കൊവിഡ് പ്രതിരോധം: ആദ്യ ഡോസ് വിതരണം 100 ശതമാനം കൈവരിച്ച് എറണാകുളം ജില്ല
ഏതു വെല്ലുവിളിയെയും നേരിടാന്‍ പൊതുജനാരോഗ്യ സംവിധാനം സജ്ജമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. മൂന്നു മാസത്തിനകം രണ്ടാം ഡോസും 100 % കൈവരിക്കുമെന്നും മന്ത്രി വ്യക്തമാക്കി
കൊച്ചി: കൊവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസ് വിതരണം നൂറു ശതമാനം കൈവരിച്ച് എറണാകുളം ജില്ല.ഇതിന്റെ പ്രഖ്യാപനം കലക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി രാജീവ് നിര്‍വ്വഹിച്ചു.പൊതുജനാരോഗ്യ സംവിധാനം ആധുനികവല്‍ക്കരിക്കാനും ഏതു വെല്ലുവിളിയെയും നേരിടാനും ഈ കൊവിഡ് കാലത്ത് ആരോഗ്യമേഖല സജ്ജമായെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.ആദ്യ ഡോസ് വാക്‌സിന്‍ 100 % നേട്ടം കൈവരിച്ച് കേരളത്തിന്റെ മുന്‍പില്‍ നടക്കാന്‍ എറണാകുളം ജില്ലയ്ക്ക് കഴിഞ്ഞത് ഏറെ അഭിമാനകരമാണ്. മൂന്നു മാസത്തിനകം രണ്ടാം ഡോസും 100 % കൈവരിക്കും.
ഇന്ത്യയിലെ ആദ്യത്തെ കൊവിഡ് രോഗി എറണാകുളം ജില്ലയിലാണ് വന്നിറങ്ങിയത്. അന്നു മുതല്‍ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടന്നത്. ആരോഗ്യ സംവിധാനങ്ങളെല്ലാം കൊവിഡ് പ്രതിരോധത്തിന് സജ്ജമായി. വാക്‌സിനേഷനിലും ഇതേ മികവ് നിലനിര്‍ത്തുകയാണ് ജില്ല. എല്ലാ സാധ്യതകളും പരീക്ഷിക്കാന്‍ തയാറായി. സാങ്കേതിക വിദ്യയും പൊതു സ്വകാര്യ സ്ഥാപനങ്ങളുടെ ഏകോപനവും സമര്‍പ്പിത മനോഭാവത്തോടെ നിര്‍വഹിക്കാന്‍ ജില്ലയിലെ ആരോഗ്യവകുപ്പിനും ജില്ലാ ഭരണകൂടത്തിനും കഴിഞ്ഞു.
കൊവിഡ് പ്രതിരോധത്തിന് മെഡിക്കല്‍ കോളജിലെയും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലെയും വെന്റിലേറ്ററ്റുകളുടെയും ഓക്‌സിജന്‍ കിടക്കകളുടെയും എണ്ണം വര്‍ധിപ്പിച്ചു. ഓക്‌സിജന്‍ പ്ലാന്റ് തുടങ്ങി. ഈ സംവിധാനങ്ങളെല്ലാം ഇനിയും ഉപയോഗിക്കാം. ഇക്കാലയളവില്‍ നിയമിച്ച അധിക മനുഷ്യവിഭവ ശേഷി നിലനിര്‍ത്താനാകുമോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.എറണാകുളം ജില്ലയിലെ വാക്‌സിനേഷന്‍ ടീമിന്റെ പ്രവര്‍ത്തനത്തെ മന്ത്രി അഭിനന്ദിച്ചു.
വാക്‌സിനേഷന്‍ വിതരണത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്തു. ആദ്യ ഡോസ് വാക്‌സിനേഷനില്‍ ജില്ലയില്‍ ആദ്യം നൂറു ശതമാനം കൈവരിച്ച തദ്ദേശ സ്ഥാപനം മാറാടി ഗ്രാമപഞ്ചായത്ത് പുരസ്‌കാരം ഏറ്റുവാങ്ങി. ആദ്യ നഗരസഭയായ പിറവവും ആദ്യ ഹെല്‍ത്ത് ബ്ലോക്കായ അങ്കമാലിയും പുരസ്‌കാരം ഏറ്റുവാങ്ങി. കൊച്ചി കോര്‍പ്പറേഷനും പുരസ്‌കാരം ഏറ്റുവാങ്ങി. 100 % നേട്ടം കൈവരിച്ച ബ്ലോക്ക് പഞ്ചായത്തായ മുവാറ്റുപുഴയും പുരസ്‌കാരം ഏറ്റുവാങ്ങി.
മികച്ച പ്രവര്‍ത്തനം നടത്തിയ അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയും പുരസ്‌കാരം ഏറ്റുവാങ്ങി. ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി നടത്തിയ വാക്‌സിന്‍ വിതരണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കും പുരസ്‌കാരം നല്‍കി. വാക്‌സിനേഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. എം ജി ശിവദാസ്, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. പ്രശാന്ത്, ടെക്‌നിക്കല്‍ ടീം അംഗങ്ങളായ വൈശാഖ്, റീമ എന്നിവരും പുരസ്‌കാരം ഏറ്റുവാങ്ങി. ജില്ലാ ലേബര്‍ ഓഫീസര്‍ പി എം ഫിറോസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. മാത്യൂസ് നമ്പേലി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, മാസ് മീഡിയ ഓഫീസര്‍ സി എം ശ്രീജ എന്നിവരും കൊവിഡ് വാക്‌സിനേഷന്‍ വിതരണ സംഘവും മൊബൈല്‍ ടീം അംഗങ്ങളും പുരസ്‌കാരം ഏറ്റുവാങ്ങി.
ആരോഗ്യമേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരങ്ങളും വിതരണം ചെയ്തു. സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം മുളന്തുരുത്തി പഞ്ചായത്തിനാണ്. ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയശ്രീമൂലനഗരം പഞ്ചായത്ത്, രണ്ടാം സ്ഥാനം നേടിയ കാലടി, മൂന്നാം സ്ഥാനം നേടിയ മാറാടി എന്നീ തദ്ദേശ സ്ഥാപനങ്ങളും പുരസ്‌കാരം ഏറ്റുവാങ്ങി. പി ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എം പി, മേയര്‍ എം.അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്, തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഉണ്ണി കാക്കനാട്, ഡി എം ഒ ഡോ. എന്‍ കെ കുട്ടപ്പന്‍, അഡീഷണല്‍ ഡിഎംഒ മാരായ ഡോ.എസ് ശ്രീദേവി, ഡോ.ആര്‍ വിവേക് കുമാര്‍, വാക്‌സിനേഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. എം ജി ശിവദാസ് പങ്കെടുത്തു.