വിമാനത്തിനകത്ത് യൂത്ത് കോണ്‍ഗ്രസ്സ് നടത്താന്‍ ശ്രമിച്ചത് ഭീകരപ്രവര്‍ത്തനം; ലക്ഷ്യം മുഖ്യമന്ത്രിയെ അപായപ്പെടുത്തലെന്ന് ഡിവൈഎഫ്‌ഐ

Update: 2022-06-13 14:02 GMT

തിരുവനന്തപുരം: വിമാനത്തിനകത്തുവച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരേ മുദ്രാവാക്യം മുഴക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ഭീകരപ്രവര്‍ത്തന ആരോപണവുമായി ഡിവൈഎഫഐ. മുഖ്യമന്ത്രിക്കെതിരേ നടന്നത് വധശ്രമമാണെന്ന കടുത്ത ആരോപണവും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ഉയര്‍ത്തിയിട്ടുണ്ട്.

ചെറുസംഘങ്ങള്‍ നടത്തുന്ന സമരങ്ങള്‍ക്കെതിരേ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ ഭീകരപ്രവര്‍ത്തന ആരോപണമുയര്‍ത്താറുണ്ടെങ്കിലും ഒരു മുഖ്യധാരാ പാര്‍ട്ടി മറ്റൊരു മുഖ്യധാരാ പാര്‍ട്ടിക്കെതിരേ ഇത്തരമൊരു ആരോപണമുയര്‍ത്തുന്നത് ഇതാദ്യമാണ്. കോണ്‍ഗ്രസ്-ബിജെപി-ലീഗ് ഐക്യമുന്നണിയുടെ നേതൃത്വത്തിലാണ് കേരളത്തില്‍ സമരങ്ങള്‍ നടക്കുന്നതെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.

'കഴിഞ്ഞ ഏതാനും ദിവസങ്ങളായി യൂത്ത് കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ലീഗ് ബിജെപി ഐക്യ മുന്നണി നടത്തുന്ന കലാപസമാനമായ പ്രതിഷേധ നാടകങ്ങള്‍ ഇന്ന് അതിന്റെ സര്‍വ്വ സീമയും ലംഘിച്ചിരിക്കുകയാണ്. വിമാനം പോലുള്ള അതീവ സുരക്ഷാ മേഖലയില്‍ മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് കണ്‍വീനര്‍ക്കും നേരെ നടന്ന കയ്യേറ്റശ്രമം ഞെട്ടിപ്പിക്കുന്നതും അതീവ ഗൗരവത്തോടെ കാണേണ്ടതുമാണ്'-ഡിവൈഎഫ്‌ഐ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 

'കെ. സുധാകരന്‍ ആര്‍.എസ്. എസ് വാടക കൊലയാളികളെ ഉപയോഗിച്ചാണ് ട്രെയിനില്‍ വച്ച് മുന്‍പ് സഖാവ് പിണറായിയെ വധിക്കാന്‍ ശ്രമിച്ചത്. ആ വധശ്രമത്തിന്റെ ഇരയാകേണ്ടി വന്ന് വേദനയോടെ ഇന്നും ജീവിക്കുന്ന മനുഷ്യനാണ് ഇന്ന് മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്ന സഖാവ് ഇ. പി ജയരാജന്‍. സുധാകരന്‍ അതേ രണ്ട് പേരെ പുതിയ ഗൂണ്ടകളെ അയച്ച് വിമാനത്തിനകത്ത് വച്ച് നേരിടാന്‍ അയച്ചത് അതീവ ഗൗരവകരമായ വിഷയമാണ്. ഭീകരപ്രവര്‍ത്തനമാണ്. വിമാനത്തിനകത്ത് വച്ച് അസ്വഭാവികമായ ഏത് പ്രവര്‍ത്തിയും അതീവ പ്രാധാന്യത്തോടെയുള്ള സുരക്ഷാ പ്രശ്‌നമായാണ് കാണുന്നത്. അതിനാലാണ് വിമാനത്തിനകത്ത് പ്രതിഷേധിച്ചവര്‍ക്ക് ആജീവനാന്ത യാത്രാ ബാന്‍ അടക്കം എവിയേഷന്‍ വകുപ്പ് നല്‍കുന്നത്. മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് കണ്‍വീനര്‍ക്കും നേരെ വിമാനത്തില്‍ വച്ച് നടന്ന അക്രമശ്രമവും സുരക്ഷാവീഴ്ച്ചയും''-കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയും കേന്ദ്ര സര്‍ക്കാരും ഈ പ്രശ്‌നത്തെ അതീവ ഗൗരവത്തോടെ കാണണമെന്നും യൂത്ത് കോണ്‍ഗ്രസ്സ് ക്രിമിനല്‍ ഗൂണ്ടകളുടെ ഈ തരത്തിലുള്ള ഭീകര പ്രവര്‍ത്തനം കണ്ടു നില്‍ക്കില്ലെന്നും, ജനങ്ങളെ അണി നിരത്തി പ്രതിരോധിക്കുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ മുന്നറിയിപ്പുനല്‍കി.

Tags:    

Similar News