ഇനി എല്ലാം ഓണ്‍ലൈനില്‍;ഒഎന്‍ഡിസി പ്ലാറ്റ്‌ഫോമുമായി കേന്ദ്ര സര്‍ക്കാര്‍

Update: 2022-05-25 08:48 GMT

രാജ്യത്തെ ദശലക്ഷക്കണക്കിന് ചെറുകിട ബിസിനസുകാര്‍ക്കും, വ്യാപാരികള്‍ക്കും ഡിജിറ്റല്‍ വിപണി പ്രവേശനം സാധ്യമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.ഇന്ത്യയിലെ ചെറുകിട സംരംഭകര്‍ക്കും, വില്‍പനക്കാര്‍ക്കുമെല്ലാം അവരുടെ എല്ലാവിധ ഉല്‍പന്നങ്ങളും സേവനങ്ങളും വില്‍പനക്കെത്തിക്കാനും ആളുകള്‍ക്ക് അവ വാങ്ങാനും സാധിക്കുന്ന ഒരു ഓണ്‍ലൈന്‍ വാണിജ്യ പ്ലാറ്റ്‌ഫോമിന് തുടക്കമിടാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.ആമസോണ്‍,ഫ്‌ലിപ്പ്കാര്‍ട്ട് തുടങ്ങിയ ഇ കൊമേഴ്‌സ് ഭീമന്മാര്‍ക്ക് മാത്രം കുത്തകയായിരുന്ന പ്ലാറ്റ്‌ഫോമാണ് ചെറുകിട സംരംഭകര്‍ക്കായി തുറന്ന് നല്‍കുന്നത്.

ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് (ഒഎന്‍ഡിസി)എന്ന പേരില്‍ ഡല്‍ഹി, ബംഗളുരു, ഭോപ്പാല്‍, ഷില്ലോങ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഈ പ്ലാറ്റ്‌ഫോമിന്റെ പൈലറ്റ് സോഫ്റ്റ് ലോഞ്ച് ഏപ്രില്‍ 29ന് കേന്ദ്ര വാണിജ്യ മന്ത്രാലയം ആരംഭിച്ച് കഴിഞ്ഞു.

ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ ചെറുകിട സ്ഥാപനങ്ങള്‍ സ്വന്തമായൊരു ഇ കൊമേഴ്‌സ് വെബ്‌സൈറ്റ് തുടങ്ങുന്നതിനേക്കാള്‍ ലാഭകരമായിരിക്കും ഇത്. കാരണം ചെറുസ്ഥാപനങ്ങള്‍ വെബ്‌സൈറ്റ് തുടങ്ങിയാല്‍ അതിലേക്ക് ഉപഭോക്താക്കളെ എത്തിക്കാന്‍ വലിയ പ്രയാസമാണ്.

സാധാരണ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളെ പോലെ തന്നെ എല്ലാ തരം ഉല്‍പന്നങ്ങള്‍ക്കും വേണ്ടിയുള്ള ഉപഭോക്താക്കള്‍ ഒഎന്‍ഡിസിയിലുണ്ടാവും. നിലവിലുള്ള സ്വകാര്യ പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച് കൂടുതല്‍ ചെറുകിട സംരംഭകര്‍ക്കും വിതരണക്കാര്‍ക്കും ഒഎന്‍ഡിസിയിലൂടെ വില്‍പന നടത്താനാവും.

യുപിഐ പ്ലാറ്റ്‌ഫോമില്‍ ഒരുക്കിയിരിക്കുന്ന വിവിധ പേമെന്റ് സേവനങ്ങളിലൂടെ ഡിജിറ്റല്‍ പണമിടപാടുകളും നടത്താനാവും. ഉല്‍പന്നങ്ങളുടെ വിതരണത്തിനുള്ള ഡെലിവറി സേവനങ്ങളും ഒഎന്‍ഡിസി തന്നെ നല്‍കിയേക്കും.

വില്‍പനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇതില്‍ പ്രത്യേകം ആപ്പുകളുണ്ടാവും. പ്രസ്തുത ആപ്പുകള്‍ ഉപയോഗിച്ച് കച്ചവടക്കാര്‍ക്ക് ഉല്‍പന്നങ്ങള്‍ വില്‍പനയ്ക്ക് വെക്കാനും ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള സാധന സേവനങ്ങള്‍ തിരഞ്ഞ് കണ്ടുപിടിച്ച് വാങ്ങാനുമാവും.

2022ല്‍ ഒരു സ്വകാര്യ നോണ്‍ പ്രോഫിറ്റ് കമ്പനിയായാണ് ഒഎന്‍ഡിസിക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്. സ്വകാര്യ ഇ കൊമേഴ്‌സ് കമ്പനികളുടെ കുത്തക ഇല്ലാതാക്കുകയെന്ന ലക്ഷ്യം ഈ പദ്ധതിക്കുണ്ട്. വിവിധ സ്ഥാപനങ്ങള്‍ ഇതിനകം ഒഎന്‍ഡിസിയുടെ ഭാഗമായിട്ടുണ്ടെന്നാണ് വിവരം.

ഒഎന്‍ഡിസി പ്ലാറ്റ്‌ഫോം രൂപകല്‍പന ചെയ്ത് അവതരിപ്പിക്കുന്നതിന് ഇന്‍ഫോസിസ് സഹസ്ഥാപകനും നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ നന്ദന്‍ നിലെകനി, നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി സിഇഒ ആര്‍ എസ് ശര്‍മ എന്നിവരടങ്ങുന്ന ഒമ്പതംഗ നിര്‍ദേശക സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്.

ഒഎന്‍ഡിസിയെ സംബന്ധിച്ച് ഉയരുന്ന ചില ആശങ്കകള്‍

ഉല്‍പന്നങ്ങളുടെ ഗുണമേന്മ എങ്ങനെ ഉറപ്പിക്കും. അതിനുള്ള ഉത്തരവാദിത്വം ആര്‍ക്കാണ്?

പണമിടപാടുകള്‍, ഉല്‍പന്നങ്ങളുടെ ചരക്കുനീക്കം എന്നിവയുടെ പ്രവര്‍ത്തനം എങ്ങനെ ആയിരിക്കും?

ഇ കൊമേഴ്‌സ് രംഗത്ത കുത്തക കമ്പനികള്‍ക്കെതിരെ രംഗത്ത് വരുമ്പോള്‍ വിപണിയില്‍ മല്‍സരിച്ച് വിജയിക്കാന്‍ ഒഎന്‍ഡിസി പ്ലാറ്റ്‌ഫോമിന് കഴിയുമോ?

സ്വകാര്യ കമ്പനികള്‍ നല്‍കുന്ന ആകര്‍ഷകമായ ഓഫറുകളോടും ഡീലുകളോടും ഒഎന്‍ഡിസി പ്ലാറ്റ്‌ഫോം എങ്ങനെ മല്‍സരിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.ആമസോണ്‍,ഫ്‌ലിപ്പ്കാര്‍ട്ട് തുടങ്ങിയ ഇ കൊമേഴ്‌സ് ഭീമന്മാരുടെ ഇടയില്‍ പിടിച്ച് നില്‍ക്കാനായാല്‍ ചെറുകിട സംരംഭകര്‍ക്കും വ്യാപാരികള്‍ക്കും ഈ സംവിധാനം ഒരു ആശ്വാസമായി മാറുമെന്നത് തീര്‍ച്ച.

Tags:    

Similar News