ഗോവയില്‍ മുതിര്‍ന്ന ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ആസന്നമായിരിക്കെയാണ് ബിജെപിയെ ഞെട്ടിച്ചുള്ള ചുവടുമാറ്റം

Update: 2019-03-25 16:54 GMT

പനാജി: മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ നിര്യാണത്തെ തുടര്‍ന്ന് ഭരണപ്രതിസന്ധിയിലാവുകയും അര്‍ധരാത്രി തന്നെ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്ത ഗോവയില്‍ ബിജെപിയെ ഞെട്ടിച്ച് മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ടു. മപൗസ മണ്ഡലത്തില്‍ അഞ്ചുതവണ മുനിസിപ്പല്‍ കൗണ്‍സിലറായിരുന്ന സുധീര്‍ ഖണ്ഡോല്‍കറാണ് കോണ്‍ഗ്രസില്‍ ചേര്‍ന്ന്. ഇദ്ദേഹത്തോടൊപ്പം 350ഓളം സജീവ ബിജെപി പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടതായാണു റിപോര്‍ട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ആസന്നമായിരിക്കെയാണ് ബിജെപിയെ ഞെട്ടിച്ചുള്ള ചുവടുമാറ്റം. ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചന്ദോത്കറും പ്രതിപക്ഷ നേതാവ് ബാബു കവ്‌ലേല്‍ക്കറും പങ്കെടുത്ത ചടങഅങില്‍ സുധീറിന് കോണ്‍ഗ്രസ് അംഗത്വം നല്‍കുകയും ചെയ്തു. നിയമസഭയിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലമാണ് മപൗസ. കേരളത്തോടൊപ്പം ഏപ്രില്‍ 23നാണ് ഗോവയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പും മൂന്ന് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കുന്നത്. മാന്‍ഡ്രേം, മപൗസ, സിരോദ എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നിട്ടുള്ളത്.

    ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന ഫ്രാന്‍സിസ് ഡിസൂസയുടെ മരണത്തെ തുടര്‍ന്നാണ് മപൗസയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 1999 മുതല്‍ മപൗസയെ പ്രതിനിധീകരിക്കുന്നത് ഡിസൂസയായിരുന്നു. 20 അംഗങ്ങളുടെ പിന്തുണയോടെ അധികാരത്തിലേറിയ ബിജെപിക്ക് മൂന്ന് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. 14 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. ഗോവ ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും നിലനിര്‍ത്താന്‍ ബിജെപിയും പെടാപ്പാട് പെടുമ്പോഴാണ് സുധീറിന്റെ ചുവടുമാറ്റം എന്നതു ശ്രദ്ധേയമാണ്.




Tags:    

Similar News