സംസ്ഥാനത്ത് ഹാര്‍ട്ട് ഫെയിലര്‍ കേസുകളില്‍ വര്‍ധനയെന്ന് പഠന റിപോര്‍ട്ട്
കാര്‍ഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യ (സിഎസ്‌ഐ) കേരള ചാപ്റ്ററിന്റേതാണ് പഠനം. ഇതു സംബന്ധിച്ച റിപോര്‍ട്ട് യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ചു.അങ്കമാലി ലിറ്റില്‍ ഫല്‍വര്‍ ഹോസ്പിറ്റലിലെ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ.സ്റ്റിജി ജോസഫ്, ഡോ. എസ് ഹരികൃഷ്ണന്‍, തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രഫ. ഡോ. പി ജീമോന്‍, അച്യുതമേനോന്‍ സെന്റര്‍ ഓഫ് എസ്‌സിടി ഐഎംഎസ്ടി ഉള്‍പ്പടെ കേരളത്തിലെ 50 കാര്‍ഡിയോളജിസ്റ്റുകള്‍ അടങ്ങുന്നതാണ് ഗവേഷക സംഘം.
കൊച്ചി: ഹൃദ്രോഗങ്ങളില്‍ ഏറ്റവും വലിയ വെല്ലുവിളിയായി അക്യൂട്ട് ഹാര്‍ട്ട് ഫെയിലര്‍ രോഗികളുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിക്കുന്നുവെന്ന് കാര്‍ഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യ (സിഎസ്‌ഐ) കേരള ചാപ്റ്ററിന്റെ പഠനം. ഇതു സംബന്ധിച്ച റിപോര്‍ട്ട് യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ചു.അങ്കമാലി ലിറ്റില്‍ ഫല്‍വര്‍ ഹോസ്പിറ്റലിലെ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ.സ്റ്റിജി ജോസഫ്, ഡോ. എസ് ഹരികൃഷ്ണന്‍, തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രഫ. ഡോ. പി ജീമോന്‍, അച്യുതമേനോന്‍ സെന്റര്‍ ഓഫ് എസ്‌സിടി ഐഎംഎസ്ടി ഉള്‍പ്പടെ കേരളത്തിലെ 50 കാര്‍ഡിയോളജിസ്റ്റുകള്‍ അടങ്ങുന്നതാണ് ഗവേഷക സംഘം.
ഹാര്‍ട്ട് ഫെയിലറുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ ശരാശരി പ്രായം ആഗോള തലത്തില്‍ 70 ആണെങ്കില്‍, കേരളത്തില്‍ 60 ആണെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ഹാര്‍ട്ട് ഫെയിലര്‍ ഹൃദയാഘാതത്തില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നതില്‍ പൊതുവായ അവബോധം ആവശ്യമാണ്. ഹൃദയപേശികള്‍ക്ക് രക്തം നല്‍കുന്ന ധമനികളുടെ തടസ്സം മൂലമാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ശരീര കോശങ്ങളെ പോഷിപ്പിക്കുന്നതിനായി ശരീരത്തിന് വേണ്ട രക്തം പമ്പ് ചെയ്യാനാകാതെ വരുന്നതാണ് ഹാര്‍ട്ട് ഫെയിലര്‍ അഥവ ഹൃദയപേശീ ബലക്ഷയം. ഹൃദയത്തെ ബലഹീനമാക്കുന്ന നിരവധി ഹൃദയ രോഗങ്ങളുടെ ആകെ ഫലമാണ് ഹാര്‍ട്ട് ഫെയിലര്‍. ഹൃദയ സ്തംഭനം ഇതിന് പ്രധാന കാരണമാണെങ്കിലും, കാരണങ്ങളില്‍ ഒന്നുമാത്രമാണെന്നും ഇവര്‍ വ്യക്തമാക്കുന്നു.
കേരളത്തില്‍ മൂന്നില്‍ രണ്ട് രോഗികള്‍ക്കും ഹാര്‍ട്ട് അറ്റാക്ക് മൂലമാണ് ഹാര്‍ട്ട് ഫെയിലര്‍ സംഭവിക്കുന്നതെന്ന് റിപോര്‍ട്ട് പറയുന്നു. ഈ രോഗികളില്‍ ഭൂരിഭാഗവും പ്രമേഹവും രക്താധിസമ്മര്‍ദ്ദവും ഉള്ളവരാണ്.ഹൃദയത്തിന്റെ ഇടത് കീഴറ (ഇടത് വെന്‍ട്രിക്കിള്‍ ) സാധാരണയായി സ്വീകരിക്കുന്ന രക്തത്തിന്റെ 50% ത്തിലധികം പമ്പ് ചെയ്യുന്നുണ്ട്. ഇതിനെ ഇജക്ഷന്‍ ഫ്രാക്ഷന്‍ (ഇ എഫ്) എന്ന് വിളിക്കുന്നു. ഇജക്ഷന്‍ ഫ്രാക്ഷന്‍ കുറയുന്നതനുസരിച്ച് ഹാര്‍ട്ട് ഫെയിലര്‍ തീവ്രത വര്‍ധിക്കുന്നുവെന്ന് ഡോ.സ്റ്റിജി ജോസഫ് പറഞ്ഞു.
