കൊവിഡ് വര്‍ഷത്തെ ഇഷ്ടവിഭവം ബിരിയാണി; ഒരു സെക്കന്റില്‍ ഒന്നിലേറെ ഓര്‍ഡര്‍

Update: 2020-12-24 11:53 GMT

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരി കാരണം സമ്പൂര്‍ണ ലോക്ക് ഡൗണും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം ഉണ്ടായെങ്കിലും ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണവിഭവം ബിരിയാണിയെന്നു റിപോര്‍ട്ട്. ഓരോ സെക്കന്റിലും ഒന്നിലേറെ പേരാണ് ബിരിയാണി വേണമെന്ന് ആവശ്യപ്പെട്ടത്. സ്വിഗ്ഗിയുടെ അഞ്ചാമത് വാര്‍ഷിക സ്റ്റാറ്റ് ഈറ്റ് സ്റ്റിക്‌സ് റിപോര്‍ട്ടിലാണ് ബിരിയാണി മാഹാത്മ്യമുള്ളത്. 2020 വര്‍ഷം മഹാമാരിയുടെ വര്‍ഷമായിരുന്നു. എല്ലാവരുയെടും ജീവിതത്തില്‍ ഇത് വലിയ സ്വാധീനം ചെലുത്തി. വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതിനോ പഠിക്കുന്നതിനോ ഉള്ള സാഹചര്യമുണ്ടായി. അതിനാല്‍ തന്നെ പലരും അവശ്യവസ്തുക്കള്‍ക്കു പോലും ഓണ്‍ലൈനിനെ ആശ്രയിച്ചു. പരമാവധി പുറത്തുപോവുന്നത് ഒഴിവാക്കി. ഇത് ഭക്ഷണ ശീലങ്ങളിലും വലിയ മാറ്റത്തിന് കാരണമാക്കി. വീട്ടിലെ അടുക്കളകളില്‍ പുതുമ വരുത്തി. വീട്ടിലാവട്ടെ യൂ ട്യൂബിലും മറ്റും നോക്കി രസകരമായ പാചകങ്ങളുണ്ടാക്കി ആസ്വദിച്ചു. എന്നാല്‍ മാറ്റമില്ലാത്ത ഒരു കാര്യം ഇന്ത്യക്കാര്‍ക്ക് ബിരിയാണിയോടുള്ള സ്‌നേഹമാണെന്നും സ്വിഗ്ഗി റിപോര്‍ട്ട് ചെയ്യുന്നു.

    2020 ല്‍ സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്ത മികച്ച അഞ്ച് വിഭവങ്ങളില്‍ രണ്ടും ബിരിയാണിക്കാണ്. മട്ടന്‍ ബിരിയാണിയെക്കാള്‍ ആളുകള്‍ ചിക്കന്‍ ബിരിയാണിക്കാണുള്ളത്. ചിക്കന്‍ ബിരിയാണിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. മസാല ദോശ, പനീര്‍ ബട്ടര്‍ മസാല, ചിക്കന്‍ ഫ്രൈഡ് റൈസ്, മട്ടന്‍ ബിരിയാണി എന്നിങ്ങനെയാണ് മുന്നിലുള്ള വിഭവങ്ങള്‍. ഉച്ചഭക്ഷണത്തിന് തൊട്ടുപിന്നാലെ ചായ, കോഫി എന്നിവയ്ക്കുള്ള ഓര്‍ഡറുകളുടെ വര്‍ധനവ് റിപോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞത് 1.1 ദശലക്ഷം ഓര്‍ഡറുകള്‍ ഇത്തരത്തില്‍ നല്‍കിയിട്ടുണ്ട്. 2020ലെ മറ്റൊരു ജനപ്രിയ ഇനം തെരുവ് ഭക്ഷണമായ പാനി പുരിയാണ്. 2.4 ലക്ഷം തവണയാണ് ഓര്‍ഡര്‍ ലഭിച്ചത്.

    പലചരക്ക് സാധനങ്ങളുടെ കാര്യത്തില്‍ ഉള്ളിയാണ് മുന്നില്‍. 2020ലെ അവസാന നാല് മാസങ്ങളില്‍ 75,177 കിലോ ഉള്ളിക്കാണ് ഓര്‍ഡര്‍ ലഭിച്ചത്. വാഴപ്പഴം, ടോണ്‍ഡ് പാല്‍, ഉരുളക്കിഴങ്ങ്, മല്ലിയില എന്നിവ ഉള്‍പ്പെടുന്നു. നാലുമാസത്തിനിടെ 1.6 ലക്ഷം പായ്ക്കറ്റ് ഫാസ്റ്റ് ഫുഡ് വിറ്റു. ആഗസ്ത് മുതല്‍ ഡിസംബര്‍ വരെ 391 പായ്ക്കറ്റ് ചോക്ലേറ്റ് ഓര്‍ഡര്‍ ചെയ്ത് ഒരു ഉപഭോക്താവ് തന്റെ മധുരസ്‌നേഹവും പ്രകടിപ്പിച്ചു.

Biryani Ordered More Than Once Every Second In 2020

Similar News