ലീഗ് സ്ഥാനാര്‍ഥികളായ കുഞ്ഞാലിക്കുട്ടിയും ബഷീറും പത്രിക നല്‍കി
രാവിലെ പാണക്കാട് തറവാട്ടിലെത്തിയ ഇരുവരും പ്രാര്‍ഥന നടത്തിയശേഷമാണ് കലക്ടറേറ്റിലേക്ക് പുറപ്പെട്ടത്
മലപ്പുറം: പൊന്നാനി, മലപ്പുറം ലോക്‌സഭ മണ്ഡലങ്ങളിലെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളായ ഇ ടി മുഹമ്മദ് ബഷീറും പി കെ കുഞ്ഞാലിക്കുട്ടിയും നാമനിര്‍ദേശപത്രിക നല്‍കി. വെള്ളിയാഴ്ച രാവിലെ 11.15ഓടെയാണ് വരണാധികാരിയായ മലപ്പുറം ജില്ലാ കലക്്ടര്‍ക്കു പത്രിക നല്‍കിയത്. രാവിലെ പാണക്കാട് തറവാട്ടിലെത്തിയ ഇരുവരും പ്രാര്‍ഥന നടത്തിയശേഷമാണ് കലക്ടറേറ്റിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് മലപ്പുറം ഡിസിസി ഓഫിസ് സന്ദര്‍ശിച്ചു. കുഞ്ഞാലിക്കുട്ടിക്കൊപ്പം ഡമ്മി സ്ഥാനാര്‍ഥിയായി യു എ ലത്തീഫും പൊന്നാനിയില്‍ അഷ്‌റഫ് കോക്കൂരും ഡമ്മി പത്രിക നല്‍കി. കുഞ്ഞാലിക്കുട്ടി രണ്ടാംതവണയാണ് മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ മല്‍സരിക്കുന്നത്. എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വി പി സാനുവാണ് ഇടതുസ്ഥാനാര്‍ഥി. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍മജീദ് ഫൈസിയാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി. രണ്ടുതവണ പൊന്നാനിയെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തിയ ഇ ടി മുഹമ്മദ് ബഷീര്‍ ഹാട്രിക് വിജയം തേടിയാണ് ഇത്തവണ മല്‍സരത്തിനിറങ്ങുന്നത്. എല്‍ഡിഎഫ് സ്വതന്ത്രനായ പി വി അന്‍വറാണ് എതിര്‍സ്ഥാനാര്‍ഥി. എസ്ഡിപിഐയ്ക്കു വേണ്ടി അഡ്വ. കെ സി നസീറും പിഡിപിക്കു വേണ്ടി പൂന്തുറ സിറാജും എന്‍ഡിഎയ്ക്കു വേണ്ടി വി ടി രമയും ജനവിധി തേടുന്നുണ്ട്.