ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ സുരക്ഷിതമാക്കാം ;അറിഞ്ഞിരിക്കാം ടോക്കനൈസേഷനെക്കുറിച്ച്

Update: 2022-08-25 09:09 GMT
ല്ലാം ഓണ്‍ലൈന്‍ മയമായിരിക്കുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്.സമയ ലാഭമാണ് ഓണ്‍ലൈന്‍ ഇടപാടുകളുടെ ഏറ്റവും വലിയ പ്രത്യേകത.തിരക്ക് പിടിച്ച കാലത്ത് എല്ലാം വേഗത്തിലാക്കാനുള്ള നമ്മുടെ നെട്ടോട്ടത്തിന് ഒരു ആശ്വാസം തന്നെയാണ് ഓണ്‍ലൈന്‍ ഇടപാടുകള്‍.എന്നാല്‍ ഗുണത്തേ പോലെ തന്നെ ദോഷകാരവുമാണ് ഇത്തരം ഇടപാടുകള്‍.വഴിയില്‍ ഒരുപാട് ചതിക്കുഴികളും നമ്മളെ കാത്തിരിക്കുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ നെഗറ്റീവ് മാര്‍ക്ക്.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ നിങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ മുഴുവന്‍ വിവരങ്ങളും കൈമാറേണ്ടതായി വരാം. ഇത് പലപ്പോഴും നിങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുമുണ്ടാവാം. എന്നാലിനി ആ പേടി വേണ്ട. ഇത്തരത്തില്‍ ചതിക്കുഴികളില്‍പ്പെടാതെ ഓണ്‍ലൈന്‍ ഇടപാടുകള്‍ സുരക്ഷിതമാക്കാനുള്ള പുതിയ രീതിയാണ് ടോക്കനൈസേഷന്‍. പുതിയ ഈ ഡാറ്റാ സുരക്ഷ സംവിധാനത്തിലൂടെ ഇടപാടുകളില്‍ നടക്കുന്ന സാമ്പത്തിക തിരിമറികള്‍ മറികടക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഓണ്‍ലൈന്‍ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായാണ് ടോക്കനൈസേഷന്‍ എന്ന ഡാറ്റാ സെക്യൂരിറ്റി സംവിധാനത്തിന്റെ ഉദ്ദേശം.

ടോക്കനൈസേഷനില്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിങ്ങള്‍ നല്‍കുന്ന കാര്‍ഡ് വിവരങ്ങള്‍ ഒരു കോഡ് രൂപത്തിലേക്ക് മാറും. ഇതാണ് ടോക്കണുകള്‍. 2021 സെപ്റ്റംബറില്‍ പുതിയ ഡാറ്റാ സംവിധാനത്തിലേക്ക് വ്യാപാരസ്ഥാപനങ്ങള്‍ മാറുന്നതിനുള്ള മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു.ജനുവരിക്കുള്ളില്‍ വ്യവസ്ഥ പാലിക്കണമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ മുന്‍ ഉത്തരവ്. ഇത് പിന്നീട് ജൂലൈ ഒന്നുവരെയും പിന്നീട് സെപ്റ്റംബര്‍ 30 വരെയുമായി രണ്ടു തവണയായാണ് നീട്ടിയത്.

ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ ഇടപാട് നടത്താന്‍ അനുവദിക്കുന്നതാണ് ടോക്കനൈസേഷന്‍ സംവിധാനം.ചട്ടം പ്രാബല്യത്തില്‍ വരുന്നതോടെ, ഇതുവരെ സൂക്ഷിച്ചുവച്ചിരുന്ന ഇടപാടുകാരുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഓണ്‍ലൈന്‍ സേവനദാതാക്കള്‍ നീക്കം ചെയ്യണം. കാര്‍ഡ് വിവരങ്ങള്‍ നീക്കം ചെയ്ത് എന്‍ക്രിപ്റ്റ് ചെയ്ത ഡിജിറ്റല്‍ ടോക്കണിലേക്ക് നീങ്ങണമെന്നാണ് റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

ടോക്കണ്‍ എടുക്കുന്ന വിധം

ഉല്‍പ്പന്നം വാങ്ങുന്നതിനായി തിരഞ്ഞെടുക്കുന്ന ഓണ്‍ലൈന്‍ സൈറ്റോ ആപ്പോ തുറക്കുക

ഇടപാട് നടത്താന്‍ ഉപയോഗിക്കുന്ന കാര്‍ഡിലെ വിവരങ്ങള്‍ നല്‍കുക

വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ കാര്‍ഡിനെ ടോക്കനൈസേഷന് വിധേയമാക്കുക. തുടര്‍ന്ന് ആര്‍ബിഐ മാര്‍ഗനിര്‍ദേശം അനുസരിച്ചുള്ള 'secure your card as per RBI guidelines' ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

ടോക്കണിന് രൂപം നല്‍കിയതിന് അംഗീകാരം നല്‍കുക. ഇടപാട് പൂര്‍ത്തിയാക്കാന്‍ ബാങ്ക് അയക്കുന്ന ഒടിപി നമ്പര്‍ നല്‍കുക.