ഇടത് കീഴറയിലെ പേശികള്‍ ബലഹീനമായി ആവശ്യമായ രക്തം പമ്പ് ചെയ്യാതിരിക്കുക മൂലം രക്തചംക്രമണം ദുര്‍ബലമാകുന്നതാണ് പ്രധാനമായി കാണുന്ന ഹാര്‍ട്ട് ഫെയിലര്‍. എന്നാല്‍ ചില രോഗികളില്‍ ഈ അറയുടെ പേശീഭിത്തി കട്ടി കൂടി വേണ്ട രീതിയില്‍ രക്തം വന്നു നിറയാതിരിക്കുക കാരണവും ഹാര്‍ട്ട് ഫെയിലര്‍ സംഭവിക്കുന്നു. ഏകദേശം 15% രോഗികള്‍ക്ക് ഈ വിധത്തിലുള്ള ഹാര്‍ട്ട് ഫെയിലര്‍ സംഭവിക്കുന്നുവെന്ന് പഠനത്തില്‍ തെളിഞ്ഞുവെന്നും ഡോ.സ്റ്റിജി ജോസഫ് പറഞ്ഞു.കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള അക്യൂട്ട് ഹാര്‍ട്ട് ഫെയിലര്‍ രജിസ്ട്രി (സിഎസ് ഐ കെ എച്ച്എഫ്ആര്‍) എന്ന് പേരിലുളള പഠനത്തില്‍ സംസ്ഥാനത്തെ 50 ഹൃദ്രോഗ ആശുപത്രികളില്‍ നിന്നായി അക്യൂട്ട് ഹാര്‍ട്ട് ഫെയിലര്‍ ഉള്ള 7500ലധികം രോഗികള്‍ പങ്കെടുത്തു.
ഹാര്‍ട്ട് ഫെയിലറുമായി പ്രവേശിപ്പിക്കപ്പെടുന്ന ഏഴു ശതമാനം രോഗികളും ആശുപത്രിയില്‍ ആയിരിക്കുമ്പോള്‍ തന്നെ മരിക്കുകയും, 11 ശതമാനം രോഗികള്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ മരിക്കുകയും ചെയ്യുന്നതായി കണ്ടെത്തി. രോഗനിര്‍ണ്ണയത്തിനു ശേഷമുള്ള ആദ്യ മൂന്ന് മാസ കാലയളവില്‍ 11 ശതമാനം രോഗികള്‍ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നു.പഠനം ഉയര്‍ത്തിക്കാട്ടുന്ന മറ്റൊരു പ്രധാന വസ്തുത രോഗികള്‍ക്ക് അപര്യാപ്തമായ ചികിത്സയാണ്. മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരമുള്ള മെഡിക്കല്‍ തെറാപ്പി (ജിഡിഎംടി ) ശുപാര്‍ശ ചെയ്യുന്ന മരുന്നുകള്‍ സ്വീകരിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട അതിജീവന സാധ്യതയുണ്ട്. എന്നാല്‍ 28 ശതമാനം രോഗികള്‍ മാത്രമാണ് അത് ചെയ്യുന്നത്. 2%ല്‍ താഴെ രോഗികള്‍ക്ക് മാത്രമേ ഉപകരണങ്ങള്‍ വെച്ച് പിടിപ്പിച്ചിട്ടുള്ള ചികില്‍സ കിട്ടിയിട്ടുള്ളൂ.
ബോധവല്‍ക്കരണത്തിന്റെയും സാമ്പത്തിക ഭദ്രതയുടെയും കുറവാണ് ചികില്‍സയ്ക്കുള്ള പ്രധാന തടസ്സമെന്ന് ഗവേഷകര്‍ പറഞ്ഞു.സി എസ് ഐകെഎച്ച്എഫ്ആര്‍ ആണ് നിലവില്‍ ഇന്ത്യയിലെ ഹാര്‍ട്ട് ഫെയിലര്‍ നെക്കുറിച്ച് പ്രസിദ്ധീകരിച്ച ഏറ്റവും ബൃഹത്തായ പഠനമെന്ന് സി എസ് ഐ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. സുല്‍ഫിക്കര്‍ അഹമ്മദ് പറഞ്ഞു.പഠനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് യൂറോപ്യന്‍ ഹാര്‍ട്ട് ജേര്‍ണല്‍ പഠനത്തെ സംബന്ധിച്ച് ഒരു എഡിറ്റോറിയലും എഴുതുകയുണ്ടായി. കേരളത്തില്‍ ഹൃദയസംബന്ധമായ അസുഖങ്ങളുടെ വിവിധ വശങ്ങളെ കുറിച്ച് സിഎസ്‌ഐകേരള ചാപ്റ്റര്‍ നിരവധി ഗവേഷണങ്ങള്‍ നടത്തുന്നുണ്ടെന്നും ഡോ. സുല്‍ഫിക്കര്‍ അഹമ്മദ് പറഞ്ഞു.