സാക്ഷരത മിഷന്‍ ഡയറക്ടര്‍ പിഎസ് ശ്രീകല മൂന്ന് കോടി തട്ടിയെന്ന്; ഡയറക്ടറുടെ അഴിമതിയില്‍ സമഗ്ര അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ്

ചതുരശ്ര അടിക്കു 1400 രൂപ നിരക്കില്‍ കെട്ടിട നിര്‍മാണം നടത്തുന്ന ഹാബിറ്റാറ്റ് ഗ്രൂപ്പിനെ കൊണ്ട് 3657 രൂപ നിരക്കില്‍ 4.87 കോടിയിലാണ് നിര്‍മാണം നടത്തിയത്. രണ്ട് കോടിയ്ക്കുള്ളില്‍ ഒതുങ്ങുമായിരുന്ന നിര്‍മാണത്തിനാണ് ഇത്രയും ഭീമമായ തുക ചെലവഴിച്ചത്.

Update: 2021-07-31 12:17 GMT

തിരുവനന്തപുരം: സാക്ഷരത മിഷന് സ്വന്തമായി ആസ്ഥാനം നിര്‍മിച്ചതിന്റെ മറപറ്റി സര്‍ക്കാരിന്റെ 3 കോടിയോളം തട്ടിയ ഡയറക്ടര്‍ പിഎസ് ശ്രീകലയെ ഉടന്‍ അറസ്റ്റ് ചെയ്തു തുറങ്കില്‍ അടയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്എം ബാലു ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേട്ട സാക്ഷരത മിഷന്‍ ഓഫിസിനു മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുട്ടികള്‍ക്ക് കളിക്കാനും പഠിക്കാനുമുള്ള 43 സെന്റ് സ്‌കൂള്‍ പരിസരം കയ്യേറിയാണ് സാക്ഷരത മിഷന് കെട്ടിട സമുച്ഛയം പണികഴിപ്പിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിക്ഷിപ്തമായ ഭൂമിയില്‍ 16 സെന്റില്‍ 7000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കെട്ടിടം നിര്‍മിക്കാനായിരുന്നു സര്‍ക്കാര്‍ അനുമതി. എന്നാല്‍ 43 സെന്റ് സ്ഥലം കയ്യേറി 13654 ചതുരശ്രഅടി വിസ്തീര്‍ണത്തിലാണ് മൂന്നുനില കെട്ടിടം പണി കഴിപ്പിച്ചത്.

ചതുരശ്ര അടിക്കു 1400 രൂപ നിരക്കില്‍ കെട്ടിട നിര്‍മാണം നടത്തുന്ന ഹാബിറ്റാറ്റ് ഗ്രൂപ്പിനെ കൊണ്ട് 3657 രൂപ നിരക്കില്‍ 4.87 കോടി രൂപയില്‍ ആണ് നിര്‍മാണം നടത്തിയത്.

രണ്ട് കോടിയ്ക്കുള്ളില്‍ ഒതുങ്ങുമായിരുന്ന നിര്‍മാണത്തിനാണ് ഇത്രയും ഭീമമായ തുക ചെലവഴിച്ചത്. സര്‍ക്കാരിന്റെ മൂന്നു കോടിയോളം രൂപയാണ് പിഎസ് ശ്രീകല തട്ടിയത്. രാജ ഭരണകാലത്ത് നിര്‍മിച്ച പുസ്തക ഡിപ്പോ പൊളിച്ചു മാറ്റിയാണ് കെട്ടിടം നിര്‍മിച്ചത്. ഇതിലും കോടികളുടെ അഴിമതി നടന്നിട്ടുണ്ട്. പുസ്തക ഡിപ്പോ പൊളിച്ചപ്പോള്‍ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന തേക്ക്, ഈട്ടി തടികളിലെ ഉരുപ്പടികളും കടത്തി. കോടികളുടെ ഈ തട്ടിപ്പിനെക്കുറിച്ചു സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തണം. അധോലോക സര്‍ക്കാരിന്റെ നായകന്‍ ആയ മുഖമന്ത്രി പിണറായി വിജയന് ഈ അഴിമതിയിലെങ്കിലും പങ്കില്ലെങ്കില്‍ സമഗ്ര അന്വേഷണത്തിന് നടപടി സ്വീകരിക്കണം. പേര് പോലും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് തുല്യത സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു നടത്തുന്ന സാക്ഷരത മിഷന്റെ അക്ഷരശ്രീ പദ്ധതി സംബന്ധിച്ച അഴിമതിയും സര്‍ക്കാര്‍ അന്വേഷിക്കണമെന്നും എസ്എം ബാലു ആവശ്യപ്പെട്ടു.

യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം നിയോജക മണ്ഡലം പ്രസിഡന്റ് കിരണ്‍ ഡേവിഡ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സുധീര്‍ഷ, ഷീബ പാട്രിക്, അനന്ദു, ഷമീര്‍, അച്ചു അജയ്‌ഘോഷ്, മനോജ് കോണ്‍ഗ്രസ് നേതാക്കളായ ഡി അനില്‍കുമാര്‍, വിജയകുമാര്‍, സന്തോഷ് കുമാര്‍, ഉദയന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Tags:    

Similar News