ഭ്രാന്താരോപണം: നീതിനിഷേധത്തിന്റെ വക്രവഴി
ഭ്രാന്താരോപണത്തില്‍പെട്ട് നീതിനിഷേധത്തിനും അവകാശലംഘനത്തിനും ഇരയായ അനേകരില്‍ നിന്ന് പാരാലീഗല്‍ വളന്റിയര്‍ എന്ന നിലയിലും ജയില്‍ മെഡിക്കല്‍ ഓഫീസര്‍ എന്ന പദവിയിലും പ്രവര്‍ത്തിക്കുന്നതിനിടയില്‍ നേരിട്ടറിഞ്ഞ വസ്തുതകളുടെ സമാഹാരമാണ് ഈ കുറിപ്പ്
അവകാശ സമരങ്ങളും കൂട്ടായ്മകളും സജീവമാണെങ്കിലും മിക്കയിടങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങള്‍ പതിവ് കാഴ്ചയാണ്. വൈകിയ നീതി നീതിനിരാസമാണെന്ന് പരിതപിക്കാറുണ്ടെങ്കിലും മിക്കവിഷയങ്ങളിലും നീതിയും ന്യായവും വൈകിയാണെത്തുന്നത്. പൗരാവകാശം ഉറക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന വര്‍ത്തമാന കാലത്ത് അഴിമതിക്കും അനീതിക്കുമെതിരെ നീങ്ങുന്നവനെ മനോരോഗിയാക്കുന്നുവെന്ന് കേരളത്തിലെ ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ അടുത്തിടെ ആശങ്കപ്പെട്ടത് ഓര്‍ത്തുപോകുന്നു.
അന്യന്റെ സ്വത്ത് തട്ടിയെടുക്കാനും വിശ്വസിച്ചേല്‍പ്പിച്ച വസ്തുക്കള്‍ അവയുടെ അവകാശികള്‍ക്ക് തിരിച്ചേല്‍പ്പിക്കാതിരിക്കാനും അനന്തരാവകാശിയുടെ അവകാശം നിഷേധിക്കാനും കല്ല്യാണം മുടക്കാനും വൈവാഹിക ബന്ധങ്ങള്‍ തകര്‍ക്കാനും സാമൂഹ്യനീതിയുടെ ഓരം ചേരുന്നവരെ നിശബ്ദരാക്കാനും മതംമാറ്റം തടയാനും മറ്റു പലകാര്യങ്ങള്‍ക്കും ഭ്രാന്തില്ലാത്തവരെ ഭ്രാന്തരായി ചിത്രീകരിക്കാറുണ്ട്. ഭ്രാന്തന്‍മാരായി ചിത്രീകരിക്കപ്പെട്ടവരില്‍ പ്രവാചകന്‍മാരും ഉള്‍പ്പെട്ടിട്ടുണ്ട് (ഖുര്‍ആന്‍ 51:52). സര്‍വ്വലോക പരിപാലകനായ അല്ലാഹു ലോകര്‍ക്ക് നല്‍കിയ ദിവ്യകാരുണ്യമായ പ്രവാചകന്‍ മുഹമ്മദ് ആവര്‍ത്തിച്ച് നേരിട്ട അതിരൂക്ഷമായ ദുരാരോപണങ്ങളിലൊന്ന് ഭ്രാന്തനെന്നതായിരുന്നു (ഖുര്‍ആന്‍ 15:06 ; 68:51; 07:184).
അപ്രിയ സത്യം വെളിപ്പെടുത്തുന്നയാളെ ഭ്രാന്തന്‍, കിറുക്കന്‍, മനോരോഗി, വട്ടന്‍ എന്നൊക്കെ വിളിച്ച് അധിക്ഷേപിക്കാനും അപമാനിക്കാനും ശ്രമിക്കുന്നവര്‍ സത്യത്തോട് അസഹിഷ്ണുതപുലര്‍ത്തുന്നവരാണ്.
