കൊവിഡ് പ്രതിരോധത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ സേവനം അഭിമാനകരം: മന്ത്രി പി രാജീവ്

എറണാകുളം പ്രസ് ക്ലബിനെ കൊവിഡ് പ്രതിരോധ പ്രസ് ക്ലബായി പ്രഖ്യാപിച്ചു

Update: 2021-10-09 13:48 GMT

കൊച്ചി: കൊവിഡ് പ്രതിരോധ, ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ സേവനങ്ങള്‍ കേരളത്തിന് അഭിമാനകരമെന്നു മന്ത്രി പി രാജീവ് പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിനെ കേരളത്തിലെ ആദ്യ കോവിഡ് പ്രതിരോധ പ്രസ് ക്ലബായി പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടിസിയോണ്‍ എച്ച്എസ്ഇ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി വികസിപ്പിച്ച പ്യൂറോസോള്‍ യുവിസി എന്ന എയര്‍ ഡിസ്ഇന്‍ഫെക്ഷന്‍ സിസ്റ്റം കൊവിഡിന്റെയും മറ്റു വൈറസുകളുടെയും പ്രതിരോധത്തിനായി സ്ഥാപിച്ചതിലൂടെ, എറണാകുളം പ്രസ് ക്ലബ് മഹാമാരിയുടെ കാലത്ത് പുതിയ മാതൃകയാവുകയാണ്. സമൂഹത്തിനു നേട്ടമാകുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കു സര്‍ക്കാരിന്റെ പ്രോത്സാഹനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

എയര്‍ ഡിസ്ഇന്‍ഫെക്ഷന്‍ സംവിധാനം സ്ഥാപിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ടിസിയോണ്‍ മാനേജിംഗ് ഡയറക്ടര്‍ ഷാജി ജേക്കബ്, ഡയറക്ടര്‍ ടോണി ജോസഫ് എന്നിവരില്‍ നിന്നു മന്ത്രിയും ഹൈബി ഈഡന്‍ എംപിയും ചേര്‍ന്ന് ഏറ്റുവാങ്ങി. പ്രസ് ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു അധ്യക്ഷത വഹിച്ചു. ഖജാന്‍ജി സിജോ പൈനാടത്ത്, വൈസ് പ്രസിഡന്റ് ജിപ്‌സണ്‍ സിക്കേര പ്രസംഗിച്ചു.

അള്‍ട്രാവയലറ്റ് ഡിസ്ഇന്‍ഫെക്ഷന്‍ സാങ്കേതിക വിദ്യയിലാണു പ്യൂറോസോള്‍ യുവിസി ഡിസിന്‍ഫെക്ഷന്‍ സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. കൊവിഡ് വൈറസ്, ബാക്ടീരിയ, ഫംഗസ് തുടങ്ങിയവയെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്റിലും ഈ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. കേന്ദ്രസര്‍ക്കാരാണ് ഈ സംവിധാനത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്.

സെന്‍ട്രലൈസ്ഡ് എയര്‍കണ്ടീഷനിംഗുള്ളതും അല്ലാത്തതുമായ ഓഡിറ്റോറിയങ്ങള്‍, ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, ബാങ്കുകള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇതു ഫലപ്രദമാണെന്നു ടിസിയോണ്‍ മാനേജിംഗ് ഡയറക്ടര്‍ ഷാജി ജേക്കബ് അറിയിച്ചു.യുവിസി എന്ന എയര്‍ ഡിസ്ഇന്‍ഫെക്ഷന്‍ സിസ്റ്റം സ്ഥാപിക്കുന്ന സ്ഥാപനങ്ങള്‍ക്കു കേന്ദ്രസര്‍ക്കാരിന്റെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പ് കോവിഡ് പ്രതിരോധ മേഖലയെന്ന് സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും നല്‍കുന്നുണ്ട്.

Tags:    

Similar News