നെല്ലിയമ്പം ഇരട്ടക്കൊല: പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ഏപ്രില്‍ 29ന്
കല്‍പറ്റ: പനമരം നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന്‍ കുറ്റക്കാരനെന്ന് കോടതി. വയനാട് അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി രണ്ടാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഏപ്രില്‍ 29ന് കോടതി ശിക്ഷ പ്രഖ്യാപിക്കും.
കൊലപാതകം, ഭവന ഭേദനം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. ജഡ്ജി എസ്‌കെ അനില്‍കുമാറാണ് വിധി പറയുക. 2021 ജൂണ്‍ 10ന് രാത്രിയാണ് അര്‍ജുന്‍ വയോധിക ദമ്പതികളായ റിട്ട. അധ്യാപകന്‍ കേശവനെയും ഭാര്യ പത്മാവതിയെയും മോഷണ ശ്രമത്തിനിടെ വെട്ടിക്കൊന്നത്. നെല്ലിയമ്പത്തെ വീട്ടില്‍ വെട്ടേറ്റ നിലയില്‍ അയല്‍വാസികളാണ് ദമ്പതികളെ ആദ്യം കണ്ടത്. വെട്ടേറ്റ കേശവന്‍ സംഭവസ്ഥലത്തും പത്മാവതി വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മണിക്കൂറുകള്‍ക്കുള്ളിലും മരിച്ചു.
സംഭവം കഴിഞ്ഞ് മൂന്നു മാസത്തിനുശേഷം സെപ്റ്റംബര്‍ 17നാണ് പ്രതി അയല്‍വാസിയായ നെല്ലിയമ്പം കായക്കുന്ന് കുറുമക്കോളനിയിലെ അര്‍ജുന്‍ അറസ്റ്റിലാവുന്നത്. ഫോറന്‍സിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. പനമരം, നീര്‍വാരം സ്‌കൂളുകളിലെ കായിക അധ്യാപകനായിരുന്നു മരിച്ച കേശവന്‍.
അന്വേഷണ ഉദ്യോഗസ്ഥനുള്‍പ്പെടെ 75 സാക്ഷികളെയാണ് വിസ്തരിച്ചത്. 179 രേഖകളും 39 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ഡിസംബര്‍ 20നാണ് കേസിന്റെ വിചാരണ പൂര്‍ത്തിയായത്.