മാള: സര്‍ക്കാര്‍ സപ്ലൈക്കോ വഴി ഓണത്തിന് വിതരണം ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരക്ക് പുറമെ പപ്പടവും ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനാഫലം പുറത്ത് വന്നസാഹചര്യത്തില്‍ ഓണക്കിറ്റിലെ അഴിമതി അന്വേഷിക്കണമെന്ന് കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് ഷൈജോ ഹസ്സന്‍ പറഞ്ഞു. യുവജനപക്ഷം ഇരിങ്ങാലക്കുട നിയോജകമണ്ഡലം യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോന്നിയിലെ സിഎഫ്ആര്‍ഡിയില്‍ നടത്തിയ പരിശോധനയിലാണ് ഓണക്കിറ്റില്‍ വിതരണം ചെയ്ത പപ്പടം ഭക്ഷ്യയോഗ്യമല്ല എന്ന് കണ്ടെത്തിയിരിക്കുന്നതും വിതരണം ചെയ്ത പപ്പട പാക്കറ്റുകള്‍ തിരിച്ചെടുക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നതും.
കേരള പപ്പടത്തിനായാണ് ടെണ്ടര്‍ നല്‍കിയെങ്കിലും തമിഴ്‌നാട്ടില്‍ നിന്നുള്ള അപ്പളമാണ് വിതരണം ചെയ്തതെന്ന ആരോപണം നിലനില്‍ക്കെയാണ് ഇപ്പോള്‍ ഭക്ഷ്യയോഗ്യമല്ലെന്ന റിപോര്‍ട്ടും കൂടി വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സോഡിയം കാര്‍ബണേറ്റിന്റെ അമിത ഉപയോഗം കാഴ്ച ശക്തിയെത്തന്നെ ബാധിക്കാമെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു. ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം പരിശോധിക്കേണ്ട ഉദ്യോഗസ്ഥര്‍ വെറും നോക്കുകുത്തികളാണെന്നും ഭക്ഷ്യവകുപ്പാകട്ടെ ഇത്തരം കാര്യങ്ങളില്‍ ഒരു ശ്രദ്ധയും നല്‍കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ കിറ്റില്‍ വിതരണം ചെയ്ത ശര്‍ക്കര ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങള്‍ ഓണക്കിറ്റിലൂടെ വിതരണം ചെയ്തതിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് വിശദമായ അന്വേഷണം നടത്തണമെന്നും ഷൈജോ ഹസ്സന്‍ ആവശ്യപ്പെട്ടു.
വി കെ ദേവാനന്ദ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ പി എസ് സുബീഷ്, ജോസ് കിഴക്കേപീടിക, ജോര്‍ജ്ജ് കാടുകുറ്റിപറമ്പില്‍, സഹദേവന്‍ ഞാറ്റുവെട്ടി, പി അരവിന്ദാക്ഷന്‍, സുരേഷ് കൊച്ചാട്ട്, സനല്‍ദാസ്, സുധീര്‍ സെയ്തു, പോളി മുരിയാട്, രാജന്‍ എഴുപുറത്ത്, ശരത്ത് പോത്താനി, സുധീഷ് ചക്കുങ്ങല്‍, ജഫ്രിന്‍ ജോസ് അരിക്കാട്ട്, എം എസ് സുജിത്, പോള്‍ ജോസ് തെക്കേത്തല, വിനു സഹദേവന്‍, റഫീക്ക് എടപ്പെട്ട, കാര്‍ത്തിക് മേലേപറമ്പില്‍, ബിജോ പോള്‍, അജീഷ് കൊട്ടാരത്തില്‍, രോഹിത് നമ്പ്യാര്‍, ടി വി ഷിനോജ്, സുരേഷ് വിജയന്‍, ലിജോഷ് ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു.