യൂട്യൂബർ സഞ്ജു ടെക്കി കൂടുതൽ നിയമ കുരുക്കിൽ; കേസ് കോടതിക്ക് കൈമാറുന്നു; സുഹൃത്തുക്കളും കുടുങ്ങും
ആലപ്പുഴ: കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ സംഭവത്തില്‍ പ്രമുഖ യൂട്യൂബര്‍ സഞ്ജു ടെക്കി കൂടുതല്‍ നിയമ കുരുക്കിലേക്ക്. സഞ്ജുവിനെതിരെ ആര്‍ടിഒ എടുത്ത കേസ് ആലപ്പുഴ കോടതിലേക്ക് ഇന്ന് കൈമാറും. ഇതോടെ തുടര്‍ പ്രോസീക്യൂഷന്‍ നടപടികള്‍ എടുക്കുന്നത് കോടതിയായിരിക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഈ നടപടി. ഒപ്പം യാത്ര ചെയ്ത കൂട്ടുകാര്‍ക്കും ഇതേ നടപടിയാണ്. ആര്‍ടിഒയേയും മാധ്യമങ്ങളെയും പരിഹസിച്ചു ഇന്നലെ സഞ്ജു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നു ഹൈക്കോടതി സ്വമേധയാ ഇടപെടുകയായിരുന്നു.
സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ചട്ടവിരുദ്ധമായി വാഹനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്ന വ്‌ലോഗര്‍മാര്‍ അടക്കമുളളവര്‍ക്കെതിരെ നടപടിയെടുക്കണം. സഞ്ജു ടെക്കിയുടെ കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ മോട്ടോര്‍ വാഹനവകുപ്പ് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
മോട്ടോര്‍ വാഹനവകുപ്പിന്റെ റിപോര്‍ട്ട് അടുത്ത വെള്ളിയാഴ്ച പരിഗണിക്കും. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റീസ് അനില്‍ കെ നരേന്ദ്രന്‍, പിബി അജിത് കുമാര്‍, അനില്‍ കെ നരേന്ദ്രന്‍, ഹരിശങ്കര്‍ വി മേനോന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സംഭവം പരിഗണിച്ചത്. മോട്ടോര്‍ വാഹന ചട്ടം ലംഘിക്കുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാമെന്നും കോടതി സര്‍ക്കാരിനെ അറിയിച്ചു.