യോഗി ജനങ്ങളുടെയല്ല താക്കൂര്‍ സമുദായത്തിന്റെ നേതാവ്; ആദിത്യനാഥിനെതിരേ ചന്ദ്രശേഖര്‍ ആസാദ്
ഗോരഖ്പൂര്‍: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങളുടെയല്ല താക്കൂര്‍ സമുദായത്തിന്റെ നേതാവാണെന്ന് ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ്. യോഗി ആദിത്യനാഥ് മല്‍സരിക്കുന്ന മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ എതിരാളിയാണ് ആസാദ് സമാജ് പാര്‍ട്ടി മേധാവികൂടിയായ ചന്ദ്രശേഖര്‍ ആസാദ്.
ബിജെപിയെ യുപിയില്‍ നിന്നു തുരത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അഖിലേഷിനെ സമീപിച്ചതെങ്കിലും നിരാശയായിരുന്നു ഫലം. അഖിലേഷ് യാദവ്, മായാവതി തുടങ്ങിയവരില്‍ നിന്ന് തനിക്ക് മോശം അനുഭവമാണ് ഉണ്ടായതെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം സഖ്യസാധ്യതയുണ്ടെങ്കില്‍ പരിഗണിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
'ഞാന്‍ അഖിലേഷ് യാദവിനെ ബഹുമാനിക്കുന്നു, പക്ഷേ, മറ്റ് ജാതികളില്‍ നിന്നും മതങ്ങളില്‍ നിന്നുമുള്ള ആളുകള്‍ കഷ്ടപ്പെടുന്നത് എനിക്ക് കണ്ടിരിക്കാനാവില്ല. അഖിലേഷ് ഞങ്ങളെ വഞ്ചിച്ചു, പക്ഷേ ഞാന്‍ വീണ്ടും ശക്തനായ ഒരു വ്യക്തിയായി ഉയര്‍ന്നുവന്ന് ഞങ്ങളുടെ പാര്‍ട്ടി സ്ഥാപിച്ചു. മറ്റ് ചെറിയ പാര്‍ട്ടികളുമായി ചേര്‍ന്ന് സമാജിക് പരിവര്‍ത്തന്‍ മോര്‍ച്ച രൂപീകരിച്ചു. എന്തിന് ജനങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യണം? അവര്‍ ജനങ്ങള്‍ക്ക് വേണ്ടി പോരാടിയിട്ടുണ്ടോ അതോ ബിജെപിയുടെ സ്വേച്ഛാധിപത്യത്തില്‍ നിന്ന് അവരെ സംരക്ഷിച്ചിട്ടുണ്ടോ? തിരഞ്ഞെടുക്കപ്പെട്ടാല്‍ പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുമെന്ന് അഖിലേഷ് പറയുന്നു, എന്നാല്‍ 2012 മുതല്‍ 2017 വരെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എന്തുകൊണ്ട് അത് ചെയ്തില്ല? എന്തായാലും തിരഞ്ഞെടുപ്പിന് ശേഷം എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം, ബിജെപിയെ അധികാരത്തിലെത്തുന്നത് തടയാന്‍ ആവശ്യമായതെല്ലാം ചെയ്യും'- അദ്ദേഹം പറഞ്ഞു.
ദലിത് നേതാവായാണോ സ്വയം കാണുന്നതെന്ന ചോദ്യത്തിന് ദലിത് നേതാവായിരിക്കുമ്പോഴും ബഹുജന ഐക്യത്തിനുവേണ്ടി പോരാടുമെന്ന് അദ്ദേഹം പ്രതികരിച്ചു. നീറ്റ് സംവരണം, ഒബിസി സെന്‍സസ്, സിഎഎ, എന്‍ആര്‍സി തുടങ്ങിയ വിഷയങ്ങളിലും സമരം ചെയ്തു. യുവജനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അഖിലേഷും മായാവതിയും ജനങ്ങളേക്കാള്‍ അവരുടെ വ്യക്തിപരമായ രാഷ്ട്രീയത്തിലാണ് ഊന്നുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ മായാവതി ദലിതര്‍ക്കായി എന്തു ചെയ്തു? റാലി നടത്തലും വോട്ട് തെണ്ടലും മാത്രമല്ല, ഏക ജോലി. ദലിതര്‍ക്കൊപ്പം നില്‍ക്കണം- അദ്ദേഹം പറഞ്ഞു.
'യോഗി ആദിത്യനാഥ് ഒരിക്കലും മുഖ്യമന്ത്രി സ്ഥാനത്തിന് മുന്‍തൂക്കം നല്‍കിയിരുന്നില്ല. സത്യത്തില്‍ അദ്ദേഹം ഒരു എംഎല്‍എ പോലും ആയിരുന്നില്ല. ഒബിസിയുടെ പേരില്‍ വോട്ട് ചോദിച്ചെങ്കിലും ബിജെപി അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കി. യോഗി തന്നോട് മോശമായി പെരുമാറിയെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ഒരു എംപി തുറന്നടിച്ചു. അദ്ദേഹത്തിന്റെ മറ്റ് എംഎല്‍എമാര്‍ അദ്ദേഹത്തിനെതിരെ പ്രതിഷേധിച്ചു. അദ്ദേഹം ഒരു സ്വേച്ഛാധിപതിയാണ്, സ്വേച്ഛാധിപതികള്‍ക്കെതിരെ ആളുകള്‍ നിലപാട് സ്വീകരിച്ചാല്‍ ഇന്ദിരാഗാന്ധിയെപ്പോലുള്ള ശക്തരായ നേതാക്കള്‍ പോലും തിരഞ്ഞെടുപ്പില്‍ പരാജയപ്പെടും'-ആസാദ് പറഞ്ഞു.
'ആരാണ് തങ്ങളെ നയിക്കേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷമായി മുഖ്യമന്ത്രി എന്താണ് ചെയ്തതെന്ന് നോക്കൂ. ഹത്രാസ് ബലാത്സംഗ സംഭവം അതിന്റെ ഉദാഹരണമാണ്. ആ സംഭവം തന്നെ ഭയാനകമായിരുന്നു, മകളെ സംസ്‌കരിക്കാനുള്ള അവകാശം പോലും പോലിസ് ആ കുടുംബത്തിന് നല്‍കിയില്ല. കുടുംബത്തിന് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്‌തെങ്കിലും ഒന്നും നല്‍കിയില്ല. ക്രിമിനലുകളുടെ സ്വത്തുക്കളില്‍ ബുള്‍ഡോസറുകള്‍ ഓടിക്കുകയാണെന്ന് തങ്ങളെന്ന് സര്‍ക്കാര്‍ പറയുന്നു, എന്നാല്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാര്‍ക്കെതിരേ വാറണ്ട് ഉണ്ടായിട്ടും അവര്‍ സ്വതന്ത്രരായി വിഹരിക്കുന്നു'- യോഗി ജനങ്ങളുടെ നേതാവല്ല, താക്കൂര്‍ സമുദായത്തിന്റെ നേതാവാണെന്നും അദ്ദേഹം പറഞ്ഞു.