മത്തിയുടെ ലഭ്യതയില്‍ വന്‍ ഇടിവ്; മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം കുറവെന്ന് സിഎംആര്‍എഫ് ഐ പഠനം

കഴിഞ്ഞ വര്‍ഷം കേവലം 3297 ടണ്‍ മത്തിയാണ് സംസ്ഥാനത്ത് ലഭിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം കുറവുണ്ടായി. മത്തിയുടെ ലഭ്യതയില്‍ 1994ന് ശേഷമുള്ള ഏറ്റവും വലിയ കുറവാണിത്. വാര്‍ഷിക ശരാശരിയേക്കാള്‍ 98 ശതമാനമാണ് കുറഞ്ഞത്

Update: 2022-07-05 11:49 GMT

കൊച്ചി: കേരളത്തില്‍ മത്തിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞതായി കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഫആര്‍ഐ) പഠനം. കഴിഞ്ഞ വര്‍ഷം കേവലം 3297 ടണ്‍ മത്തിയാണ് സംസ്ഥാനത്ത് ലഭിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം കുറവുണ്ടായി. മത്തിയുടെ ലഭ്യതയില്‍ 1994ന് ശേഷമുള്ള ഏറ്റവും വലിയ കുറവാണിത്. വാര്‍ഷിക ശരാശരിയേക്കാള്‍ 98 ശതമാനമാണ് കുറഞ്ഞത്. സിഎംഎഫ്ആര്‍ഐയില്‍ നടന്ന ശില്‍പശാലയിലാണ് കണക്കുകള്‍ അവതരിപ്പിച്ചത്.

കേരളത്തിലെ ആകെ സമുദ്രമല്‍സ്യലഭ്യത 2021ല്‍ 5.55 ലക്ഷം ടണ്ണാണ്.കൊവിഡ് കാരണം മീന്‍പിടുത്തം വളരെ കുറഞ്ഞ 2020 നേക്കാള്‍ 54 ശതമാനം വര്‍ധനവാണ് ആകെ മല്‍സ്യലഭ്യതയിലുള്ളത്. 2020ല്‍ ഇത് 3.6 ലക്ഷം ടണ്ണായിരുന്നു. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഏറ്റവും പിടിക്കപ്പെട്ട മല്‍സ്യം മറ്റിനം ചാളകള്‍ എന്ന് വിളിക്കപ്പെടുന്ന ലെസര്‍ സാര്‍ഡിനാണ്. 65,326 ടണ്‍. അയലയും തിരിയാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ചാള, മണങ്ങ്, മുള്ളന്‍, ആവോലി എന്നിവ കുറഞ്ഞപ്പോള്‍ ചെമ്മീന്‍, കൂന്തല്‍, കിളിമീന്‍ എന്നിവയുടെ ലഭ്യതയില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് സിഎംഎഫ്ആര്‍ഐയില്‍ നടന്ന ശില്‍പശാലയില്‍ സംസാരിക്കവെ പ്രിസന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ ടി എം നജ്മുദ്ദീന്‍ പറഞ്ഞു.

മത്തിയുടെ കുറവ് ചെറുകിടമല്‍സ്യത്തൊഴിലാളികള്‍ക്ക് കനത്ത നഷ്ടം

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മത്തിയുടെ ലഭ്യതയിലുണ്ടായ ഗണ്യമായ കുറവ് കാരണം മല്‍സ്യമേഖലയിലാകെയും ചെറുകിട മല്‍സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേകിച്ചും കനത്ത നഷ്ടമുണ്ടായതായി സിഎംഎഫ്ആര്‍ഐയുടെ പഠനത്തില്‍ കണ്ടെത്തി. 2014ല്‍ ലാന്‍ഡിംഗ് സെന്ററുകളില്‍ ലഭിച്ചിരുന്ന മത്തിയുടെ വാര്‍ഷിക മൂല്യം 608 കോടി രൂപയായിരുന്നത് 2021ല്‍ 30 കോടി രൂപയായി കൂപ്പുകുത്തി. 578 കോടി രൂപയടെ നഷ്ടമാണ് മല്‍സ്യമേഖലയില്‍ സംഭവിച്ചതെന്ന് സിഎംഎഫ്ആര്‍ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ എന്‍ അശ്വതിയുടെ നേതൃത്വത്തില്‍ നടന്ന പഠനം വെളിപ്പെടുത്തുന്നു.

മത്തിയെ ആശ്രയിച്ച് മല്‍സ്യബന്ധനം നടത്തുന്ന ചെറുകിട മല്‍സ്യത്തൊഴിലാളികള്‍ക്കാണ് കൂടുതല്‍ നഷ്ടമുണ്ടായത്. മറ്റ് മീനുകളുടെ ലഭ്യത കൂടിയെങ്കിലും മത്തിയുടെ കുറവ് കാരണം ഇവര്‍ക്ക് ഇക്കാലയളവില്‍ 26 ശതമാനം വരെ നഷ്ടമുണ്ടായി.ഇക്കാലയളവില്‍ ഇവരുടെ വാര്‍ഷിക വരുമാനം 3.35 ലക്ഷം രൂപയില്‍ നിന്നും 90262 രൂപയായി കുറഞ്ഞു. കടലില്‍ പോകുന്ന പ്രവൃത്തി ദിവസങ്ങള്‍ 237 ല്‍ നിന്നും 140 ദിവസമായി കുറഞ്ഞതായും പഠനം വ്യക്തമാക്കുന്നു. സിഎംഎഫ്ആര്‍ഐയില്‍ നടന്ന ശില്‍പശാലയിലാണ് പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

Tags:    

Similar News