ഇതോടെ ടോക്കനൈസേഷന്‍ പൂര്‍ത്തിയായി. കാര്‍ഡിലെ വിവരങ്ങള്‍ക്ക് പകരമാണ് ടോക്കണ്‍. ഇത് നിലനിര്‍ത്തുക.

ടോക്കനൈസേഷന്‍ പൂര്‍ത്തിയായോ എന്നറിയാന്‍ അതേ വെബ്‌സൈറ്റിലോ ആപ്പിലോ പിന്നീട് ഇടപാട് നടത്തുമ്പോള്‍ കാര്‍ഡിന്റെ അവസാന നാലക്ക നമ്പറാണോ വരുന്നത് എന്ന് നോക്കുക. അങ്ങനെയെങ്കില്‍ കാര്‍ഡ് ടോക്കനൈസേഷന് വിധേയമായി എന്ന് ഉറപ്പിക്കാം.

ടോക്കണൈസേഷന്‍ നിര്‍ബന്ധമാണോ

ഒരു ഉപഭോക്താവിന് തന്റെ കാര്‍ഡ് ടോക്കനൈസ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാവുന്നതാണ്. അതേപോലെ തന്നെ എല്ലാ തരത്തിലുമുള്ള ക്യാഷ്‌ലെസ് കോണ്‍ടാക്ട്‌ലെസ് പേയ്‌മെന്റുകള്‍ക്ക് കാര്‍ഡ് രജിസ്റ്റര്‍ ചെയ്യാനും ഡീ രജിസ്റ്റര്‍ ചെയ്യാനും ഉപഭോക്താവിന് സാധിക്കും.

സുരക്ഷിതത്വം ഉറപ്പാക്കാന്‍ കാര്‍ഡ് നെറ്റ് വര്‍ക്കുകള്‍

ടോക്കനൈസേഷന്‍ സംവിധാനത്തിലൂടെ യഥാര്‍ത്ഥ കാര്‍ഡ് വിശദാംശങ്ങള്‍ക്ക് പകരം ടോക്കണ്‍ നല്‍കുന്നു. ഈ ടോക്കണുകളുടെ വിവരങ്ങളും കാര്‍ഡിനെ കുറിച്ചുള്ള വിവരങ്ങളും വ്യാപാരിയിലേക്ക് എത്തുന്നില്ല. കാരണം ഇവ കൈമാറ്റം ചെയ്യപ്പെടുന്നത് അംഗീകൃത കാര്‍ഡ് നെറ്റ് വര്‍ക്കുകളിലൂടെയാണ്.

അതേസമയം, ടോക്കനൈസേഷന്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോഴെല്ലാം പേര്, കാര്‍ഡ് നമ്പര്‍ തുടങ്ങിയ വിവരങ്ങളെല്ലാം ടൈപ്പ് ചെയ്യേണ്ടതായി വരും. എന്നാല്‍ ഇത് കൂടുതല്‍ സുരക്ഷിതമായിരിക്കും.

ടോക്കനൈസേഷന്‍ പ്രക്രിയയിലെ ഇടപാടുകാര്‍

ഒരു ടോക്കനൈസേഷന്‍ പ്രക്രിയയില്‍ സാധാരണയായി ഓണ്‍ലൈന്‍ വ്യാപാരി, കാര്‍ഡ് പേയ്‌മെന്റ് നെറ്റ് വര്‍ക്ക്, ടോക്കണ്‍ റിക്വസ്റ്റര്‍, ഇഷ്യൂവര്‍, ഉപഭോക്താവ് എന്നിവരാണ് ഉള്‍പ്പെടുക. എന്നാല്‍ ഇവര്‍ക്ക് പുറമെ ഒരു സ്ഥാപനത്തിനും കൂടി ഈ ഇടപാടില്‍ പങ്കാളിയാവാം.

ആര്‍ക്കാണ് പരാതി നല്‍കേണ്ടത്

ടോക്കനൈസേഷന്‍ പ്രക്രിയയില്‍ ഏതെങ്കിലും രീതിയിലുള്ള അസൗകര്യങ്ങളോ സുരക്ഷിതത്വ കുറവോ ഉണ്ടായാല്‍ ടോക്കനൈസേഷന്‍ നല്‍കുന്ന കാര്‍ഡ് ഇഷ്യൂവര്‍ക്ക് ഉപഭോക്താവിന് പരാതി നല്‍കാവുന്നതാണ്.

Tags:    

Similar News