നീതിയും ന്യായവും സത്യവും പുലരാതിരിക്കാന്‍ അവയുടെ വക്താക്കളെ ഭ്രാന്താരോപണത്തിലൂടെ നിര്‍വ്വീര്യമാക്കുക എന്ന സാമൂഹ്യദ്രോഹത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ഭ്രാന്തനല്ലെങ്കിലും സമൂഹത്തില്‍ ഒരാള്‍ ഭ്രാന്തനായി മുദ്രകുത്തപ്പെടുന്നതോടെ അയാളുടെ വാക്കിനും പ്രവര്‍ത്തിക്കും നിലപാടിനും വിലയില്ലാതാകുന്നു എന്ന അവസ്ഥയാണ് ഭ്രാന്തില്ലാത്തവരെ ഭ്രാന്തരാക്കാന്‍ പ്രേരിപ്പിക്കുന്നത്.
മനോരോഗശാസ്ത്രപ്രകാരം മതംമാറ്റം മനോരോഗമല്ല. പക്ഷേ തല്‍പരകക്ഷികളുടെ അസഹിഷ്ണുതക്ക് കൂട്ടുനില്‍ക്കുന്ന ചില മനോരോഗ വിദഗ്ധരുടെയും സ്ഥാപനങ്ങളുടെയും ഒത്താശയോടെ മതംമാറിയ വ്യക്തി മനോരോഗിയായി മുദ്രയടിക്കപ്പെടുന്നുണ്ട്. മതംമാറ്റ കേസുകളില്‍ കോടതിയെപ്പോലും തെറ്റിദ്ധരിപ്പിക്കാന്‍ അസഹിഷ്ണുക്കള്‍ ശ്രമിക്കും. ഭ്രാന്താരോപിക്കപ്പെട്ടവരുടെ നിജസ്ഥിതി ബോധ്യപ്പെടാന്‍ വേണ്ടി മതംമാറിയവര്‍ക്ക് മനോരോഗമില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് ഉത്തരവിടുന്ന കോടതികളുമുണ്ട്. മതം മാറിയതിന്റെ പേരില്‍ ഭ്രാന്താരോപിക്കപ്പെട്ട് പീഡനമേല്‍ക്കുന്നവരില്‍ യുവതീയുവാക്കള്‍, വിദ്യാര്‍ത്ഥീവിദ്യാര്‍ത്ഥിനികള്‍, വീട്ടമ്മമാര്‍, തൊഴിലാളികള്‍, കച്ചവടക്കാര്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, എഞ്ചിനീയര്‍മാര്‍, ഡോക്ടര്‍മാര്‍ മറ്റു പ്രഫഷണലുകള്‍ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുണ്ട്.
വിശ്വസിച്ചേല്‍പിക്കപ്പെട്ട വസ്തുക്കള്‍ അവയുടെ അവകാശികള്‍ക്ക് തിരിച്ചുകൊടുക്കാതിരിക്കാന്‍ വേണ്ടി അവകാശികള്‍ക്ക് ഭ്രാന്താണെന്ന് ആരോപിക്കാറുണ്ട്. ഭാര്യയുടെ പേരില്‍ കൈവശാവകാശം മാത്രമാക്കി നിലനിര്‍ത്തിയ ഭര്‍ത്താവിന്റെ ഭൂസ്വത്ത് ഭാര്യയും അവളുടെ ബന്ധുക്കളും ചേര്‍ന്ന് സ്വന്തം പേരിലാക്കിയ ശേഷം ഭര്‍ത്താവൊന്നിച്ച് താമസിക്കാന്‍ ഭാര്യ വിസമ്മതിച്ചു. അവരുടെ ബന്ധം വഷളായി. വിശ്വസിച്ചേല്‍പ്പിക്കപ്പെട്ട വസ്തുക്കള്‍ അവകാശികള്‍ക്ക് തിരികെ കൊടുക്കണമെന്ന അല്ലാഹുവിന്റെ കല്‍പന (ഖുര്‍ആന്‍ 04:58) ധിക്കരിച്ച് ഭാര്യയും അവളുടെ ബന്ധുക്കളും ചേര്‍ന്ന് ഭര്‍ത്താവിന്റെ ഭൂസ്വത്ത് അന്യായമായി കൈക്കലാക്കിയത് അയാള്‍ക്ക് ഭ്രാന്താണെന്നു വാദിച്ചുകൊണ്ടായിരുന്നു.
