പാലക്കാട്:യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മറ്റൊരു കേസില്‍ അറസ്റ്റിലായ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസ്,സുഹൃത്തായ ആഷിഖിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നായിരുന്നു വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ട ആഷിഖിന്റെ മൃതദേഹം പിതാവാണ് തിരിച്ചറിഞ്ഞത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി നല്‍കിയ മൊഴി.
പട്ടാമ്പി പോലിസ് ചോദ്യം ചെയ്തതില്‍ നിന്നാണ് സുഹൃത്തിനെ കൊന്ന് കുഴിമൂടിയ വിവരം പുറത്തുവരുന്നത്. മദ്യപാനത്തിനിടെ തര്‍ക്കമുണ്ടായപ്പോള്‍ കൊല്ലപ്പെട്ട ആഷിഖ് തന്നെ കത്തി കൊണ്ടു കുത്തുവാന്‍ ശ്രമിച്ചു. ഈ സമയം കയ്യില്‍ നിന്നും കത്തി പിടിച്ചുവാങ്ങി ആഷിഖിന്റെ കഴുത്തില്‍ കുത്തുകയായിരുന്നുവെന്ന് ഫിറോസ് മൊഴിയില്‍ പറഞ്ഞു.തുടര്‍ന്ന് സ്വന്തം ഓട്ടോറിക്ഷയില്‍ മൃതദേഹം അഴിക്കലപ്പറമ്പിലെത്തിച്ച് കുഴിച്ചുമൂടുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 17നാണ് സംഭവം നടന്നതെന്നും പ്രതി മൊഴി നല്‍കി.
പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയുമായി പോലിസ് പാലക്കാട് ചിനക്കത്തൂരില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. 2015ല്‍ മൊബൈല്‍കടയില്‍ മോഷണം നടത്തിയ കേസില്‍ പ്രതിയാണ് ഫിറോസ്.