എസ് ഐയോട് സല്യൂട്ട് ചോദിച്ചുവാങ്ങിയ സുരേഷ് ഗോപിക്ക് യൂത്ത് കോണ്‍ഗ്രസിന്റെ ചെരുപ്പ് സെല്യൂട്ട്
പ്രാട്ടോക്കോള്‍ ഇല്ലന്നിരിക്കെ എസ് ഐയെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് സല്യൂട്ടടിപ്പിച്ച സുരേഷ് ഗോപിയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി
പാലക്കാട്: ഒല്ലൂരില്‍ എസ് ഐയോട് ചോദിച്ച് സല്യൂട്ട് വാങ്ങിയ സുരേഷ് ഗോപിയെ പരിഹസിച്ച് പാലക്കാട് നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി. സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്താണ് യൂത്ത് കോണ്‍ഗ്രസ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.
നടനും രാജ്യസഭാ എം പി യുമായ സുരേഷ്‌ഗോപി ഇന്നലെയാണ് ഒല്ലൂര്‍ എസ് ഐയെക്കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് അടിപ്പിച്ചത്. സംഭവത്തില്‍ സുരേഷ് ഗോപിയെ പരിഹസിച്ച് നിരവധി പേര്‍ രംഗത്തുവന്നിരുന്നു. പോലിസ് അസോസിയേഷനും സുരേഷ് ഗോപിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. പ്രോട്ടോക്കോള്‍ പ്രകാരം എംപിയെ സല്യൂട്ട് ചെയ്യേണ്ടതില്ലെന്ന് അസോസിയേഷന്‍ വ്യക്തമാക്കുന്നു.
പ്രാട്ടോക്കോള്‍ ഇല്ലന്നിരിക്കെ എസ് ഐയെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് സല്യൂട്ടടിപ്പിച്ച സുരേഷ് ഗോപിയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി. ബഹുമാനവും ആദരവും ചോദിച്ച് വാങ്ങേണ്ടതല്ലെന്നും സംഭവത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് ചെറാട് ചെരുപ്പ് സെല്യൂട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈന്‍ അധ്യക്ഷതവഹിച്ചു.