ഇമ്മ്യുകെയര്‍ : ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളെ തിരിച്ചറിയാനുള്ള ലാബ് കൊച്ചിയില്‍

മെഡ്ജിനോം ലാബിന്റെയും ഷേണായീസ് കെയര്‍ ആശുപത്രിയുടെയും സംയുക്ത സംരംഭമായ ലാബ് കാക്കനാട് സെസിലാണ് പ്രവര്‍ത്തിക്കുന്നത്. ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ തിരിച്ചറിയുന്നതിനും ഗവേഷണ വിധേയമാക്കുന്നതിനുമുള്ള രാജ്യത്തെ ഏക ലബോറട്ടറി ശൃംഖലയാണിതെന്ന് ഇമ്മ്യുകെയര്‍ ഡയറക്ടര്‍ ഡോ.പത്മനാഭ ഷേണായി,സി.ഇ.ഒ ഡോ.അപര്‍ണ ജെയ്റാം, സാം സന്തോഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

Update: 2019-09-26 11:48 GMT

കൊച്ചി: ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളെ തിരിച്ചറിയുന്നതിന് മാത്രമായുള്ള 'ഇമ്മ്യുകെയര്‍' എന്ന ലാബ് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മെഡ്ജിനോം ലാബിന്റെയും ഷേണായീസ് കെയര്‍ ആശുപത്രിയുടെയും സംയുക്ത സംരംഭമായ ലാബ് കാക്കനാട് സെസിലാണ് പ്രവര്‍ത്തിക്കുന്നത്. ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ തിരിച്ചറിയുന്നതിനും ഗവേഷണ വിധേയമാക്കുന്നതിനുമുള്ള രാജ്യത്തെ ഏക ലബോറട്ടറി ശൃംഖലയാണിതെന്ന് ഇമ്മ്യുകെയര്‍ ഡയറക്ടര്‍ ഡോ.പത്മനാഭ ഷേണായി,സി.ഇ.ഒ ഡോ.അപര്‍ണ ജെയ്റാം, സാം സന്തോഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഇന്ത്യയിലെ എല്ലാ ഭാഗത്തു നിന്നും സാമ്പിളുകള്‍ ശേഖരിക്കാനുള്ള സൗകര്യം ലാബിനുണ്ട്. പ്രധാനമായും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രീകരിച്ചാണ് കേരളത്തിലെ കളക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഡോ.പത്മനാഭ ഷേണായി പറഞ്ഞു. രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന ജനിതക വൈകല്യങ്ങളായ ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ 150-ല്‍ അധികമുണ്ട്. കേരളത്തില്‍ 15 20 ലക്ഷം വരെ ഓട്ടോ ഇമ്മ്യൂണ്‍ രോഗികളുണ്ടെന്നാണ് കണക്ക്. രോഗങ്ങള്‍ കണ്ടുപിടിക്കാനുള്ള ലാബുകളുടെ അഭാവമാണ് പ്രശ്നം. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമുള്ള ലാബുകളെയാണ് കൂടുതല്‍ പേരും ആശ്രയിക്കുന്ന്. ഇത് ചെലവേറിയതാണ്. പുതിയ അസുഖങ്ങള്‍ കണ്ടുപിടിക്കാനുള്ള ടെസ്റ്റുകള്‍ നടത്തുന്നതിന് സൗകര്യമില്ല. ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഇമ്മ്യുകെയറിന് കഴിയുമെന്ന് ഡോ.പത്മനാഭ ഷേണായി പറഞ്ഞു.

2001 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ രാജ്യത്ത് ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ 23 ശതമാനം വര്‍ധിച്ചെന്ന് ഇമ്മ്യുകെയര്‍ സിഇഒ ഡോ.അപര്‍ണ ജെയ്റാം പറഞ്ഞു. എഎന്‍ഐ ടെക്നിക്ക് ഗ്ലോബല്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചായിരിക്കും ലാബിന്റെ പ്രവര്‍ത്തനം. കോശ അധിഷ്ഠിത വിശകലനങ്ങള്‍, ഓട്ടോമേറ്റഡ് എലൈസ ആന്റിജന്‍ ആന്റിബോഡി ടെസ്റ്റുകള്‍, ഇമ്മ്യൂണോഫിക്സേഷന്‍, ബ്ലോട്ട് അധിഷ്ഠിത പരിശോധനകള്‍, നൂതന തന്മാത്ര അധിഷ്ഠിത സംവിധാനങ്ങള്‍, ജനിതക പരിശോധനകള്‍, ഇലക്ട്രോ ഫോറിസിസ് തുടങ്ങിയ പരിശോധനകള്‍ നടത്തുന്നത് പരിചയ സമ്പന്നരായ മെഡിക്കല്‍ വിദഗ്ധരുടെ സംഘമാണെന്ന് ഡോ.അപര്‍ണ ജെയ്റാം അറിയിച്ചു.സ്ത്രീകളുടെയും കുട്ടികളുടെയും മരണത്തിലേക്ക് നയിക്കുന്ന പ്രധാനകാരണമായി കണ്ടെത്തിയിട്ടുള്ളത് ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളെയാണ്. പലപ്പോഴും രോഗങ്ങള്‍ പിന്നീട് വിട്ടുമാറാത്ത രോഗാവസ്ഥയിലേക്ക് നയിക്കുന്നു. ഈ മേഖലയില്‍ രാജ്യത്ത് അന്താരാഷ്ട്ര നിലവാരമുള്ള പരിശോധന സംവിധാനം ഇല്ല. ഈ കുറവ് പരിഹരിക്കുന്നതിനാണ് ഏഷ്യ പസഫിക് റീജിയണിലെ റുമറ്റോളജി ബ്രാന്‍ഡ് അംബാസിഡറും ഷേണായീസ് കെയര്‍ സ്ഥാപകനുമായ ഡോ. പത്മനാഭ ഷേണായിയുമായി സഹകരിച്ച് കൊച്ചിയില്‍ ഇമ്മ്യൂകെയര്‍ ആരംഭിച്ചതെന്ന് ജനിതക പരിശോധന രംഗത്തെ മാര്‍ക്കറ്റ് ലീഡര്‍ ആയ മെഡ്ജിനോം ലാബിന്റെ സി.ഇ.ഒയും സ്ഥാപകനുമായ സാം സന്തോഷ് പറഞ്ഞു. ഇമ്മ്യുകെയര്‍ലാബ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് എം സി എബ്രാഹവും വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു.

Tags:    

Similar News