അനീതിയുടെ ഇരകള്‍ നീതി തേടുമ്പോള്‍ അവരെ മനോരോഗികളാക്കി നിയമത്തെ കബളിപ്പിക്കുന്നവരില്‍ ഖുര്‍ആനും സുന്നത്തും പിന്‍പറ്റുന്നവരെന്ന് അവകാശപ്പെടുന്നവരും കുറവല്ല. വേദപണ്ഡിതന്മാരെയും പുരോഹിതന്മാരെയും മഹല്ലു കമ്മിറ്റികളെയും തട്ടിപ്പുകാര്‍ പാട്ടിലാക്കും. ഒരു പ്രവാസിയുടെ ഭീമമായ സമ്പാദ്യം അയാളുടെ അടുത്ത ബന്ധുക്കള്‍ തിരിമറി നടത്തി ഭൂസ്വത്താക്കി തട്ടിയെടുത്തു എന്ന പരാതി ഉയര്‍ന്നു. തട്ടിപ്പുകാരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന മധ്യസ്ഥനായ മസ്ജിദ് ഇമാം തട്ടിപ്പുകാരെ ഏകപക്ഷീയമായി കേട്ടശേഷം പരാതിക്കാരനോട് ചോദിച്ചതിങ്ങനെ: ''താങ്കള്‍ക്ക് വല്ല മാനസിക തകരാറുമുണ്ടോ?''
പരാതിക്കാരന്‍ ആശ്ചര്യത്തോടെ തിരിച്ചു ചോദിച്ചു, ''കൊടിയ സാമ്പത്തിക തട്ടിപ്പിനിരയായ ഒരാള്‍ തനിക്കു നീതി കിട്ടണമെന്നാവശ്യപ്പെടുന്നത് താങ്കളുടെ ദൃഷ്ടിയില്‍ മനോരോഗലക്ഷണമാണോ ?'' മൗനമായിരുന്ന ഇമാമിന്റെ ഉത്തരം. തട്ടിപ്പുകാര്‍ മസ്ജിദ് ഇമാമിനെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ വിജയിച്ചുവെന്നതാണ് സത്യം.
കുടുംബ-വൈവാഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനിറങ്ങുന്ന പ്രാദേശിക തര്‍ക്കപരിഹാര കമ്മിറ്റികളും ചിലേപ്പാള്‍ കക്ഷിയെ മനോരോഗിയാക്കി ചിത്രീകരിക്കാറുണ്ട്. ഇത്തരം കമ്മിറ്റികളില്‍ മിക്കതിലും ശരീഅത്ത് വിധികള്‍ കൃത്യമായി അറിയുന്നവരോ തര്‍ക്കപരിഹാര ശ്രമങ്ങളില്‍ വൈദഗ്ധ്യം സിദ്ധിച്ചവരോ ഉണ്ടാവാറില്ല. ഈ രണ്ടു പോരായ്മകള്‍ക്ക് പുറമെ നീതിയേക്കാള്‍ വോട്ടില്‍ നോട്ടമിടുന്ന കക്ഷിരാഷ്ട്രീയക്കാരുടെ സാന്നിധ്യവും മേല്‍കമ്മിറ്റികളുടെ സുതാര്യതയെ ബാധിക്കും. കക്ഷിരാഷ്ട്രീയ താല്‍പര്യത്തിനായിരിക്കും അവര്‍ നീതിയേക്കാള്‍ മുന്‍തൂക്കം കല്‍പിക്കുക. പക്ഷപാതപരമായ തീരുമാനം ദുര്‍ബലരായ ഇരകള്‍ അംഗീകരിക്കാതെ വരുമ്പോള്‍ അവരെ മനോരോഗികളാക്കി അവതരിപ്പിച്ച് മുഖം രക്ഷിക്കാന്‍ അത്തരക്കാര്‍ ശ്രമിക്കുന്നു.
