കൊവിഡ് വാക്‌സിന്‍: 10 മുതല്‍ 14 ആഴ്ച ഇടവേളയില്‍ രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തവരിലെ ആന്റിബോഡി അളവ് മൂന്നര മടങ്ങ് കൂടുതലാണെന്ന് പഠനം

രണ്ട് കോവിഡ് വാക്‌സിനേഷനുകള്‍ക്കിടയിലെ ഇടവേളകള്‍ ഏത് രീതിയിലാണ് ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതെന്നത് സംബന്ധിച്ചായിരുന്നു പഠനം.ഹ്രസ്വ ഇടവേളയായ 4 മുതല്‍ 6 ആഴ്ചയാണോ, അതോ 10 മുതല്‍ 14 ആഴ്ചകള്‍ക്കിടയിലെ ഇടവേളയാണോ നല്ലത് എന്നതാണ് പഠന വിധേയമാക്കിയതെന്ന് ഡോ. പത്മനാഭ ഷേണായി വ്യക്തമാക്കി

Update: 2021-09-14 09:23 GMT

കൊച്ചി: കൊവിഡ് പ്രതിരോധത്തിനായി നാലു മുതല്‍ ആറ് ആഴ്ച ഇടവേളയില്‍ വാക്‌സിന്‍ എടുത്ത രോഗികളുമായി താരതമ്യം ചെയ്യുമ്പോള്‍ 10 മുതല്‍ 14 ആഴ്ച ഇടവേളയില്‍ വാക്‌സിന്‍ എടുത്ത രോഗികളിലെ ആന്റിബോഡി അളവ് മൂന്നര മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തിയതായി കൊച്ചി ആസ്ഥാനമായ കെയര്‍ ഹോസ്പറ്റലിലെ റുമാറ്റോളജിസ്റ്റും ക്ലിനിക്കല്‍ ഇമ്മ്യൂണോളജിസ്റ്റുമായ ഡോ. പത്മനാഭ ഷേണായി.

രണ്ട് കോവിഡ് വാക്‌സിനേഷനുകള്‍ക്കിടയിലെ ഇടവേളകള്‍ ഏത് രീതിയിലാണ് ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതെന്നത് സംബന്ധിച്ചായിരുന്നു പഠനം.ഹ്രസ്വ ഇടവേളയായ 4 മുതല്‍ 6 ആഴ്ചയാണോ, അതോ 10 മുതല്‍ 14 ആഴ്ചകള്‍ക്കിടയിലെ ഇടവേളയാണോ നല്ലത് എന്നതാണ് പഠന വിധേയമാക്കിയതെന്ന് ഡോ. പത്മനാഭ ഷേണായി വ്യക്തമാക്കി.രണ്ട് കുത്തിവെപ്പുകള്‍ക്കിടയിലെ ഇടവേള കൂടുന്തോറും ആന്റിബോഡി ലെവലുകള്‍ മികച്ചതായിരിക്കും എന്ന് മനസിലാക്കാനായി. ഉയര്‍ന്ന ആന്റിബോഡി അളവ് രോഗങ്ങളില്‍ നിന്ന് ഉയര്‍ന്ന തലത്തിലുള്ള സംരക്ഷണം നല്‍കും. പ്രതിരോധശേഷി ദീര്‍ഘകാലം നിലനിര്‍ത്തുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.കൊവിഡ് വാക്‌സിനെടുത്ത 1500 ഓളം രോഗികളിലാണ് പഠനം നടത്തിയത്.

ഇതില്‍ നിന്നും തിരഞ്ഞെടുത്ത 213 രോഗികളില്‍ രണ്ട് വാക്‌സിന്‍ കുത്തിവെപ്പുകള്‍ക്കിടയിലെ ഇടവേള, കൊവിഡ് പ്രതിരോധശേഷി ഉണ്ടാക്കുന്നതില്‍ എപ്രകാരം സ്വാധീനിക്കും എന്നും പഠിച്ചു. മെയ് വരെ, രണ്ട് ഡോസുകള്‍ക്കിടയിലുള്ള ഇടവേള 4 മുതല്‍ 6 ആഴ്ച വരെയായിരുന്നു. ഈ സമയത്ത് രണ്ട് ഡോസുകള്‍ സ്വീകരിച്ച 102 രോഗികളെയും, കേന്ദ്രസര്‍ക്കാറിന്റെ നയമാറ്റത്തിന് ശേഷം 10 മുതല്‍ 12 ആഴ്ച ഇടവേളയില്‍ വാക്‌സിനെടുത്ത 111 രോഗികളെയും ആണ് പഠനവിധേയമാക്കിയത്. രണ്ട് ഗ്രൂപ്പുകളിലെയും എത്രമാത്രം പ്രതിരോധ ശേഷി ഉണ്ടെന്ന് അളന്നത് ആന്റിസ്‌പൈക്ക് ആന്റിബോഡി പരിശോധനയിലൂടെയാണ്.രണ്ടാമത്തെ ഡോസ് എടുത്ത് ഒരു മാസത്തിന് ശേഷമാണ് ഈ പരിശോധന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റ ഡോസ് വാകിസിനേഷന്‍ ഡെല്‍റ്റ വേരിയന്റില്‍ നിന്ന് കൂടുതല്‍ സംരക്ഷണം നല്‍കുന്നില്ലെ. ഇക്കാരണത്താല്‍, രണ്ടാമത്തെ ഡോസ് വൈകിപ്പിക്കുന്നതിലൂടെ, ഡോസുകള്‍ക്കിടയിലുള്ള കാലയളവില്‍ ആദ്യ ഡോസ് ലഭിച്ച ഒരു വ്യക്തിക്ക് കൊവിഡ് വരാനുള്ള സാധ്യതയുണ്ടാകും. അതുകൊണ്ട് ആദ്യ ഡോസ് സ്വീകരിച്ച ശേഷം കിട്ടുന്ന പ്രതിരോധ ശേഷിയാണോ ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന പ്രതിരോധശേഷിയാണോ വേണ്ടതെന്ന് തീരുമാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News