ഹാഥ്‌റസിലെ പെണ്‍കുട്ടിയുടെ കൊലപാതകം: ഉത്തരവാദി യോഗി സര്‍ക്കാര്‍; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് മുസ്‌ലിം ലീഗ്

Update: 2020-10-03 12:58 GMT


ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പൂര്‍ണ ഉത്തരവാദി യോഗി ആദിത്യ നാഥിന്റെ നേതൃതത്തിലുള്ള സംസ്ഥാന സര്‍ക്കാരാണന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും മുസ്‌ലിം ലീഗ്.

സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് മതിയായ ചികില്‍സ ഉറപ്പാക്കാന്‍ പോലും സര്‍ക്കാരിനായില്ല. സംഭവം മറച്ചുവെക്കാനാണ് അധികാരികള്‍ ശ്രമിച്ചത്. ദലിതരേയും ന്യൂനപക്ഷങ്ങളേയും ഉപദ്രവിക്കുന്ന നയങ്ങളാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ യുപിയില്‍ നടപ്പാക്കികൊണ്ടിരിക്കുന്നത്. ഹാഥ്‌റസ് സംഭവത്തില്‍ പോലിസ് ഇടപെട്ടത് ഇരയ്ക്ക് നീതിയുറപ്പാക്കാനല്ല കുറ്റവാളികളെ രക്ഷിക്കാനാണന്നത് ഞെട്ടിക്കുന്നതാണ്. പീഡനം നടന്നിട്ടില്ലെന്നാണ് പോലിസ് പറയുന്നത്. രക്ഷിതാക്കളെ പങ്കെടുപ്പിക്കാതെ പെണ്‍കുട്ടിയെ സംസ്‌ക്കരിക്കുകയും ചെയ്തു. ഇരയ്ക്ക് ജീവിതകാലത്ത് മാന്യമായ സുരക്ഷിത ജീവിതം ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ട പോലിസ് മരണശേഷം മാന്യമായ സംസ്‌കാരമെങ്കിലും ഉറപ്പാക്കണമായിരുന്നു.

പ്രതികളെ രക്ഷിക്കാനായുള്ള ശ്രമം പുറത്തു കൊണ്ടുവരാന്‍ ജ്യുഡീഷ്യല്‍ അന്വേഷണം വേണമെന്നും മുസ്‌ലിം ലീഗ് എംപിമാരായ പി കെ കുഞ്ഞാലികുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുള്‍ വഹാബ്, നവാസ്‌കനി എന്നിവര്‍ ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിക്കും എംപിമാര്‍ കത്തെഴുതിയിട്ടുണ്ട്.

Tags:    

Similar News