അടുത്ത ബന്ധുവിന്റെ സമ്പാദ്യം തറവാട്ടു കാരണവര്‍ തന്റെ പേരില്‍ ഭൂസ്വത്താക്കി മാറ്റിയത് കുടുംബകലഹത്തിന് വഴിവെച്ചു. കുഴപ്പം പരിഹരിക്കാന്‍ കുടുംബയോഗം വിളിച്ചു ചേര്‍ത്ത് അല്ലാഹുവിന്റെ നാമത്തില്‍ തീരുമാനമെടുക്കുന്നു. തീരുമാനം കാരണവരും ബന്ധുക്കളും ഒപ്പുവെക്കുകയും ചെയ്തു. ഏതാനും ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ തീരുമാനം ദുര്‍ബലപ്പെടുത്താനായിരുന്നു ബന്ധുക്കളില്‍ ചിലരുടെ നീക്കം. ധനനഷ്ടം നേരിട്ട കുടുംബാംഗത്തിന് മനോരോഗം ആരോപിച്ചു കൊണ്ടായിരുന്നു അത്. ഭ്രാന്താരോപണം വിലപ്പോവില്ലെന്നു കണ്ടപ്പോള്‍ കാരണവരും ബന്ധുക്കളും ചേര്‍ന്ന് അടുത്ത സ്വന്തം കുടുംബാംഗത്തിനെതിരെ പോലിസില്‍ കള്ളപ്പരാതി നല്‍കി അയാള്‍ തറവാട്ടില്‍ പ്രവേശിക്കുന്നത് എന്നന്നേക്കുമായി തടഞ്ഞു.
അല്ലാഹു കാത്തു സൂക്ഷിക്കാന്‍ കല്‍പിച്ച (ഖുര്‍ആന്‍ 04:01) പവിത്രമായ രക്തബന്ധത്തിന് സമ്പത്തിനു മുന്നില്‍ യാതൊരു വിലയും കല്‍പിച്ചില്ല. അയാളുടെ സമ്പാദ്യം അന്യായമായി കൈക്കലാക്കിയ ശേഷം അയാളെ ഭ്രാന്തനായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയും അയാള്‍ക്കെതിരില്‍ പോലീസില്‍ കള്ളപ്പരാതി നല്‍കി ഭീഷണിപ്പെടുത്തി കുടിയിറക്കുകയും ചെയ്ത രക്തബന്ധുക്കളുടെ ചെയ്തികള്‍ കൊലയേക്കാള്‍ ഭീകരം ! മുന്‍വേദക്കാര്‍ക്കിടയില്‍ നടമാടിയിരുന്ന ഇത്തരം അരുംചെയ്തികള്‍ക്കെതിരെ അല്ലാഹുവില്‍ നിന്നുള്ള ശക്തമായ താക്കീത് (ഖുര്‍ആന്‍ 02:84,85) അവഗണിച്ച് ഭ്രാന്താരോപിച്ചും കള്ളസത്യം ചെയ്തും അയാളോടുള്ള അനീതിയും അതിക്രമവും തുടരുന്ന ആ തറവാട്ടുകാരുടെ കാര്യം മഹാ കഷ്ടം!
വൈവാഹിക ബന്ധങ്ങളില്‍ സംഭവിക്കുന്ന പൊരുത്തക്കേടുകളും ചിലപ്പോള്‍ ദമ്പതികളെ പരസ്പരം ഭ്രാന്ത് ആരോപിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. അതില്‍ ബന്ധുക്കളും പങ്കാളികളാകന്നു. അകന്നു കഴിയുന്ന ദമ്പതികളുടെ അകല്‍ച്ചക്ക് അല്ലാഹു സമയപരിധി നിശ്ചയിച്ചിട്ടുണ്ട്(ഖുര്‍ആന്‍ 02:226). വിവാഹമോചനവും നീതിന്യായവ്യവസ്ഥയുടെ ഇടപെടലും കഴിയുന്നത്ര ഒഴിവാക്കി കുടുംബത്തിനുള്ളില്‍ വെച്ചു തന്നെ ദാമ്പത്യപ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ദമ്പതികള്‍ക്കും ബന്ധുക്കള്‍ക്കും അത് അവസരമേകുന്നു. ഈ കാലയളവില്‍ കഴിയുമെങ്കില്‍ കുടുംബത്തിനു പ്രശ്‌നം പരിഹരിക്കാം; മറ്റു പോംവഴികളില്ലെങ്കില്‍ വിവാഹമോചനവുമാവാം. ന്യായമാര്‍ഗങ്ങള്‍ തേടാതെ ദമ്പതികളില്‍ ഭ്രാന്താരോപിച്ച് അനന്തമായി അകല്‍ച്ചയില്‍ തളച്ചിട്ട് അവരെ പീഡിപ്പിക്കുന്ന സംഭവങ്ങളുണ്ട്. മധ്യസ്ഥത്തിനിറങ്ങുന്നവരില്‍ ചിലര്‍ പ്രശ്‌നം പരിഹരിക്കപ്പെടുകയില്ലെന്നു കണ്ടാല്‍ സ്വാര്‍ത്ഥനേട്ടങ്ങള്‍ക്കു വേണ്ടി തങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത കക്ഷിയെ മനോരോഗിയാക്കാന്‍ ശ്രമിക്കും. പരസ്പരം ഭ്രാന്താരോപിച്ച് കലഹിക്കുന്നവര്‍ക്കിടയില്‍ ഇടപെട്ട മധ്യവര്‍ത്തികളും ഭ്രാന്തരായി ചിത്രീകരിക്കപ്പെട്ട അനുഭവങ്ങളുണ്ട്.
സൂക്ഷ്മത പാലിച്ചില്ലെങ്കില്‍ ചൈല്‍ഡ് ലൈന്‍, ലീഗല്‍ സര്‍വീസസ് കമ്മിറ്റി മുതലായ സംവിധാനങ്ങള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആളുകളെ മനോരോഗിയാക്കുന്ന വിരുതന്മാരുടെ കുതന്ത്രങ്ങളില്‍ കുടുങ്ങിപ്പോകും. കുടുംബപ്രശ്‌നത്തില്‍ ഇടപെട്ട് ചൈല്‍ഡ് ലൈന്‍ ഒരു വീട്ടമ്മയെ മനോരോഗിയാക്കി ചിത്രീകരിച്ചു എന്ന പരാതി ഉയര്‍ന്നത് അടുത്തിടെയാണ്. ചൈല്‍ഡ് ലൈന്‍ ഒത്താശയോടെ ഭര്‍ത്താവ് തന്നില്‍ മനോരോഗം ആരോപിച്ച് മക്കളെ തന്നില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കുന്നുവെന്ന പരാതിയുമായി വീട്ടമ്മ കോടതിയെ സമീപിച്ചുവെന്ന വാര്‍ത്തയും വന്നു.
