അധികാരത്തിലെത്തിയാല്‍ റഫേല്‍ അന്വേഷിക്കും; ഛൗക്കിദാര്‍ ജയിലിലാവും: രാഹുല്‍ഗാന്ധി
റഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള തുകയില്‍ മാറ്റം വരുത്തിയത് പ്രധാനമന്ത്രിയാണെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ രേഖകളില്‍ പറയുന്നുണ്ട്
ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ റഫേല്‍ ഇടപാടില്‍ അന്വേഷണം നടത്തുമെന്നും ഛൗക്കിദാര്‍ ജയിലിലാവുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നാഗ്പൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിനു ശേഷം റഫേല്‍ ഇടപാടിനെ കുറിച്ച് അന്വേഷിക്കും. അങ്ങനെ ഛൗക്കിദാര്‍ ജയിലിലാവുമെന്നും അദ്ദേഹം പറഞ്ഞു. റഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള തുകയില്‍ മാറ്റം വരുത്തിയത് പ്രധാനമന്ത്രിയാണെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ രേഖകളില്‍ പറയുന്നുണ്ട്. ഛൗക്കിദാനാണ് മോഷണത്തിന്റെ ഉത്തരവാദിത്തം. മുന്‍ പ്രതിരോധമന്ത്രി മാധ്യമങ്ങളോടു പറഞ്ഞത് പുതിയ ഇടപാടിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും പ്രധാനമന്ത്രിയോട് ചോദിക്കൂവെന്നുമായിരുന്നു. മനോഹര്‍ പരീക്കര്‍ക്ക് അഴിമതിയെ കുറിച്ച് അറിയുന്നതിനാലാണ് ഇങ്ങനെ പറഞ്ഞത്. അനില്‍ അംബാനി വ്യാപാരത്തില്‍ പരാജയപ്പെട്ടപ്പോള്‍ ജയിലില്‍ പോവുന്നതില്‍ നിന്ന് സഹോദരനാണ് രക്ഷിച്ചത്. ഞാന്‍ നിങ്ങളുമായി ദീര്‍ഘകാലത്തെ ബന്ധമുള്ളയാളാണ്. എനിക്ക് കള്ളം പറയാനാവില്ല. മോദി ഏറെ വളര്‍ന്നു. അദ്ദേഹം തിരക്കിലാണ്. അതിനാല്‍ തന്നെ അദ്ദേഹം കള്ളം പറയുന്നു. ബിജെപി പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണു നല്‍കുന്നത്. പാവപ്പെട്ടവര്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കാത്ത വിധം നടപ്പാക്കാനാവുമെന്ന് സാമ്പത്തിക വിദഗ്ധരെല്ലാം തന്നോട് വ്യക്തമാക്കിയിട്ടുണ്ട്. ന്യായ് പദ്ധതി ദാരിദ്ര്യത്തിനെതിരായ കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ്. എല്ലാ ഇന്ത്യക്കാരനും പ്രതിമാസം 12000 രൂപ ഉറപ്പുവരുത്തും. എങ്ങനെയാണ് അതിനുള്ള ഫണ്ട് കണ്ടെത്തുകയെന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ കാണിച്ചുതരും. അഴിമതിയും തൊഴിലില്ലായ്മയും കര്‍ഷകരുടെ പ്രശ്‌നങ്ങളുമാണ് പ്രധാനപ്രശ്‌നങ്ങള്‍. കഴിഞ്ഞ അഞ്ചുവര്‍ഷം ഇത്തരം വിഷയങ്ങളില്‍ എന്ത് ചെയ്‌തെന്ന് മോദി വ്യക്തമാക്കണം. അഴിമതി, സാമ്പത്തികം, ദേശീയ സുരക്ഷ എന്നീ വിഷയങ്ങളില്‍ 15 മിനുട്ട് പരസ്യസംവാദത്തിനു മോദിയെ വെല്ലുവിളിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. അദ്ദേഹം ചോദ്യങ്ങള്‍ക്കു മുന്നില്‍ തന്റെ മുഖം കാണിക്കുന്നില്ലെന്നതാണു യാഥാര്‍ഥ്യമെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു.