വൈദ്യശാസ്ത്ര മികവിനു മുന്നില്‍ രോഗം കീഴടങ്ങി ; കൊച്ചു ഹൈദാന് ഇത് രണ്ടാം ജന്മം
അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന ശ്വാസകോശ മുഴയായ പ്ലൂറോ പള്‍മണറി ബ്ലാസ്റ്റോമ എന്ന രോഗത്തില്‍ നിന്ന് പൂര്‍ണമായും മുക്തി നേടിയതിന്റെ ആശ്വാസത്തിലാണ് മുഹമ്മദ് ഹൈദാന്‍ എന്ന മൂന്നു വയസുകാരന്‍. ലോകത്ത് ഇതുവരെ 204 കുട്ടികളില്‍ മാത്രമേ ഈ രോഗം കണ്ടെത്തിയിട്ടുള്ളൂ. ശ്വാസകോശത്തെ കാര്‍ന്നു തിന്നുന്ന അസുഖമാണ് പ്ലൂറോ പള്‍മണറി ബ്ലാസ്റ്റോമ
കൊച്ചി: മൂന്നുവയസിനിടെ മുഹമ്മദ് ഹൈദാന് ഇത് രണ്ടാം ജന്മം. കുട്ടികളില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന ശ്വാസകോശ മുഴയായ പ്ലൂറോ പള്‍മണറി ബ്ലാസ്റ്റോമ എന്ന രോഗത്തില്‍ നിന്ന് പൂര്‍ണമായും മുക്തി നേടിയതിന്റെ ആശ്വാസത്തിലാണ് മുഹമ്മദ് ഹൈദാന്‍ എന്ന മൂന്നു വയസുകാരന്‍. ലോകത്ത് ഇതുവരെ 204 കുട്ടികളില്‍ മാത്രമേ ഈ രോഗം കണ്ടെത്തിയിട്ടുള്ളൂ. ശ്വാസകോശത്തെ കാര്‍ന്നു തിന്നുന്ന അസുഖമാണ് പ്ലൂറോ പള്‍മണറി ബ്ലാസ്റ്റോമ.കോഴിക്കോട് കടലുണ്ടി സ്വദേശികളായ ഉദൈഫ ഹൈദാന്‍-ജുബീന ദമ്പതികളുടെ മൂത്ത മകനാണ് മൂന്നു വയസുകാരന്‍ മുഹമ്മദ് ഹൈദാന്‍. കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ ഇല്ലാതിരുന്ന മുഹമ്മദ് ഹൈദാന് ഒരു മാസം മുമ്പ് ശ്വാസതടസം നേരിടുകയായിരുന്നു. ഊര്‍ജ്ജസ്വലനായിരുന്ന കുട്ടി വളരെ പെട്ടെന്ന് അവശനായി. യുഎഇയിലെ ആശുപത്രിയിലെ പരിശോധനയില്‍ കുട്ടിയ്ക്ക് പ്ലൂറോ പള്‍മണറി ബ്ലാസ്റ്റോമ എന്ന അപൂര്‍വ രോഗമാണെന്ന് കണ്ടെത്തി. പ്രതീക്ഷയ്ക്ക് യാതൊരു വകയുമില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. തുടര്‍ന്ന് കാന്‍സര്‍ രോഗവിദഗ്ധന്‍ ഡോ.വി.പി ഗംഗാധരന്റെ നിര്‍ദ്ദേശപ്രകാരം യുഎഇയില്‍ നിന്ന് എറണാകുളം വിപിഎസ് ലേക്ഷോര്‍ ആശുപത്രിയിലേയ്ക്ക് കുട്ടിയെ എത്തിച്ചു.ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ശ്വാസകോശത്തിന്റെ രണ്ട് അറകളില്‍ വലത് ഭാഗം പൂര്‍ണമായും ഇടത് അറയുടെ 70 ശതമാനത്തോളവും മുഴ വ്യാപിച്ച അവസ്ഥയിലും കരള്‍ അടിവയറ്റിലേക്ക് തള്ളിയിറങ്ങിയ നിലയിലുമായിരുന്നു കുട്ടി. കുട്ടിയുടെ ജീവന്‍ തിരച്ചുപിടിക്കാന്‍ അടിയന്തര ശസ്ത്രക്രിയയിലൂടെ മാത്രമേ സാധിക്കൂ വെന്ന് മനസിലാക്കിയ ഡോ. ഗംഗാധരന്‍ ഇന്ത്യയിലെ തന്നെ മുന്‍നിര കാര്‍ഡിയോ തൊറാസിക് സര്‍ജനായ ഡോ.നാസര്‍ യൂസഫിനെ ബന്ധപ്പെട്ട് കുട്ടിയുടെ അവസ്ഥ വിവരിച്ചു.
ഈ സമയം സാധാരണ നിലയില്‍ നിന്ന് ഓക്സിജന്റെ അളവ് കുറഞ്ഞും രക്തത്തില്‍ കാല്‍സ്യത്തിന്റെ അളവ് ഇരട്ടിയാകുകയും ചെയ്ത അവസ്ഥയിലായിരുന്നു കുട്ടി. ശ്വാസകോശം ചുരുങ്ങിയ നിലയിലായിരുന്നതിനാല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുന്നതും, ശസ്ത്രക്രിയ നടത്തുക എന്നതും അതീവ ദുഷ്‌കരമായിരുന്നു.തുടര്‍ന്ന് ഡോ.നാസര്‍ യൂസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഏഴ് മണിക്കൂറെടുത്ത് ഓപ്പണ്‍ സര്‍ജറിയിലൂടെ ഒന്നരക്കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു. രോഗത്തിന്റെ പ്രത്യേകതമൂലം മുഴയില്‍ തൊടുന്നിടം പൊടിഞ്ഞു പോകുകയായിരുന്നു. ഇത് ശസ്ത്രക്രിയ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. ഇതുമൂലം ഒന്നരമടങ്ങ് രക്തം ആശ്യമായി വന്നു. മുഴ നീക്കിയപ്പോള്‍ തന്നെ പൂര്‍ണ്ണമായും ചുരുങ്ങിപ്പോയ ഇടത് ശ്വാസകോശവും, 70 ശതമാനം വരെ ചുരുങ്ങിയ വലത് ശ്വാസകോശവും പൂര്‍ണ്ണസ്ഥിതി പ്രാപിച്ചു. കേരളത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു ശസ്ത്രക്രിയ നടന്നത്. അതുകൊണ്ട് തന്നെ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു ഇതെന്ന് ഡോ.നാസര്‍ യൂസഫ് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ടാഴ്ചത്തെ ആശുപത്രി വാസം കഴിഞ്ഞ് മുഹമ്മദ് ഹൈദാന്‍ ആരോഗ്യത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. തുടര്‍ന്നുള്ള പരിശോധനകളും ചികിത്സകളും ഡോ. വി.പി.ഗംഗാധരന്റെ നേതൃത്വത്തിലായിരിക്കും. യൂറോപ്യന്‍ സൊസൈറ്റി ഓഫ് തൊറാസിക് സര്‍ജന്‍സ് അടക്കമുള്ള രാജ്യാന്തര സംഘടനകള്‍ ശസ്ത്രക്രിയ നടത്തിയ ഡോ.നാസര്‍ യൂസഫിനെയും സംഘത്തെയും അഭിനന്ദിച്ചു.