ദായധന വിതരണത്തില്‍ അല്ലാഹു കൃത്യമായ വ്യവസ്ഥകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു(ഖുര്‍ആന്‍ 04:11-14;04:29,30). എന്നിട്ടും മരണശയ്യയില്‍ ബോധരഹിതയായി കിടന്ന മാതാവിന്റെ കൈയൊപ്പ് രഹസ്യമായി മുദ്രപത്രത്തില്‍ ചാര്‍ത്തി നാല് പുത്രിമാരുടെ അനന്തരാവകാശം പുത്രന്‍മാര്‍ ചേര്‍ന്ന് ഒരു ബന്ധുവിന്റെ ഒത്താശയോടെ തട്ടിയെടുത്ത സംഭവമുണ്ടായി. ഈ അനീതിക്കെതിരെ ഒരു പുത്രിയുടെ മകന്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ അയാള്‍ക്ക് ഭ്രാന്താണെന്ന് ആരോപിക്കുകയാണ് സ്വത്ത് തട്ടിയെടുത്ത അമ്മാവന്മാരും കൂട്ടാളിയും ചെയ്തത്.
ശത്രുതയില്‍ കഴിയുന്നവര്‍ക്കു പോലും നീതി ലഭിക്കാന്‍ വേണ്ടി 9 സൂക്തങ്ങള്‍ (4:105-113) അവതരിച്ച ഖുര്‍ആന്‍ തങ്ങള്‍ക്കിടയിലെ നീതിപാലനത്തില്‍ പരിഗണിക്കാന്‍ അതിന്റെ വാഹകരില്‍ പലരും തയ്യാറാകുന്നില്ല. തനിക്കോ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ പ്രതികൂലമായാല്‍ പോലും നീതി നടപ്പിലാക്കി അല്ലാഹുവിനു വേണ്ടി സാക്ഷ്യം വഹിക്കണമെന്ന കല്‍പന (ഖുര്‍ആന്‍ 4:135) അനുസരിക്കാന്‍ പ്രവാചകസ്‌നേഹം നെഞ്ചിലേറ്റിയവരെ അവരുടെ ധനാര്‍ത്തി അനുവദിക്കുന്നില്ല. എങ്കില്‍, ഇക്കൂട്ടരോടുള്ള അല്ലാഹുവിന്റെ തീര്‍പ്പ് എന്താണെന്ന് വിശുദ്ധ ഖുര്‍ആനിലെ 24-ാം അധ്യായത്തില്‍ 48 മുതല്‍ 51 വരെയുള്ള വചനങ്ങളില്‍ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്. നീതി തേടുന്നവരെ മനോരോഗം ആരോപിച്ച് വഞ്ചിക്കുന്നവര്‍ മനസ്സിരുത്തേണ്ട ദൈവവചനങ്ങളാണവ.
മുഹമ്മദ് നബിയുടെ പിതാവിന്റെ ജ്യേഷ്ഠനായിരുന്നു അബൂലഹബ്. അനാഥനായ നബിക്ക് പിതൃതുല്യനായ വ്യക്തിയും അയല്‍വാസിയുമായിരുന്നു അയാള്‍. എന്നിട്ടും അബൂലഹബും ഭാര്യയും ഖുര്‍ആനില്‍ കടുത്ത ഭാഷയില്‍ അധിക്ഷേപിക്കപ്പെട്ടു (അധ്യായം 111). മാതാപിതാക്കളെയും മുതിര്‍ന്നവരെയും കുടുംബ - അയല്‍പക്ക ബന്ധങ്ങളെയും പ്രത്യേകം ആദരിക്കണമെന്നും ബഹുമാനിക്കണമെന്നും അവരെ വേദനിപ്പിക്കരുതെന്നും ലോകരെ പഠിപ്പിക്കുന്ന ഖുര്‍ആന്‍ പ്രവാചകശ്രേഷ്ഠന്റെ പിതൃവ്യനെയും ഭാര്യയെയും പരസ്യമായി അധിക്ഷേപിക്കുകയും ചെയ്യുന്നു. എന്തുകൊണ്ട് ? അബൂലഹബിനെക്കാള്‍ എത്രയോ മടങ്ങ് കുഴപ്പക്കാരനായിരുന്ന ഫറോവയോട് പോലും സൗമ്യമായി സംസാരിക്കാനാണ് മൂസ- ഹാറൂണ്‍ പ്രവാചകന്മാരോട് അല്ലാഹു കല്‍പ്പിച്ചത് (ഖുര്‍ആന്‍20:44). എന്നിരിക്കെ, ഏറെ ബഹുമാനിക്കപ്പെടേണ്ട തന്റെ പിതൃതുല്യനായ അബൂലഹബിനെക്കുറിച്ച് നബിയുടെ നാവിലൂടെ കടുത്ത പരാമര്‍ശങ്ങള്‍ പാരായണം ചെയ്യപ്പെട്ടുവെങ്കില്‍ അതിന്റെ കാരണം അതിഗുരുതരമായിരിക്കണം.
