരളത്തിലെ ബിജെപി നേതാക്കള്‍ യോഗിയെ തിരുത്തണമെന്നും കോടിയേരി

ലോകായുക്ത നിയമഭേദഗതി സംബന്ധിച്ച അഭിപ്രായവ്യത്യാസത്തെക്കുറിച്ച് സിപിഐയുമായി ചര്‍ച്ച നടത്തും

Update: 2022-02-11 12:36 GMT

തിരുവനന്തപുരം: യോഗി ആദിത്യനാഥിന്റെ യുപിയില്‍ കാട്ടു നീതിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ക്രമസമാധാനം താറുമാറായിരിക്കുന്നു, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമം വര്‍ധിക്കുന്നു. കേരളവുമായി ഒരു താരതമ്യവും യുപി അര്‍ഹിക്കുന്നില്ല. യോഗിയുടെ പരാമര്‍ശത്തോടെ കേരളത്തിലെ വികസനം ചര്‍ച്ച ചെയ്യാന്‍ സഹായിച്ചുവെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മാര്‍ച്ച് ഒന്നു മുതല്‍ നാലുവരെ എറണാകുളത്ത് സിപിഎം സംസ്ഥാന സമ്മേളനം നടക്കും. എല്ലാ പ്രതിനിധികള്‍ക്കും ആര്‍ടിപിസിആര്‍ നിര്‍ബന്ധമെന്നും കോടിയേരി അറിയിച്ചു.

സമ്മേളനത്തിനായി ഫണ്ട് ബഹുജനങ്ങളില്‍ നിന്ന് സ്വീകരിക്കും. ഈ മാസം 21 പതാക ദിനമായി ആചരിക്കും. ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തിയതികളില്‍ നടക്കും. പ്രതിനിധി സമ്മേളനം മാത്രമേ ഉണ്ടാകൂ. ഫെബ്രുവരി 26ന് വൈകീട്ട് 4ന് കരട് രാഷ്ട്രീയ പ്രമേയം ഓണ്‍ലൈനായി അവതരിപ്പിക്കും.

ലോകായുക്ത ഭേദഗതി സംബന്ധിച്ച അഭിപ്രായവ്യത്യാസത്തെക്കുറിച്ച് സിപിഐയുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐയുമായി പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കും. സിപിഐ മന്ത്രിമാര്‍ കൂടി പങ്കെടുത്താണ് ഓര്‍ഡിനന്‍സ് സംബന്ധിച്ച് തീരുമാനമെടുത്തത്. ഓര്‍ഡിനന്‍സ് നിലവില്‍ വന്നു. ഇനി ചര്‍ച്ച എന്തിനാണ്. ചര്‍ച്ചയ്ക്ക് അവസരമുണ്ടായിരുന്നു, അന്നു ചര്‍ച്ച നടന്നില്ല. ഇനി ബില്ല് വരുമ്പോള്‍ ചര്‍ച്ച നടക്കട്ടെ. മന്ത്രിസഭ ഒരു തവണ മാറ്റി വച്ച വിഷയമാണിതെന്നും കോടിയേരി പറഞ്ഞു.


Tags:    

Similar News