തൃശൂര്‍ രാമനിലയത്തിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു; സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാത്രി താമസിക്കുന്ന തൃശൂര്‍ രാമനിലയത്തിന് മുന്നില്‍ സംഘര്‍ഷം. ഇവിടേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. രാമനിലയത്തിലേക്ക് തള്ളിക്കയറാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് വഴിവച്ചത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലിസ് ജലപീരങ്കി പ്രയോഗിച്ചു.
ഇതിനിടെ, പോലിസിന് നേരേ പ്രവര്‍ത്തകര്‍ കൊടി കെട്ടിയ വടി എറിഞ്ഞു. സംഘര്‍ഷം വര്‍ധിക്കാതിരിക്കാന്‍ സ്ഥലത്ത് കൂടുതല്‍ പോലിസുകാരെ വിന്യസിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെത്തുന്നതിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലും കോട്ടയത്തും കര്‍ശനസുരക്ഷയാണ് ഒരുക്കിയത്. കോട്ടയത്ത് മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധമുണ്ടായ സാഹചര്യത്തില്‍ തൃശൂരില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയെത്തുന്ന വേദികള്‍ക്ക് സമീപവും ഗസ്റ്റ് ഹൗസിലും വന്‍ പോലിസ് സന്നാഹമാണ് അണിനിരന്നിരിക്കുന്നത്.