രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തില്‍ സ്റ്റാഫ് പ്രതി; ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തില്‍ മന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗത്തെ പ്രതി ചേര്‍ത്ത സാഹചര്യത്തിലാണ് കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തുവന്നത്. പത്തനംതിട്ട കൊടുമണ്‍ അങ്ങാടിക്കലിലെ മന്ത്രിയുടെ വീടിന് സമീപത്താണ് കരിങ്കൊടി കാണിച്ചത്. അടൂരിലെ ഫുട്ബാള്‍ ടര്‍ഫ് ഉദ്ഘാടനത്തിന് പോവുന്നതിനായി മന്ത്രി വാഹനത്തില്‍ വീട്ടില്‍ നിന്നിറങ്ങിയതിനു തൊട്ടുപിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ചാടിവീഴുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണന്‍, ജില്ലാ വൈസ് പ്രസിഡന്റ് ജി മനോജ് എന്നിവര്‍ അടക്കമുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്. ക്രിമിനലുകളെ ഒപ്പം കൊണ്ടുനടക്കുന്ന മന്ത്രിയെ വഴിയില്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിക്ക് നേരേ പ്രതിഷേധം അരങ്ങേറിയത്. മന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗത്തെ പ്രതി ചേര്‍ത്തതിന് പിന്നാലെ മന്ത്രിക്കു കര്‍ശന സുരക്ഷയൊരുക്കിയിരുന്നു.
എസ്എഫ്‌ഐ വയനാട് മുന്‍ വൈസ് പ്രസിഡന്റ് കൂടിയായ കെ ആര്‍ അവിഷിത്തിനെയാണ് പ്രതിചേര്‍ത്തത്. ഇയാളെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ പോലിസിനു മേല്‍ വന്‍സമ്മര്‍ദമുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. ഈ മാസം ആദ്യം മുതല്‍ ഇയാള്‍ പേഴ്‌സനല്‍ സ്റ്റാഫ് അംഗമല്ലെന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. വ്യക്തിപരമായ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇയാള്‍ ജോലിയില്‍നിന്നു മാറിനില്‍ക്കുകയായിരുന്നെന്നും മന്ത്രി പറഞ്ഞു. അതേസമയം, പേഴ്‌സനല്‍ സ്റ്റാഫിനെ പുറത്താക്കാന്‍ മന്ത്രി കത്ത് നല്‍കിയത് ഇന്നാണെന്ന റിപോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.