പിതൃവ്യന്‍ എന്ന പവിത്രമായ രക്തബന്ധ സ്ഥാനത്തിരുന്നുകൊണ്ട്, ജനങ്ങളുടെ ദ്രോഹങ്ങളില്‍ നിന്ന് അനന്തരവനെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ അബൂലഹബ് തിരുനബിയോട് കാണിച്ച അതിക്രമങ്ങളില്‍ ഏറെ ഗുരുതരം നബിക്ക് ഭ്രാന്താണ് എന്ന ദുഷ്പ്രചാരണമായിരുന്നു. ഈ ദുഷ്പ്രചാരണത്തിലൂടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊതുജനങ്ങളെയും തിരുനബിയില്‍ നിന്ന് അകറ്റിനിര്‍ത്താമെന്ന് അയാള്‍ വ്യാമോഹിച്ചു. ഇക്കാര്യത്തില്‍ അബൂലഹബിന്റെ ഭാര്യ അയാളുടെ കൂട്ടാളിയുമായിരുന്നു. തിരുനബിയെക്കുറിച്ച് ''അവന്‍ ഭ്രാന്തനാണ്, കളവ് പറയുന്നവനാണ്, അവന്‍ പറയുന്നതൊന്നും വിശ്വാസിക്കരുത്'' എന്നൊക്കെ വിളിച്ചുകൂവി ഘോഷിച്ചു നടന്ന അബൂലഹബിന് മാരകമായ ത്വക് രോഗം പിടിപെട്ടു. അവയവങ്ങള്‍ ചീഞ്ഞു നശിക്കാന്‍ തുടങ്ങി. തന്റെ ആണ്‍മക്കളെ ഓര്‍ത്ത് അഹങ്കരിച്ച അബൂലഹബിനെ മൂന്ന് ദിവസത്തോളം അയാളുടെ ആണ്‍മക്കള്‍ തിരിഞ്ഞു നോക്കിയതേയില്ല. ഒടുവില്‍ വീട്ടില്‍ കിടന്ന് അഴുകാന്‍ തുടങ്ങിയപ്പോഴാണ് ആ ജഡം ഒരു മാലിന്യമെന്നോണം അറപ്പോടെ കുഴിച്ചുമൂടിയത്. (സീറത്തുന്നബവിയ്യ - ഇബ്‌നു ഹിശാം ; തഫ്‌സീറുല്‍ കബീര്‍ - ഇമാം റാസി).സത്യവും നീതിയും തേടുന്നവരെ ഭ്രാന്താരോപണത്തിലൂടെ ദുര്‍ബലരാക്കാന്‍ ശ്രമിക്കുന്ന അതിസാമര്‍ത്ഥ്യക്കാര്‍ അബൂലഹബിന്റെ പരിണതി ഓര്‍ക്കുന്നത് നന്ന്.
(പാരാലീഗല്‍ വളന്റിയറായ ലേഖകന്‍ പ്രമേഹരോഗ വിദഗ്ധനും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രക്തബേങ്ക് മെഡിക്കല്‍ ഓഫിസറുമാണ്)
ഡോ: അലി അശ്‌റഫ്, ജില്ലാ ആശുപത്രി, തിരൂര്‍- 676104, 9539944018