ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി (ഐസിസി) കേരള ചാപ്റ്റര്‍ വാര്‍ഷിക സമ്മേളനം
ഹൃദയാഘാതം തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനും, നിയന്ത്രിക്കുന്നതിനുമുള്ള വിവിധ ചികില്‍സാമാര്‍ഗ്ഗങ്ങളും, ഹൃദയ സംബന്ധമായ മറ്റു അസുഖങ്ങളെക്കുറിച്ചും വിവിധ സെഷനുകള്‍ ചര്‍ച്ച ചെയ്യും
കൊച്ചി: ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി (ഐസിസി), കേരള ചാപ്റ്ററിന്റെ വാര്‍ഷിക സമ്മേളനം ഈ മാസം 4, 5 തീയതികളില്‍ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം വഴി സംഘടിപ്പിക്കും.ഹൃദയാഘാതം തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനും, നിയന്ത്രിക്കുന്നതിനുമുള്ള വിവിധ ചികില്‍സാമാര്‍ഗ്ഗങ്ങളും, ഹൃദയ സംബന്ധമായ മറ്റു അസുഖങ്ങളെക്കുറിച്ചും വിവിധ സെഷനുകള്‍ ചര്‍ച്ച ചെയ്യും. കൊവിഡ് കാലത്ത് വര്‍ദ്ധിച്ച വ്യായമരഹിത ജീവിതം ഹൃദയാരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത് പ്രത്യേകം ചര്‍ച്ച വിഷയമാകുമെന്ന് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. സി ഡി രാമകൃഷ്ണ പറഞ്ഞു.
ഹൃദയസംബന്ധമായ രോഗങ്ങളിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ഇല്ലാതാക്കുന്നതിനായി ആരോഗ്യ മേഖല ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ജീവിതശൈലിയില്‍ വന്ന മാറ്റം മൂലമുള്ള രക്തസമ്മര്‍ദ്ദം, ഗ്ലൂക്കോസ്, കൊളസ്‌ട്രോള്‍, ശരീരഭാര വര്‍ധനവ്, ഭക്ഷണക്രമം എന്നിവയും ഏറ്റവും പ്രധാനമായി കൃത്യമായ വ്യായാമത്തിന്റെ ആവശ്യകത എന്നിവയ്ക്കായി ബോധവല്‍ക്കരണ കാംപയിന്‍ അത്യാവശ്യമാണെന്നും ഡോ. സി ഡി രാമകൃഷ്ണ പറഞ്ഞു.വിവിധ പ്രായത്തിലുള്ള ശാരീരികമായി നിഷ്‌ക്രിയരായ ആളുകളെ ഉള്‍ക്കൊള്ളുന്ന ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പിനെ തിരിച്ചറിഞ്ഞ് റിസ്‌ക് സ്ട്രാറ്റിഫിക്കേഷന്‍ നടത്തേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധതന്ത്രങ്ങള്‍ വികസിപ്പിക്കാന്‍ സമ്മേളനം നടപടികള്‍ കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി, ഇലക്ട്രോഫിസിയോളജി, ക്ലിനിക്കല്‍ കാര്‍ഡിയോളജി എന്നിവയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും. ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള പഠന സെഷനുകളും സംഘടിപ്പിക്കുന്നുണ്ട്. മികച്ച പ്രബന്ധങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണവും നടക്കും.സങ്കീര്‍ണ്ണമായ ഹാര്‍ട്ട് ഫെയിലര്‍, ടിഎവിഐ, നവജാതശിശുക്കളില്‍ പേസ് മേക്കര്‍, രോഗനിര്‍ണയത്തിലും ചികില്‍സയിലും ഏറ്റവും പുതിയ കാത്തീറ്റര്‍ സാങ്കേതികവിദ്യകള്‍ എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ പ്രത്യേക സെഷനുകള്‍ നടക്കും.മുന്നൂറിലധികം വിദഗ്ധ കാര്‍ഡിയോളജിസ്റ്റുകളും ഗവേഷകരും കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.